Letters

കേരളവും… മലയാളിയും…

Sathyadeepam

ഫാ. ലൂക്ക് പൂതൃക്കയില്‍

കേരളം സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളര്‍ന്നു. പക്ഷേ സാംസ്‌കാരിക സമൂഹമായിട്ടില്ല. അറിവുള്ളവരും ഡിഗ്രിയുള്ളവരും വര്‍ദ്ധിച്ചു. എന്നാല്‍ മനസ്സ് വളര്‍ന്നില്ല. കേരളത്തിന് വികസനമുണ്ട്. പക്ഷേ നെഗറ്റീവ് ചിന്തകളും പ്രവര്‍ത്തന ങ്ങളും അതിലുപരി തുടരുന്നു. കേരളത്തില്‍ മതങ്ങളുണ്ട്. പക്ഷേ വലിയ മൂല്യങ്ങളില്ല. മത നേതൃത്വങ്ങള്‍ ധാരാളമുണ്ട്. പക്ഷേ സത്യസന്ധത വളരെ കുറവും. കേരളത്തിലെ മനുഷ്യര്‍ക്ക് വൃത്തിയുണ്ട്. പക്ഷേ കേരളത്തിന് വൃത്തിയില്ല. എല്ലാവരുടേയും കയ്യില്‍ സമയം അറിയിക്കുന്ന വാച്ചും മൊബൈലും ഉണ്ട് പക്ഷേ സമയ നിഷ്ഠയില്ല. കേരളത്തില്‍ തൊഴിലിടങ്ങളുണ്ട് പക്ഷേ തൊഴില്‍ ചെയ്യില്ല. കേരള പുരുഷന്മാര്‍ക്ക് സ്ത്രീകളെ ഇഷ്ടമാണ് പക്ഷേ സ്ത്രീകളെ അംഗീകരിക്കില്ല. കേരളത്തില്‍ പുഴകളുണ്ട് പക്ഷേ വെള്ളമില്ല. കേരളത്തില്‍ പച്ചമീന്‍ ധാരാളമുണ്ട് പക്ഷേ ഫ്രിഡ്ജില്‍ വച്ചേ കഴിക്കൂ. കേരളീയര്‍ക്ക് അഭിമാനബോധമില്ല പക്ഷേ അഹങ്കാരമുണ്ട്. കേരളത്തില്‍ ചിലവാക്കുന്ന പണത്തേക്കാള്‍ ചിലവാക്കാത്ത പണമാണ് കൂടുതല്‍. വഴി വേണമെന്ന് ശഠിക്കും എന്നാല്‍ തന്റെ പറമ്പിന്റെ അരികിലൂടെ വഴി കൊടുക്കില്ല.

കേരള ലൈബ്രറികളില്‍ പുസ്തകങ്ങളുണ്ട് പക്ഷേ വായനയില്ല. തിരക്കാണെന്ന് മലയാളി ഭാവിക്കും; പക്ഷേ തിരക്കിനുള്ള ജോലിയൊന്നും ചെയ്യില്ല. കേരളീയര്‍ പരോപകാരം ചെയ്യും പക്ഷേ നാലു പേര്‍ അറി യണമെന്ന് നിര്‍ബന്ധമുണ്ട്. അഴിമതിക്കെതിരെ രോഷം കൊള്ളും എന്നാല്‍ സ്വന്തം കാര്യം നേടാന്‍ അഴിമതി കാണിക്കും. മതാനുഷ്ഠാനങ്ങള്‍ ഏറെയുള്ള കേരളത്തില്‍ മതചൈതന്യമില്ലെന്നു ള്ളതും ഒരു ദുഃഖസത്യം. സംഘടനകള്‍ ഏറെയുണ്ടെങ്കിലും സംഘടനകള്‍ കൊണ്ടു പൊതുസമൂഹത്തിനു ഗുണമില്ലാത്തതും കേരളത്തില്‍. വില്‍ക്കുന്നതിനേക്കാള്‍ വാങ്ങുന്നവ രാണ് കേരളത്തില്‍ കൂടുതല്‍. അഭിനന്ദിക്കാന്‍ മടിയില്ലാത്തവരാണ് എന്നാല്‍ അപ്പോഴും കേരളീയര്‍ മനസ്സില്‍ അസൂയ സൂക്ഷിക്കും. സമ്പന്ന രാജ്യങ്ങളെ കുറ്റം വിധിക്കാനറിയാം. എന്നാല്‍ സ്വന്തരാജ്യത്തെ സമ്പന്നമാക്കാന്‍ ഒന്നും ചെയ്യില്ല. കടമകളേക്കാള്‍ അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നവരാണ് കേരളീയര്‍. സ്വന്തം കുറവുകളെക്കുറിച്ച് ബോദ്ധ്യമില്ലാത്തവര്‍ അന്യരുടെ കുറവുകളെ പെട്ടെന്ന് കണ്ടുപിടിക്കും. അന്യനാട്ടില്‍ നന്നായി പണിയെടുക്കുന്നവനും സ്വന്തം നാട്ടില്‍ പണിയെടുക്കാത്തവനുമാണ് മലയാളി.

ഭക്തി, സാമ്പത്തികം, വിദ്യാഭ്യാസം എന്നിവയുണ്ട്. പക്ഷേ കാപട്യം, കുരുട്ടുബുദ്ധി, പിശുക്കത്തരം എന്നിവ കൂടുതലുണ്ട്. ലൈംഗീകാര്‍ത്തി കൂടുതലുള്ളവര്‍ കേരളീയരാണ് ഒപ്പം ലൈംഗീക ദാരിദ്ര്യം ഉള്ളവരും കേരള ത്തിലാണ്. ഉള്ളില്‍ അസ ഹിഷ്ണുതയും ശത്രുതയും സൂക്ഷിക്കുമ്പോഴും പുറമേ സൗഹൃദവും സ്‌നേഹവും പ്രകടിപ്പി ക്കും. വിദേശത്ത് പോകാനും അവിടത്തെ പണം സമ്പാദിക്കാനും ആഗ്രഹിക്കുമ്പോഴും അവിടത്തെ സംസ്‌കാരത്തിന്റെ നല്ല വശങ്ങളെ സ്വീകരിക്കാന്‍ മലയാളി തയ്യാറല്ല. അവനവനെപ്പറ്റി നല്ലത് കേള്‍ക്കാനും മറ്റുള്ളവരെപ്പറ്റി മോശം കേള്‍ക്കാനും മലയാളിക്ക് താത്പര്യം കൂടുതലുണ്ട്. പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൃതി കൂട്ടുന്ന മലയാളി സൃഷ്ടി പരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ മന്ദഗതിക്കാരാണ്. കേരളത്തെ ദൈവത്തിന്റെ നാടെന്ന് കരുതുന്ന മലയാളി പൊതുമുതല്‍ നശിപ്പിക്കുന്നതിലും നല്ല കാര്യങ്ങള്‍ക്കു പുറംതിരിഞ്ഞ് നില്‍ക്കുന്നതിലും മടി കാട്ടാത്തവരാണ്. കേരളവും മലയാളിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായി നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കാം.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]