Letters

നമ്മുടെ സിസ്റ്റത്തിനു കുഴപ്പമുണ്ടോ?

Sathyadeepam
  • സാജു പോള്‍, തേയ്ക്കാനത്ത്, ചെങ്ങമനാട്

കാറ്റിക്കിസം ഭാരപ്പെടുത്തുന്നുണ്ടോ എന്നൊരു ചോദ്യം, നവംബര്‍ 12 ലെ പ്രതികരണത്തില്‍ കണ്ടു. നമ്മുടെ പ്രവര്‍ത്തനങ്ങളൊന്നും ഫലം കാണുന്നില്ലേ എന്ന സംശയമാണ് ലേഖകന്‍ അതില്‍ ഉന്നയിച്ചത്.

നാം നമ്മുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസ് മുതലെ വേദപാഠം നല്‍കുന്നുണ്ട്. മിക്കവാറും രൂപതകളിലും വളരെ ചിട്ടയോടെതന്നെയാണ് വേദപഠനം നടക്കുന്നത്. നമുക്ക് കൃത്യമായൊരു സിലബസ് ഉണ്ട്.

അതോടനുബന്ധിച്ചു നിരവധി പ്രവര്‍ത്തനങ്ങളും. എല്ലാ വര്‍ഷവും പരീക്ഷ നടത്തുന്നു. അങ്ങനെ പന്ത്രണ്ടാം ക്ലാസ് കഴിയുബോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കലും, വിശ്വാസപ്രഖ്യാപനവും നടത്തുന്നു. അതോടെ അവരുടെ പരിശീലനം പൂര്‍ത്തിയാകുന്നു. ഈ പന്ത്രണ്ടു വര്‍ഷങ്ങളിലും കുട്ടികള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വളരെ ചിട്ടയോടെ ദൈവാലയത്തില്‍ വരിവരിയായി നില്‍ക്കുന്നു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ കാര്യങ്ങളും വളരെ സിസ്റ്റമാറ്റിക്കായി നാം നടത്തുന്നു.

എന്നാല്‍ പതിമൂന്നാമത്തെ വര്‍ഷം വിശുദ്ധ കുര്‍ബാനയുടെ നേരത്ത് ഈ കുട്ടികള്‍ എവിടെ എന്നത് നമ്മെ ആശങ്കപ്പെടുത്തുന്നില്ലേ? കുറെ പേര് പള്ളിയിലേക്ക് വരുന്നേയില്ല. വരുന്നവരില്‍ പലരും പള്ളിക്കു പുറത്തുമാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും ഈ കുട്ടികള്‍ക്ക് താല്പര്യമോ സമയമോ ഇല്ല. പന്ത്രണ്ടു വര്‍ഷത്തെ വേദപാഠക്ലാസുകള്‍ ഇവരില്‍ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ലായെങ്കില്‍ നമ്മുടെ സിസ്റ്റത്തിന് എന്തോ കുഴപ്പമില്ലേ? ആഴത്തില്‍ പരിശോധിക്കണം.

നല്ല പരിശീലനം ലഭിച്ചു എന്ന് നാം പറയുന്ന നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ടാണ്? കുര്‍ബാനയിലോ മറ്റു പ്രാര്‍ഥനകളിലോ അവര്‍ക്കു താല്‍പര്യം കുറയുന്നു. ഞായറാഴ്ചകളിലെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് അവര്‍ക്കു തോന്നുന്നില്ല. മയക്കുമരുന്നും, മൊബൈല്‍ഫോണും അവരെ അടിമകളാക്കുന്നു. മറ്റു മതസ്ഥരുമായുള്ള വിവാഹബന്ധത്തില്‍ അവര്‍ ഒരു കുറവും കാണുന്നില്ല. എത്തിച്ചേരുന്ന വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുവാന്‍ അവര്‍ക്ക് അധികം ആലോചിക്കുവാനുമില്ല.

സഭാനേതൃത്വത്തിന്റെ സത്വരശ്രദ്ധ ഇക്കാര്യങ്ങളില്‍ വേണം. നമ്മുടെ കുട്ടികളെ നമുക്ക് നഷ്ടമാകരുത്. കുര്‍ബാനവിഷയത്തിലും, സങ്കുചിത സമുദായ പ്രവര്‍ത്തനങ്ങളിലും സഭയുടെ ചിന്തകളെ തളച്ചിടരുത്.

സുവിശേഷ സത്യങ്ങളും ധാര്‍മ്മികതയും ലളിതമായി ക്ലാസുകളില്‍ പഠിപ്പിക്കണം. കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന വിധത്തിലാകണം പുസ്തകത്തിലെ ഉള്ളടക്കം. ബൈബിള്‍ സ്വയം വായിക്കുവാനുള്ള പ്രേരണ കുട്ടികളിലുണ്ടാക്കണം. പാട്ടുകളും കളറിങ്ങുമൊക്കെയായി ഒന്നാം ക്ലാസില്‍ തുടങ്ങുന്ന കുട്ടികള്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ എത്തുമ്പോള്‍, അവിടെ അധ്യാപകരുടെ സാന്നിധ്യത്തിലും, നേതൃത്വത്തിലും ഗുണകരമായ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. അവരെ കേള്‍ക്കുവാനുള്ള അവസരം ക്ലാസുകളില്‍ ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

നമ്മുടെ വിത്തുകള്‍ നല്ല കതിരുകളായിത്തന്നെ നമുക്ക് കിട്ടണം, പതിരാകരുത്.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു