International

മാര്‍ പോള്‍ മൂന്നാമന്‍ നോന: കല്‍ദായ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗികനാമം

Sathyadeepam

കല്‍ദായ കല്‍ദായ കത്തോലിക്കാസഭയുടെ പുതിയ പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചുബിഷപ് ആമെല്‍ ഷാമോണ്‍ നോന ഇനി അറിയപ്പെടുക പാത്രിയര്‍ക്കീസ് പോള്‍ മൂന്നാമന്‍ നോന എന്നായിരിക്കും. റോമില്‍ നടന്ന സിനഡിലാണ് അദ്ദേഹം പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ, ന്യൂസിലന്‍ഡിലെയും ആസ്‌ത്രേലിയായിലെയും കല്‍ദായ പ്രവാസികളുടെ രൂപതയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

വടക്കന്‍ ഇറാഖിലെ അല്‍ഖോഷില്‍ ജനിച്ച 59 കാരനായ പുതിയ കല്‍ദായ പാത്രിയര്‍ക്കീസ്, ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ പാത്രിയര്‍ക്കല്‍ സെമിനാരിയില്‍ നിന്നു വൈദികപഠനം പൂര്‍ത്തിയാക്കി 1997 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. പിന്നീട് റോമില്‍ ഉപരിപഠനം നടത്തുകയും ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടര്‍ന്ന് അല്‍ഖോഷിലെ ഇടവകകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കെ 2009 ല്‍ മോസുള്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പായി നിയമിതനായി.

ഇറാഖില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലയളവായിരുന്നു അത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നഗരം കൈയടക്കിയതിനെ തുടര്‍ന്ന് 2014 ല്‍ അദ്ദേഹത്തിനു മോസുള്‍ വിട്ടു പലായനം ചെയ്യേണ്ടി വന്നു. കല്‍ദായസഭയുടെ ആധുനിക ചരിത്രത്തിലെ നിര്‍ണായകസന്ദര്‍ഭമായിരുന്നു അത്. 2025 ല്‍ അദ്ദേഹം ആസ്‌ത്രേലിയാക്കും ന്യൂസിലന്റിനും വേണ്ടിയുള്ള സെ.തോമസ് കല്‍ദായ രൂപതയുടെ തലലവനായി നിയമിക്കപ്പെട്ടു.

കാര്‍ഡിനല്‍ റാഫേല്‍ സാകോ രാജിവച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കല്‍ദായ കത്തോലിക്കാസഭയ്ക്കു പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. മാര്‍ച്ച് 9 ന് അദ്ദേഹം രാജി വച്ചു. പിറ്റേന്ന്, അമേരിക്കയിലെ ഒരു കല്‍ദായമെത്രാന്‍ ബിഷപ് എമ്മാനുവേല്‍ ഷാലെറ്റായും രാജി വച്ചു. തെറ്റായ പണമിടപാടുകളെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മെത്രാന്റെ രാജി. ഈ മെത്രാനെതിരെ നടപടിയെടുക്കാതെ പിന്തുണ നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം പാത്രിയര്‍ക്കീസിനു നേരെ ഉയര്‍ന്നിരുന്നു.

സിനിമയിൽ ഒന്നും എളുപ്പം നേടാനാകില്ല: ലാൽജോസ്

വി. ആന്‍സലം (1033-1109) ഏപ്രില്‍ 21

ട്രാൻസ്ജെൻഡേഴ്സ്: ഒരു മനഃശാസ്ത്ര വായന

വി. യോഹന്നാൻ - Chap.6 [1of4]

വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20