Letters

കടന്നുപോകാത്ത സാക്ഷ്യം

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ഫെബ്രുവരി 27-ലെ സത്യദീപത്തില്‍ ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖത്തില്‍ സി. സുമ എസ്ഡി വെളിപ്പെടുത്തിയ നിലപാടുകള്‍ കാലാതീതവും മനുഷ്യമനസ്സുകളില്‍ നിന്നു മായാത്തതും പ്രവാചകസ്വരമുള്ളതുമായിരുന്നു. ചാനലില്‍ വന്നിരുന്നു തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും അനുഭവിക്കുന്ന അവഗണനയെയും വിവേചനത്തെയും തിരസ്കരണത്തെയുംകുറിച്ചും വാതോരാതെ ആവലാതി പറയുന്ന സമര്‍പ്പിതര്‍ സി. സുമയുടെ അഭിമുഖം മനസ്സിരുത്തി വായിക്കേണ്ടതും ആത്മവിമര്‍ശനത്തിനും പുനഃപരിശോധനയ്ക്കും തിരുത്തലുകള്‍ക്കും വിധേയമാക്കേണ്ടതുമാണ്.

നല്ല സമര്‍പ്പിതര്‍ രൂപമെടുക്കുന്നതു നല്ല കുടുംബങ്ങളില്‍നിന്നും നല്ല ഗുരുക്കന്മാരില്‍നിന്നുമാണെന്നു സി. സുമയുടെ ജീവിതം അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു. എല്ലാറ്റിനും കാലത്തെയും ലോകത്തെയും മാധ്യമങ്ങളെയും പഴിചാരുന്നവര്‍ക്കു സിസ്റ്ററുടെ ജീവിതത്തില്‍ നിന്നും ഏറെ പഠിക്കുവാനുണ്ട്. തന്‍റെ വളര്‍ച്ചയിലും രൂപപ്പെടുത്തലിലും നല്ല മാതൃകകള്‍ നല്കിയതിലും മാതാപിതാക്കള്‍ വഹിച്ച വലിയ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ എല്ലാ മാതാപിതാക്കളുടെയും കണ്ണുതുറപ്പിക്കുന്നതും സകലരെയും ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതുമാണ്. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെട്ട സഭയും സമര്‍പ്പിതരും ഇനിയും പാവങ്ങളിലേക്ക് എത്രയോ എത്താനിരിക്കുന്നു എന്നുള്ള സിസ്റ്ററുടെ നൊമ്പരം എല്ലാവരും ഏറ്റെടുക്കാന്‍ മനസ്സു കാണിക്കണം.

'വിളവേറെ വേലക്കാരോ ചുരുക്കം' എന്ന ക്രിസ്തുനാഥന്‍റെ വിളി സ്വീകരിച്ച് ഇറങ്ങിത്തിരിച്ച സമര്‍പ്പിതര്‍ സീസറിന്‍റെ വേലക്കാരായി ശമ്പളവും പെന്‍ഷനും വാങ്ങി സുരക്ഷിതത്വത്തിലും സുഭിക്ഷതയിലും കാലം കഴിക്കുന്നത് ഉചിതമാണോ എന്ന് ഉറക്കെ ചിന്തിക്കണം. കുരിശിനെ മറികടക്കാനുള്ള കൗശലം ക്രിസ്തീയതയല്ലെന്നു സകലരും തിരിച്ചറിയണം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്