കനത്ത ഭീതിയും സംഘര്‍ഷങ്ങളും ആണവാക്രമണസാദ്ധ്യതയും മുദ്രകളായിട്ടുള്ള ഒരു മൂന്നാം ലോകമഹായുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണു ലോകമെന്നും നീതി, സമാധാനം, ഐകമത്യം, സ്വാതന്ത്ര്യം എന്നിവയോടുള്ള പുനഃപ്രതിബദ്ധത കൊണ്ട് സമാധാനത്തിലേക്കുള്ള പാത കണ്ടെത്താന്‍ കഴിയുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഉക്രെയനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനു പുറമെ സിറിയ, പടിഞ്ഞാറന്‍ ആഫ്രിക്ക, എത്യോപ്യ, ഇസ്രായേല്‍, മ്യാന്മാര്‍, കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലേക്കും പാപ്പാ വിരല്‍ ചൂണ്ടി. വിവിധ ലോകരാജ്യങ്ങളുടെ വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
ആണാവായുധങ്ങള്‍ സൂക്ഷിക്കുന്നത് അധാര്‍മ്മികമാണെന്നും മാരകായുധങ്ങള്‍ വികസിപ്പിച്ചുകൊണ്ട് അക്രമത്തെ പ്രതിരോധിക്കാമെന്ന ചിന്താഗതി അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഈ ചിന്താഗതി മാറ്റുകയും സമഗ്രമായ നിരായുധീകരണത്തിനു നേര്‍ക്കു നീങ്ങുകയും വേണം. മരണത്തിന്റെ ഉപകരണങ്ങള്‍ പെരുകുമ്പോള്‍ സമാധാനം സാദ്ധ്യമാകില്ല. ഭ്രൂണഹത്യ, വധശിക്ഷ തുടങ്ങിയവയും അവസാനിപ്പിക്കണം. മനുഷ്യജീവനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കുക എന്നത് ഭരണകൂടങ്ങളുടെ പ്രാഥമിക കടമയാണ്. -മാര്‍പാപ്പ വിശദീകരിച്ചു.