International

പരമ്പരാഗതായുധങ്ങളുടെ വ്യാപനം സമാധാനസ്ഥാപനത്തിന് വിഘാതം-വത്തിക്കാന്‍

Sathyadeepam

പരമ്പരാഗത ആയുധങ്ങളുടെ അവിരാമ വ്യാപനവും ദുരുപയോഗവും അന്താരാഷ്ട്ര ബന്ധങ്ങളില്‍ സമാധാനവും വിശ്വാസവും കൈവരിക്കുന്നതിന് മുഖ്യപ്രതിബന്ധം ആണെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ എണ്‍പതാമത് യോഗം പരമ്പരാഗത ആയുധങ്ങളെ അധികരിച്ചു നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.

സ്ഥിരത വളര്‍ത്തുന്നതിനു പകരം, അവയുടെ അനിയന്ത്രിതമായ വ്യാപനം അവിശ്വാസം വളര്‍ത്തുകയും അക്രമത്തെ പോഷിപ്പിക്കുകയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് കാച്ച പറഞ്ഞു. സൈനികച്ചെലവ് ക്രമാതീതമായി വര്‍ധിച്ചുവരുന്നതു ഖേദകരമായ അവസ്ഥയാണ്.

ഈ തുക അവശ്യ മാനവിക ആവശ്യങ്ങള്‍ക്കും സമഗ്ര മാനവ വികസനത്തിനും വിനിയോഗിക്കുന്നതിനു പകരം, ഈ വിഭവങ്ങള്‍ സമാധാനാന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്ന ഭയത്തിന്റെയും വിഭജനത്തിന്റെയും മാതൃകകളെ അരക്കിട്ടുറപ്പിക്കുന്നു. കൂട്ടബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനായുധങ്ങളുടെ നിരോധനം അടിയന്തരാവശ്യമാണ്.

ചെറു ആയുധങ്ങളുടെയും ലഘുവായുധങ്ങളുടെയും നിയമവിരുദ്ധ കടത്തും തടയേണ്ടതാണ്. ആയുധബലത്തിലൂടെ സുരക്ഷ സാധ്യമാണെന്ന മിഥ്യാധാരണ വെടിഞ്ഞ് സംഭാഷണം, നീതി, മനുഷ്യജീവന്റെ അന്തസ്സ് എന്നിവയില്‍ അധിഷ്ഠിതമായ ഒരു സമാധാനം കെട്ടിപ്പടുക്കാന്‍ നിരന്തരം പരിശ്രമിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ അഭ്യര്‍ഥന ആര്‍ച്ചുബിഷപ്പ് കാച്ച നവീകരിച്ചു.

മെത്രാന്മാര്‍ക്കുള്ള പ്രഥമ പാഠം, എളിമ - ലിയോ പതിനാലാമന്‍ മാര്‍പാപ്പ

മദര്‍ ഏലീശ്വാ: ചരിത്രത്തില്‍ വീശുന്ന തീരക്കാറ്റ്

കൊച്ചിയിലെ കപ്പലൊച്ചകള്‍ [12]

''മതില്‍പണി''യുടെ വര്‍ഷാചരണം എന്തിന്?

വിശുദ്ധ ന്യൂമാന്‍ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍