മേഴ്‌സി ജോസഫ് കെ. ആലുക്കല്‍, ചെങ്ങല്‍, കാലടി
'എന്റെ ദൈവം കത്തോലിക്കനല്ല', 'എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണ്' തുടങ്ങി പാപ്പായുടെ ചില പ്രസ്താവനകള്‍ കുറേ പേര്‍ക്കെങ്കിലും അതൃപ്തിക്കു കാരണമായിട്ടുണ്ട്. കത്തോലിക്കാസഭയെ അറിയാന്‍, അങ്ങനെ നമ്മെത്തന്നെ അറിയാന്‍, സഭാചരിത്രത്തിലെ ഏതാനും ചില വസ്തുതകള്‍ മാത്രം ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നു.
സഭയിലെ ആദ്യ നൂറ്റാണ്ടുകളില്‍ 'സഭാ പിതാക്കന്മാര്‍' മതവൈവിധ്യത്തെ ആദരിച്ചിരുന്നു. നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമാര്‍ഗം റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിതമായതോടെ ഇതര മതങ്ങളോടുള്ള ക്രൈസ്തവ സമീപനം ആകെ മാറി. റോമന്‍ നാഗരികതയിലെ പല ആചാരങ്ങളും പ്രതീകങ്ങളും ഉള്‍ക്കൊണ്ട്, ക്രിസ്തുമാര്‍ഗം വ്യവസ്ഥാപിത 'ക്രിസ്തുമത'മായി പരിണമിച്ചു. അഞ്ചാം നൂറ്റാണ്ടു മുതല്‍ 'സഭയ്ക്കു പുറമേ രക്ഷയില്ല' എന്ന സമീപനമാണ് സഭ കൈക്കൊണ്ടത്.
ഈ മനോഭാവത്തിന് കത്തോലിക്കാസഭയില്‍ മാറ്റം വന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ് (1962-1965). ക്രൈസ്തവേതര മതങ്ങളില്‍ ആഴമായ ദൈവാനുഭൂതിയുറ്റ ദര്‍ശനങ്ങളുണ്ടെന്നും പാശ്ചാത്യ ക്രൈസ്തവലോകം തിരിച്ചറിയാന്‍ തുടങ്ങി. ദിവ്യതയുടെ പ്രകാശവലയത്തില്‍ മനുഷ്യര്‍ വ്യാപരിക്കുന്നതുകൊണ്ട്, അവരെ പ്രചോദിപ്പിക്കുന്ന മതങ്ങളെ ആദരവോടെ കാണണമെന്ന് സഭ ആവശ്യപ്പെടുന്നു. വത്തിക്കാന്‍ കൗണ്‍സിലിലൂടെ കത്തോലിക്കാസഭ ഇതര മതങ്ങളുടെ നേരെ ഒരു വാതില്‍ തുറന്നിട്ടെങ്കില്‍, ഏഷ്യന്‍ സഭാ സമൂഹങ്ങള്‍ ഒന്നിനൊന്ന് കൂടുതല്‍ വാതിലുകള്‍ തുറന്നു. ഇതിന് ഏറ്റവുമധികം നേതൃത്വം നല്‍കിയത് 'ഏഷ്യന്‍ മെത്രാന്‍ സമിതി'യാണ്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലേയും കത്തോലിക്കാമെത്രാന്മാര്‍ ചേരുന്ന സമിതിയാണിത്.
''പരമനിഗൂഢതയായ ദിവ്യതയെത്തേടിയുള്ള ആത്മീയയാത്രയില്‍ വിടരുന്ന ലോകമതങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഒരു മതത്തിനും കേവലസ്വഭാവം അവകാശപ്പെടാനാകില്ല. ഇതര മതങ്ങളുടെ പ്രമാണമായി പ്രത്യക്ഷപ്പെടാനുമാകില്ല.'' (ഏഷ്യന്‍ മെത്രാന്‍ സമിതി, സെമിനാര്‍ പ്രസ്താവന 28-10-1995, 6). ''മറ്റു മതഗ്രന്ഥങ്ങള്‍ ആദരവോടെ വായിക്കുമ്പോള്‍, അവയില്‍ സ്പന്ദിക്കുന്ന ദൈവവചനത്തിന്റെ സാന്നിധ്യം - യേശുവില്‍ നാമനുഭവിച്ച അതേ വചനത്തിന്റെ പ്രകാശനം - നമുക്കു കാണാനാകും. ഇതരമതങ്ങളിലുള്ളവരുടെ ജീവിതരീതികള്‍ നിരീക്ഷിക്കുമ്പോള്‍, അവരെ നയിക്കുന്ന ദൈവാത്മാവിന്റെ പ്രവര്‍ത്തനം - യേശുവില്‍ തെളിഞ്ഞ അതേ ദൈവാത്മാവിന്റെ ശക്തി - നമ്മെ വിസ്മയിപ്പിക്കും. ഒരേയൊരു ദൈവത്തിന്റെ ഒരൊറ്റ രക്ഷാപദ്ധതിയില്‍ എല്ലാ മനുഷ്യരും മതസമൂഹങ്ങളും പങ്കുചേരുന്നു. മതങ്ങളിലെ വൈവിധ്യം ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ഭാഗമാണ്.'' (ഏഷ്യന്‍ മെത്രാന്‍ സമിതി, മതസമന്വയ സെമിനാര്‍ 13-07-1999, 3.1)
''ഓരോ മതവും ദൈവിക നിഗൂഢതയിലേക്കുള്ള സവിശേഷമായ ഒരുള്‍ക്കാഴ്ച പകര്‍ന്നു തരുന്നുണ്ട്. വിവിധ മതവിശ്വാസികളായ നാമെല്ലാം സഹതീര്‍ഥാടകരാണ്... അങ്ങനെ നാം സഹയാത്രികളായി മനുഷ്യയാതനകളില്‍ പങ്കുചേരുന്നു, നീതിക്കും സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഒന്നിച്ചു നീങ്ങുകയും ചെയ്യുന്നു'' (ഏഷ്യന്‍ മെത്രാന്‍ സമിതി, സെമിനാര്‍ പ്രസ്താവന 28-10-1995, 6). ഇവിടെ ഒന്നു വ്യക്തമാണ്: ദൈവം എല്ലാ മതങ്ങളേക്കാളും വലിയവനാണ്; എല്ലാ മതങ്ങളിലൂടെയും ദൈവം മനുഷ്യനെ വഴി നടത്തുന്നുണ്ട്.
ദൈവരാജ്യത്തിന്റെ സാക്ഷാല്‍ അവകാശികള്‍ 'നീതിയും സ്‌നേഹവും തേടുന്ന എല്ലാവരുമാണ്' എന്ന സത്യം യേശു തന്റെ ഉപമകളിലൂടെയും പ്രബോധനങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ ജനം എന്ന അവകാശം ഉന്നയിക്കുന്ന ഒരു വ്യവസ്ഥാപിത മതത്തിലെ അംഗമായതുകൊണ്ടുമാത്രം സംലഭ്യമാകുന്ന ആനുകൂല്യമല്ല അത്. ഇതര മതസ്ഥരോടുള്ള യേശുവിന്റെ ഈ തുറന്ന മനോഭാവം യാഥാസ്ഥിതികരായ ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കും മറ്റും ഒട്ടും സ്വീകാര്യമല്ലായിരുന്നു.
തന്റെ പിതാവിന്റെ ആലയം അശുദ്ധമാക്കുന്നവരെ ചാട്ടവാറുകൊണ്ട് പുറത്താക്കാന്‍ വന്ന ക്രിസ്തുവിന്റെ വഴിയിലായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ സഞ്ചാരം. കേട്ടു തഴമ്പിച്ച ആചാരാനുഷ്ഠാനങ്ങളുടെ കെട്ടുപാടുകളോട് അദ്ദേഹം കലഹിച്ചു. പാപ്പായെ സംബന്ധിച്ച് ദൈവത്തിന്റെ പേര് അത് 'കരുണ'യായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും സ്ത്രീകളേയും ഭിന്നലിംഗക്കാരേയും അഭയാര്‍ഥികളേയും എന്നല്ല ഈ ഭൂമി മുഴുവനേയും ചേര്‍ത്തുപിടിച്ച, വിശ്വാസികളുടെ നല്ലിടയന് നന്ദി നിറഞ്ഞ, സ്‌നേഹം നിറഞ്ഞ ആദരാഞ്ജലികള്‍. പാപ്പായോട് ആദരവു കാണിക്കാന്‍ അദ്ദേഹം തെളിച്ച പാതയിലൂടെ നടക്കണം. പാപ്പായുടെ 'വിവാദ' പ്രസ്താവനകള്‍ക്ക് 'സത്യദീപ'ത്തിലൂടെ നല്ലൊരു വിശദീകരണം നല്കി ദൈവജനത്തെ പ്രബുദ്ധരാക്കിയ ഡോ. വിന്‍സെന്റ് കുണ്ടുകുളം അച്ചന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.