International

കോംഗോ: സഭയുടെ പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു

Sathyadeepam

കോംഗോയില്‍ കത്തോലിക്കാ അല്മായ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രക്ഷോഭത്തിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്‍റ് ജോസഫ് കബില സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം നടക്കുന്നത്. സമരങ്ങള്‍ക്ക് സഭാനേതൃത്വത്തിന്‍റെ പിന്തുണയുണ്ട്. കോംഗോയിലെ പ്രശ്നത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇടപെട്ടിരുന്നു. കോംഗോയില്‍ സമാധാനസ്ഥാപനത്തിനായി ആഗോളതലത്തില്‍ ഒരു ഉപവാസപ്രാര്‍ത്ഥനാദിനം നടത്തണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചു രണ്ടു ദിവസത്തിനുള്ളിലാണ് കൊലകള്‍ അരങ്ങേറിയത്. ഞായറാഴ്ച മിക്ക പ്രദേശങ്ങളിലും സമരപരിപാടികള്‍ നടന്നത് പള്ളികളോടനുബന്ധിച്ചായിരുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഓരോ പ്രക്ഷോഭങ്ങള്‍ ഇതേ വിധത്തില്‍ നടത്തുകയും അവയില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കബില സ്ഥാനമൊഴിയുകയും നീതിപൂര്‍വകമായ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുകയും ചെയ്യണമെന്നതാണ് സഭയുടെ ആവശ്യം. മൂന്നാം വട്ടം പ്രസിഡന്‍റാകുവാന്‍ കബില മത്സരിക്കരുതെന്നും അതു നിയമവിരുദ്ധമാണെന്നും കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സംഘം വ്യക്തമാക്കുന്നു. സ്വേച്ഛാധിപത്യപ്രവണതകള്‍ പുലര്‍ത്തുന്ന കബില തിരഞ്ഞെടുപ്പു തുടര്‍ച്ചയായി മാറ്റി വച്ചു സ്ഥാനത്തു തുടരാന്‍ ശ്രമിക്കുകയാണ് കോംഗോയില്‍.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും