ബംഗാളിൽ ക്രൈസ്തവരെ വീണ്ടും ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍; ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ ആക്രമണം

Hindutva proponents target Christians once again in Bengal; attack occurs during the consecration of a Christian place of worship
Published on: 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണം വീണ്ടും തുടര്‍ക്കഥ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച ആംഗ്ലിക്കന്‍ പള്ളിയുടെ കൂദാശ കർമങ്ങൾക്കിടെയാണ് ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്. ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബാരക്‌പുർ രൂപതാധ്യക്ഷന്‍ സുബ്രതോ ചക്രവർത്തി, വൈദികർ, സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിലേക്ക് മുപ്പതോളംവരുന്ന അക്രമിസംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.

തിരുകര്‍മ്മം തടസ്സപ്പെടുത്തിയ അക്രമികള്‍ പള്ളിവളപ്പിൽ നാശനഷ്‌ടങ്ങൾ വരുത്തുകയും കുരിശ് തകർക്കുകയും ചെയ്‌തു. തടയാൻ ശ്രമിച്ച വൈദികരെയും സംഘാടക പ്രതിനിധികളെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചവരുടെ ഫോണുകൾ തകർത്തതായി പോലീസ് വെളിപ്പെടുത്തി. യാതൊരു മതപരമായ ചടങ്ങുകളും നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയായിരിന്നു ആക്രമണം. 

ക്രൈസ്തവ സംഘടനയായ 'ബംഗീയ ക്രിസ്‌തീയ പരിസേബ' (ബിസിപി) ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ വെസ്റ്റ് ബംഗാളില്‍ ആക്രമണം രൂക്ഷമാണ്. പൂർബ മെഡ്നിപൂർ, പടിഞ്ഞാറന്‍ മെഡ്നിപൂർ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു. മെയ് 4ന് ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പോലീസിന്റെ സമീപനത്തിൽ മാറ്റം വന്നതായി ആക്രമണത്തെ അതിജീവിച്ച പലരും പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലുള്ള പാൻസ്കുരയിലെ വെസ്റ്റ് അർജുൻഡ ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരുടെ സംഘം ബലിചക് കത്തോലിക്കാ ഇടവകയ്ക്ക് കീഴിലുള്ള 'ക്രൈസ്റ്റ് ദി കിംഗ് മിഷൻ ചർച്ചിലെ അംഗങ്ങളായ കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരിന്നു. ബൈബിള്‍ നശിപ്പിച്ചും വസ്ത്രാക്ഷേപം നടത്തിയുമായിരിന്നു ആക്രമണം.