International

കര്‍ക്കശവ്യവസ്ഥകളുമായി കാനോന്‍ നിയമപരിഷ്‌കാരം

Sathyadeepam

ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷാവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് കാനോന്‍ നിയമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പരിഷ്‌കരണം നടപ്പിലാക്കി. ഏതാണ്ട് ഒരു ദശകമായി നിയമപരിഷ്‌കരണത്തിനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു. കുറ്റം ചെയ്യുന്നവര്‍ക്ക് സഭയില്‍ നിന്നു കരുണയും തിരുത്തലും ആവശ്യമാണ് എന്നു മാര്‍പാപ്പ വ്യക്തമാക്കി.
കാനോന്‍ നിയമത്തിലെ സാമ്പത്തിക, ധനകാര്യ വിഷയങ്ങളിലേക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിഷ്‌കരണം ലൈംഗിക ചൂഷണങ്ങളെ കൂടുതല്‍ ശിക്ഷാര്‍ഹമായ വകുപ്പിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികചൂഷണങ്ങളും കുട്ടികള്‍ ഉള്‍പ്പെടുന്ന പോര്‍ണോഗ്രഫിയും ഇനി മുതല്‍ 'വ്യക്തിയുടെ ജീവനും അന്തസ്സിനും സ്വാതന്ത്ര്യത്തിനും എതിരായ കുറ്റകൃത്യങ്ങള്‍' ആയിട്ടാണു പരിഗണിക്കപ്പെടുക. പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും പുറമെ സഭയുമായി ബന്ധപ്പെട്ട അല്മായരും ലൈംഗികചൂഷണങ്ങള്‍ക്കു സഭാപരമായ ശിക്ഷകള്‍ക്ക് വിധേയരായിരിക്കും.
സഭയില്‍ ക്രിമിനല്‍ നിയമം പ്രയോഗിക്കുന്നതില്‍ അമിതമായ ലാഘവത്വം ഉണ്ടായിരുന്നതായി നിയമപരിഷ്‌കാരങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ നിയമപാഠ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ ലാന്നണ്‍ അഭിപ്രായപ്പെട്ടു. നീതിയും കരുണയും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെറ്റിദ്ധാരണകളാണ് ഈ ലാഘവത്വത്തിനു കാരണമായത്. ശിക്ഷകളെ വെറും സാദ്ധ്യതകളായി മാത്രമാണ് പല നിയമത്തിലെ പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിരുന്നത്. ശിക്ഷ പ്രയോഗിക്കുന്നത് കാരുണ്യമില്ലായ്മയാണെന്ന പ്രതീതിയാണ് അതു നല്‍കിയിരുന്നത്. ബാലലൈംഗിക ചൂഷണം സംബന്ധിച്ച ഗുരുതരമായ കുറ്റകൃത്യങ്ങളാണ് സഭയിലെ ശിക്ഷാനിയമത്തെ കുടുതല്‍ കര്‍ക്കശമാക്കാനുള്ള പ്രധാനകാരണം – അദ്ദേഹം വ്യക്തമാക്കി.
2021 ഡിസംബര്‍ എട്ടിനാണു പുതിയ കാനോന്‍ നിയമവ്യവസ്ഥകള്‍ പ്രാബല്യത്തിലാകുക.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും