International

അക്രമ സംസ്‌കാരത്തെ കീഴടക്കാന്‍ പാപ്പ - ഇമാം സംയുക്ത പ്രഖ്യാപനം

Sathyadeepam

കത്തോലിക്ക, മുസ്ലിം മതപാരമ്പര്യങ്ങള്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളെ, അക്രമത്തിന്റെ സംസ്‌കാരത്തെ പരാജയപ്പെടുത്തുന്നതിനായി ഫലപ്രദമായി ഉപയോഗിക്കണമെന്ന് മാര്‍പാപ്പയും ഇന്തോനേഷ്യയിലെ മുസ്ലിം മതാചാര്യനായ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനം ആവശ്യപ്പെടുന്നു. 'മാനവികതയ്ക്കായി മതസൗഹാര്‍ദം വളര്‍ത്തുക' എന്ന പേരിട്ട പ്രഖ്യാപനം 'ഇസ്തിഖാല്‍ സംയുക്ത പ്രഖ്യാപനം 2024' എന്ന പേരിലാണ് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയമായ ഇസ്തിഖാല്‍ മോസ്‌കില്‍ വച്ച് പുറത്തിറക്കിയത്.

മാനവീകതയും മതാന്തര സംഭാഷണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഇരു മതനേതാക്കളും പ്രഖ്യാപനത്തില്‍ ആഹ്വാനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം പുറപ്പെടുവിക്കപ്പെട്ടത്.

മാനവഹൃദയത്തോട് സംസാരിക്കാനും അപ്രകാരം മനുഷ്യാന്തസ്സിനോടുള്ള ഗാഢമായ ആദരവ് വളര്‍ത്താനുമുള്ള സവിശേഷസിദ്ധി നമ്മുടെ മതവിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഉണ്ടെന്ന് പ്രഖ്യാപനത്തില്‍ ഇരു മതനേതാക്കളും ചൂണ്ടിക്കാട്ടുന്നു.

ഒരേസമയം രണ്ടര ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇസ്തിഖാല്‍ മോസ്‌ക് ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നാണ്. ഇന്തോനേഷ്യയിലെ 24.2 കോടി വരുന്ന മുസ്ലീങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ആരാധനാലയവുമാണ് ഇത്.

2019 ല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഈജിപ്തിലെ അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാം അഹ്മ്മദ് എല്‍ തൈ്വബുമായി ചേര്‍ന്ന് പുറപ്പെടുവിച്ച അബുദാബി പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്ന സുപ്രധാനമായ ഒരു രേഖയായി ഈ പ്രഖ്യാപനം മാറുമെന്നു കരുതപ്പെടുന്നു.

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ