അമേരിക്കന്‍ ഐക്യനാടുകളിലെ ജോര്‍ജിയ സംസ്ഥാനത്തില്‍ 1597-ല്‍ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 നു സാവന്നയില്‍ നടന്ന പ്രഖ്യാപന ചടങ്ങുകള്‍ക്ക് പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയായി ടൊറന്റോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫ്രാങ്ക് ലിയോ നേതൃത്വം നല്‍കി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്‌പെയിനില്‍ നിന്ന് ജോര്‍ജിയന്‍ തീരദേശ മേഖലയിലെ ‘ഗ്വാലെ’ വംശജര്‍ക്കിടയില്‍ സുവിശേഷ പ്രചാരണത്തിനും സേവനത്തിനുമായി എത്തിയ അഞ്ച് വൈദികരാണ് ‘ജോര്‍ജിയ രക്തസാക്ഷികള്‍‘ എന്ന പേരില്‍ അറിയപ്പെടുന്നത്. പെദ്രോ ദേ കോര്‍പ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവേല്‍ ദേ അന്യോന്‍, അന്തോണിയോ ദേ ബദാഹോസ്, ഫ്രാന്‍സിസ്‌കോ ദേ വെരാസ്‌കോള എന്നിവരാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
രക്തസാക്ഷികളുടെ ത്യാഗം ആഗോള കത്തോലിക്കാ സഭയ്ക്കുള്ള വലിയൊരു സമ്മാനമാണെന്ന് കര്‍ദിനാള്‍ ഫ്രാങ്ക് ലിയോ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും ധ്രുവീകരണത്തിനും എതിരെയുമുള്ള സന്ദേശമാണ് ഈ മിഷനറിമാരുടെ ജീവിതം നല്‍കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.