

വത്തിക്കാന്റെ സമ്പർക്കമാധ്യമകാര്യാലയത്തിന്റെ അധ്യക്ഷയായി അല്‍മായ വനിതയായ മരിയ മോണ്ട്സെറാത്ത് അൽവാരാഡോ നിയമിതയായി. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇഡബ്ള്യുടിഎന്നിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി പ്രവർത്തിച്ചു വരികെയാണ് ചരിത്രപരമായ നിയമനം അവർക്കു ലഭിച്ചിരിക്കുന്നത്. കാര്യാലയത്തിന്റെ പ്രീഫെക്റ്റായിരുന്ന ഡോ. പൗളോ റുഫീനി സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
മെക്സിക്കൻ വംശജയായ ഡോ. മരിയ പിന്നീട് അമേരിക്കൻ പൌരത്വം നേടിയയാളാണ്. മെക്സിക്കോ സിറ്റിയിൽ ജനിച്ച അവർ, ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനങ്ങൾ പൂർത്തിയാക്കി. 2009 - 2023 കാലയളവില്‍ ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിൽ വിവിധ പദവികളിൽ പ്രവർത്തിച്ചു. 2023 മുതൽ, എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വാർത്താ വിഭാഗമായ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സേവനം ചെയ്തു വരികയാണ്. ടെലിവിഷൻ, പ്രിന്റ്, റേഡിയോ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലുടനീളം ഏഴ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയാണ് ഇഡബ്ല്യുടിഎൻ.
വത്തിക്കാന്റെ വിവിധ മാധ്യമസംരംഭങ്ങളെ സംയോജിപ്പിച്ച്, 2015-ൽ ഫ്രാൻസിസ് മാർപാപ്പ രൂപീകരിച്ച ഈ കാര്യാലയത്തിന്റെ 11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു അല്‍മായ വനിത അതിന്റെ തലപ്പത്തു നിയമിക്കപ്പെടുന്നത്. വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ റേഡിയോ, മുഖപത്രമായ എൽ'ഒസ്സർവറ്റോരെ റൊമാനോ, വത്തിക്കാൻ മീഡിയ, വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് & പ്രിന്റിംഗ് പ്രസ്സ്, ഫിലിമോട്ടെക്ക വത്തിക്കാന, ഹോളി സീ പ്രസ് ഓഫീസ് എന്നിവയുൾപ്പെടെ വത്തിക്കാന്റെ വിവിധ ആശയവിനിമയ സ്ഥാപനങ്ങളാണ് ഈ കാര്യാലയത്തിനു കീഴിൽ പ്രവര്‍ത്തിക്കുന്നത്. അഞ്ച് വർഷത്തേക്കാണ്, വത്തിക്കാന്റെ മുഴുവൻ മാധ്യമ ശൃംഖലയുടെയും മേൽനോട്ടചുമതലയുള്ള പദവിയിലേക്ക് മരിയ മോണ്ട്സെറാത്ത് അൽവാരാഡോ നിയമിതയായിരിക്കുന്നത്.
ഒരു വനിതയെ നേരത്തെ വത്തിക്കാൻ പ്രസ് ഓഫീസ് അസി. ഡയറക്ടറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരുന്നു. വത്തിക്കാൻ കാര്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും വനിതകൾക്ക് ഉന്നതപദവികൾ നൽകുന്നതിനു തുടക്കമിട്ട ഫ്രാൻസിസ് പാപ്പായുടെ ശൈലി ലിയോ പാപ്പായും പിന്തുടരുമെന്നതിനു സൂചനയായി ഈ നിയമനം കണക്കാക്കപ്പെടുന്നുണ്ട്.