International

ഗള്‍ഫ് കത്തോലിക്കരുടെ ആത്മീയാദ്ധ്യക്ഷനായിരുന്ന ബിഷപ് ബാലിന്‍ നിര്യാതനായി

Sathyadeepam

കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തര അറേബ്യന്‍ വികാരിയത്തിന്‍റെ അപ്പസ്തോലിക് വികാരിയായിരുന്ന ബിഷപ് കമില്ലോ ബാലിന്‍ (76) അന്തരിച്ചു. കോംബോനി മിഷണറി സമൂഹത്തില്‍ അംഗമായിരുന്ന ബിഷപ് ബാലിന്‍ റോമില്‍ അവരുടെ ജനറലേറ്റില്‍ ചികിത്സയിലായിരുന്നു.

ഇറ്റലിയിലെ പാദുവ സ്വദേശിയായ ബിഷപ് ബാലിന്‍ വൈദികനായ ഉടനെ അറബി ഭാഷാ പഠനത്തിനായി ലെബനോനില്‍ എത്തിയതാണ്. അറബിയില്‍ അവഗാഹം നേടിയ ശേഷം ഈജിപ്തിലെ കെയ്റോ ജില്ലയില്‍ ഇടവക വികാരിയായി സേവനമാരംഭിച്ചു. പിന്നീട് അവിടെ സെമിനാരി പ്രൊഫസറും കോംബോനി മിഷണറീസിന്‍റെ പ്രൊവിന്‍ഷ്യലുമായി. കുറെ വര്‍ഷങ്ങള്‍ സുഡാനിലും സേവനം ചെയ്തു. അറബി ഭാഷയിലുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം ഇസ്ലാമിക വിഷയങ്ങളില്‍ സഭയ്ക്ക് ആശ്രയിക്കാവുന്ന ഒരു പണ്ഡിതനായിരുന്നു.

2005-ല്‍ അദ്ദേഹം കുവൈറ്റിന്‍റെയും 2011-ല്‍ ഉത്തര അറേബ്യന്‍ വികാരിയാത്തിന്‍റെയും അപ്പസ്തോലിക് വികാരിയായി. ഈ രാജ്യങ്ങളില്‍ അധിവസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 25 ലക്ഷത്തോളം കത്തോലിക്കരുടെ ആത്മീയാവശ്യങ്ങളും മതബോധനവും നിറവേറ്റുന്നതിനു വലിയ സംഭാവനകളാണ് ബിഷപ് ബാലിന്‍ ചെയ്തത്. ബഹ്റിനിലെ പുതിയ കത്തീഡ്രലിന്‍റെ നിര്‍മ്മാണമാണ് അദ്ദേഹം ഏറ്റവും അവസാനം നിര്‍വഹിച്ച പ്രധാന ദൗത്യങ്ങളിലൊന്ന്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം