Letters

ദേവാലയങ്ങള്‍ പൂട്ടിയിടാനുള്ളതോ?

Sathyadeepam
  • മേരിക്കുട്ടി ചക്കാലക്കല്‍

സുഭാ : 29:12 (നീതിമാന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു.)

ദൈവാരാധനയ്ക്കായി ഒത്തുചേരുവാന്‍ വേണ്ടി, നമ്മുടെ പൂര്‍വികരും അന്നത്തെ സഭാതലവന്മാരും നല്ലവരായ നാട്ടുകാരും ഒക്കെ ചേര്‍ന്ന്, കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും കാലത്ത്, കല്ലും കട്ടയുമെല്ലാം ചുമന്നു പണി കഴിപ്പിച്ചതാണ് ഈ ദേവാലയങള്‍.

ഇന്ന് അവ ചിലരുടെ ധാര്‍ഷ്ട്യം നടപ്പിലാക്കാനായി താഴിട്ടു പൂട്ടുന്നു. എന്താണു ഇവ കൊണ്ടുള്ള നേട്ടം? പറഞ്ഞു തരാമോ?

പുതിയ ചില സംഘടനകള്‍ എന്തിനു വേണ്ടി സ്ഥാപിച്ച് സഭയ്ക്കുള്ളില്‍ പരിപോഷിപ്പിക്കുന്നു? അവയുടെയൊക്കെ ഉദ്ദേശലക്ഷ്യങ്ങള്‍ (vision & mission) എന്ത്? ഇവരിലൂടെ സഭയിലെ മെത്രാന്മാര്‍ക്ക്, പുരോഹിതര്‍ക്ക്, സന്യസ്തര്‍ക്ക് വിശ്വാസികള്‍ക്ക് എല്ലാം എതിരെ പൊതുസമൂഹത്തില്‍ നല്ലപോലെ പ്രചരിപ്പിക്കപെടുന്ന അസഭ്യവര്‍ഷങ്ങള്‍ സഭാനേതൃത്വങ്ങളുടെ ശ്രദ്ധയില്‍ പെടുന്നില്ലേ?

ഒരേ ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിന് സ്വയം മേന്മ ഭാവിക്കാനോ മറ്റേതെങ്കിലും അവയവത്തെ അവഹേളിക്കാനോ അധികാരം നല്കപ്പെട്ടിട്ടുണ്ടോ?

ഒരേ കുടുംബത്തിലെ തന്നെ മക്കള്‍ വ്യത്യസ്ത റീത്തുകളിലും സഭകളിലും ദേശങ്ങളിലും വ്യത്യസ്തമായ ശുശ്രൂഷകളും ആരാധനാക്രമങ്ങളും അനുഷ്ഠിച്ച് സന്യസ്ത ജീവിതവും മിഷന്‍ പ്രവര്‍ത്തനവുമൊക്കെ നടത്തി കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നില്ലേ? ഇത് ഒരു സംഘടനയിലും ഉള്‍പ്പെടാത്ത സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും മനസ്സിലുയരുന്ന സംശയമാണ്.

ഞങ്ങളുടെ പൂര്‍വികര്‍ സ്വന്തം എന്നപോലെ നട്ടുവളര്‍ത്തിയത് വെട്ടി നശിപ്പിക്കാനായി കുറെപ്പേര്‍ തുനിഞ്ഞിറങ്ങിയിരിക്കുക യാണ്. വൈദികപഠനം പൂര്‍ത്തിയാക്കിയ ഡീക്കന്‍മാര്‍ക്ക് പൗരോഹിത്യം നിഷേധിക്കുന്നതും ഒരുതരം വെട്ടിനിരത്തലല്ലേ?

ഇക്കാലങ്ങളില്‍ സഭയില്‍ ഉണ്ടായ ആത്മീയ നഷ്ടം, സാമ്പത്തിക നഷ്ടം, മാനനഷ്ടം, സാഹോദര്യ നഷ്ടം ഇത്തരത്തില്‍ വിവിധ നഷ്ടങ്ങള്‍ക്ക് എന്ത് പരിഹാരം ചെയ്ത് ഇനി തിരിച്ചുപിടിക്കും?

ഇനിയെങ്കിലും അനാവശ്യമായ ധാര്‍ഷ്ട്യ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നരുളിയ യേശുനാഥന്റെ വിശുദ്ധബലി (എങ്ങോട്ടും തിരിയാന്‍ പറഞ്ഞിട്ടില്ല) വിശ്വാസ ഭയഭക്തി ബഹുമാനത്തോടെ സമാധാനത്തില്‍ തുടരാനുള്ള സാഹചര്യം സംജാതമാകുവാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം