കൊച്ചി : നമ്മുടെ കാഴ്ചപ്പാടുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴാണ് കവിതയുടെ സാധ്യതകൾ കൂടുന്നതെന്ന് പ്രൊഫ. എസ്. ജോസഫ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷ വാരാചരണത്തിന്റെ നാലാം ദിവസം മലയാള കവിത ആസ്വാദനം, പുതിയ വഴിതിരിവുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ പ്രതലം മാറി, സൈബർ ഇടത്തിലേക്ക് മാറി. മാറുന്ന ലോകത്ത് മാത്രമേ പുതിയ കവിതകൾക്ക് സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതികമായ വലിയ ഉണർവ്വ്കളോടെയാണ് ഇന്ന് കവിതകൾ കടന്നുവരുന്നത്. പുതിയ കവിതയുടെ പ്രശ്നം സന്ദേഹാസ്പദമാണ് എന്നും എസ്. ജോസഫ് തുടർന്ന് പറഞ്ഞു. കവി സെബാസ്റ്റ്യൻ, കവിതയുടെ ആസ്വാദനത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും കവിത ആലാപനം നടത്തുകയും ചെയ്തു. കെ പി അജിത് കുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. എന്നിവർ പ്രസംഗിച്ചു.
ബഷീർ അഹമ്മദ് രചിച്ച്, അശോകൻ അർജുനൻ സംഗീതം നൽകി, ഗണേഷ് പ്രഭു ആലപിച്ച ക, ച, ട, ത, പ.. മലയാള അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ കവിത അവതരിപ്പിച്ചു.