രണ്ടാം ലോകമഹായുദ്ധകാലത്ത് റോമില്‍ 6500 യഹൂദരുടെ ജീവന്‍ രക്ഷിച്ച മോണ്‍. ഹഗ് ഒ ഫ്‌ളാഹെര്‍ട്ടി യുടെ തിരുപ്പട്ടത്തിന്റെ ശതാബ്ദി വേളയില്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള സ്റ്റാമ്പ് ഐര്‍ലണ്ടിലെ പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കി. റോമന്‍ കൂരിയായിലെ തന്റെ പദവി ഉപയോഗിച്ചാണ് മോണ്‍. ഫ്‌ളാഹെര്‍ട്ടി ഇതു ചെയ്തത്.
റോമിലായിരുന്ന യഹൂദരെ ആശ്രമങ്ങളിലും മഠങ്ങളിലും വത്തിക്കാന്‍ കെട്ടിടങ്ങളിലും ഒളിപ്പിച്ചു താമസിപ്പിക്കുക യായിരുന്നു അദ്ദേഹം. മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ പോലും അദ്ദേഹം യഹൂദര്‍ക്ക് അഭയമേകി.
ഇറ്റലിയെ അധിനിവേശപ്പെടുത്തിയിരുന്ന നാസി സൈന്യത്തിന് വത്തിക്കാന്‍ അധീനതയി ലുള്ള പ്രദേശത്തേക്കു പ്രവേശിക്കാനുള്ള പരിമിതികളെ പ്രയോജനപ്പെടുത്തുകയായിരുന്നു മോണ്‍. ഫ്‌ളാഹെര്‍ട്ടി. അദ്ദേഹത്തെ റോമിലെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവായി നാസി സൈന്യം കണക്കാക്കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. വത്തിക്കാനു പുറത്തേക്ക് അദ്ദേഹം പലപ്പോഴും വേഷം മാറി സഞ്ചരിച്ചു.
റോമിലെ നാസി കമാന്‍ഡറായിരുന്ന കേണല്‍ ഹെര്‍ബെര്‍ട്ട് കാപ്ലര്‍ പല തവണ മോണ്‍. ഫ്‌ളാഹെര്‍ട്ടിയെ പിടിക്കാനും കൊലപ്പെടു ത്താനും ശ്രമിച്ചു. ഒന്നും വിജയിച്ചില്ല. യുദ്ധാനന്തരം ഒരു കൂട്ടക്കൊലയുടെ പേരില്‍ ക്ലാപ്പര്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടു റോമിലെ ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ഏക സന്ദര്‍ശകനായിരുന്നു മോണ്‍. ഫ്‌ളാഹെര്‍ട്ടി. മാസം തോറും കാപ്ലറെ സന്ദര്‍ശിച്ചുകൊണ്ടിരുന്ന മോണ്‍. ഫ്‌ളാഹെര്‍ട്ടി 1959-ല്‍ അദ്ദേഹത്തിനു ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു. ഐര്‍ലണ്ടാണ് മോണ്‍. ഫ്‌ളാഹെര്‍ട്ടിയുടെ ജന്മനാട്.