വിവാഹം, പാലിക്കപ്പെടേണ്ട ഒരു ചട്ടമല്ലെന്നും ദൈവം നല്‍കുന്ന വരദാനമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഒരു നിയമം പാലിക്കാന്‍ വേണ്ടിയോ സഭ ആവശ്യപ്പെടുന്നു എന്നതുകൊണ്ടോ ഒരു വിരുന്നുസല്‍ക്കാരം നടത്താന്‍ വേണ്ടിയോ അല്ല നിങ്ങള്‍ വിവാഹം ചെയ്യുന്നത്. നിങ്ങള്‍ വിവാഹം ചെയ്യുന്നത്, വിവാഹത്തെ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമാക്കാനാണ്. അതു പാറ പോലെ ഉറച്ചതാണ്. ഒരു സ്ത്രീയും പുരുഷനും സ്‌നേഹത്തിലാകുമ്പോള്‍ ദൈവം അവര്‍ക്കു നല്‍കുന്ന സമ്മാനമാണ് വിവാഹം. ഉജ്ജ്വലമായ ഒരു സമ്മാനം. അതില്‍ ദൈവികസ്‌നേഹമുണ്ട്. ശക്തവും സുസ്ഥിരവും വിശ്വസ്തവും പരാജയങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതുമായ സ്‌നേഹം. -മാര്‍പാപ്പ വിശദീകരിച്ചു. കത്തോലിക്കാസഭയുടെ പത്താമത് ആഗോള കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. ലോകമെങ്ങും നിന്നുള്ള രണ്ടായിരത്തോളം കുടുംബങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവാഹത്തില്‍ ക്രിസ്തു തന്നെത്തന്നെ ദമ്പതികള്‍ക്കു നല്‍കുന്നതായി മാര്‍പാപ്പ പറഞ്ഞു. ദമ്പതികള്‍ക്കു പരസ്പരം നല്‍കാനുള്ള കരുത്തുണ്ടാകുന്നതിനു വേണ്ടിയാണ് അത്. കൂദാശയുടെ വരദാനം കൊണ്ട് ദൈവം ദാമ്പത്യത്തെ ഒരു വിസ്മയകരമായ യാത്രയാക്കി മാറ്റുന്നു. അവിടുന്ന് ഒപ്പമുള്ള യാത്ര. ദമ്പതികള്‍ തനിച്ചല്ല. യഥാര്‍ത്ഥത്തില്‍ കൈവരിക്കാനാകാത്ത മനോഹരമായ ഒരാദര്‍ശമല്ല കുടുംബം. വിവാഹത്തിലും കുടുംബജീവിതത്തിലും ദൈവം തന്റെ സാന്നിദ്ധ്യം ഉറപ്പു നല്‍കുന്നു. വിവാഹദിനത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം അവിടുന്നു ദമ്പതികള്‍ക്കൊപ്പമുണ്ടാകും. - മാര്‍പാപ്പ വിശദീകരിച്ചു.