Editorial

സോഷ്യല്‍ മീഡിയയിലെ കളകളും വിളകളും

sathyadeepam

മലയാളി തന്‍റെ എഴുത്തിന്‍റെയും വായനയുടെയും ലോകം വിപുലീകരിച്ചിരിക്കുകയാണ്; മാറ്റിചവിട്ടിയിരിക്കുകയാണ് എന്നു പറയുന്നതാവും ശരി. അച്ചടിച്ച പുസ്തകങ്ങള്‍ പരതി, പരന്ന വായ ന നടത്തി കാര്യങ്ങള്‍ അറിയാനും എഴുതാനും മലയാളിക്കും മടിയേറുകയാണ്. സാങ്കേതികവിദ്യയുടെ സന്താനങ്ങളിലൊന്നായ സോഷ്യല്‍ മീഡിയയെ യുവതലമുറയെപ്പോലെ പഴയ തലമുറയും പതിയെ തലയിലെടുത്തു കഴിഞ്ഞു. അച്ചടിക്കാന്‍ പോകുന്ന ഈ എഡിറ്റോറിയല്‍ എഴുതാനും അച്ചടിച്ച പുസ്തകങ്ങള്‍ക്കൊപ്പം ആശ്രയിച്ചതു സോഷ്യല്‍ മീഡിയയെതന്നെ. നവീന സോഷ്യല്‍ മാധ്യമങ്ങളിലെ കളകളെയും വിളകളെയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
എഴുത്തിനെയും വായനയെയും സ്നേഹിക്കുന്നവര്‍ക്കു ള്ള ആധുനിക ലോകത്തിലെ സൂപ്പര്‍ മാര്‍ക്കറ്റാണു സോ ഷ്യല്‍ മീഡിയ എന്നതില്‍ തര്‍ക്കമില്ല. ആശയങ്ങള്‍ കൈമാറാനും ഉത്പന്നങ്ങള്‍ വിററഴിക്കാനും പരസ്യപ്പെടുത്താനും ഇതിനേക്കാള്‍ ചെലവു കുറഞ്ഞ വേറെ മാര്‍ഗമില്ല. ട്വിറ്ററുംഫെയ്സ് ബുക്കും ലിങ്ക്ഡ് ഇനും നല്കുന്ന പ്രശസ്തിയും അനന്തസാദ്ധ്യതകളും എഴുത്തുകാരും സമ്പാദകരും ബിസിനസ്സുകാരും ഒരുപോലെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എഴുതി പിടിപ്പിക്കാന്‍ മാത്രമല്ല, എഴുതിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിക്കുറിപ്പുകള്‍ ഉടനെ കിട്ടുമെന്ന പ്രത്യേകതകൂടി ഇത്തരം സോഷ്യല്‍ മീഡിയയ്ക്കുണ്ട്. ലോകത്തിന്‍റെ പലയിടങ്ങളില്‍ ചിതറിക്കിടക്കുന്നവരെ ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരുമിപ്പിക്കാമെന്ന അത്ഭുതസിദ്ധിയും സോഷ്യല്‍ മീഡിയയ്ക്കുണ്ട്. എറണാകുളം ജില്ലാ കളക്ടറായിരുന്ന തമിഴ്നാട് സ്വദേശി രാജമാണിക്യം പങ്കുവച്ച ഒരനുഭവം. ചെന്നൈ പ്രളയക്കെടുതിയിലായ സമയം. രാജമാണിക്യം തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ട സഹായാഭ്യര്‍ത്ഥനയ്ക്കു മറുപടിയായി നാലു ദിവസത്തിനകം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നു യുവാക്കളുടെ ഒരു സംഘം സംഘടിപ്പിച്ചു ചെന്നൈക്കു കയറ്റിവിട്ടതു 12 ട്രക്ക് ദുരിതാശ്വാസ സാമഗ്രികളാണ്.
എഴുത്തിന്‍റെയും വായനയുടെയും ഈ സൈബര്‍ ലോകത്ത് ഒളിഞ്ഞിരിക്കുന്ന കെണികളും നിരവധി. ഇതില്‍ ഏറ്റവും വലുത് ഇത്തരം സാമൂഹ്യമാധ്യമങ്ങളോടുള്ള അടിമത്തംതന്നെ. സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന അധികസമയം നമ്മിലെ സര്‍ഗാത്മകതയെയും കര്‍മശേഷിയെയും ക്രമേണ നശിപ്പിച്ചുകളയുന്നു. യുവാക്കളും കുട്ടികളും വളരെ പെട്ടെന്ന് ഈ ദുരവസ്ഥയിലെ ത്താന്‍ സാദ്ധ്യതയുണ്ട്. പഠനങ്ങളും അതു തെളിയിക്കുന്നുണ്ട്.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളും എഴുതിവിടുന്ന ആശയങ്ങളും പലതരത്തില്‍ ദുരുപയോഗിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. 'സുഹൃത്ത്' എന്ന പദത്തിനു പണ്ടു സരളമായ ഒരര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. അപരിചിതനായ ഒരു വ്യക്തിയെ അറിയുന്നതു വഴി, നേരില്‍ സംസാരിക്കുന്നതു വഴി പതിയെ രൂപപ്പെടുന്ന ഒരിഷ്ടം ആ വ്യക്തിയെ നമ്മുടെ സുഹൃത്താക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ലോകത്തെ 'സുഹൃത്ത്' എന്ന പദത്തിന്‍റെ അര്‍ത്ഥം വളരെ സങ്കീര്‍ണമാണ്, അവ്യക്തമാണ്. അയാളുടെ യഥാര്‍ത്ഥ ഇഷ്ടങ്ങള്‍ അറിയാതെ, മനസ്സിലിരിപ്പുകള്‍ വ്യക്തമാകാതെ, നേരില്‍ കാണുകപോലും ചെയ്യാതെ അയാള്‍ നമ്മുടെ സുഹൃത്താകുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയാ വഴി സുഹൃദ്വലയങ്ങള്‍ ഉണ്ടാക്കുന്ന നമ്മുടെ തലമുറ ഭാവിയില്‍ യഥാര്‍ത്ഥ ബന്ധവും യാദൃച്ഛിക പരിചയവും തമ്മില്‍ വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും.
ആര്‍ക്കും എന്തും ആധികാരികത തോന്നുമാറു സോ ഷ്യല്‍ മീഡിയയില്‍ എഴുതാമെന്നിരിക്കേ അതിന്‍റെ ഭവിഷ്യത്തുകള്‍ ഭയാനകമാകാം. ജീവിതത്തിലെ ചില അടിസ്ഥാന ബന്ധങ്ങള്‍ തകരാനും അനാവശ്യവും അപകടകരവുമായ ചില ബന്ധങ്ങളിലേക്കു ചെന്നുപെടാനും സോഷ്യല്‍ മീഡിയ സുഹൃദ്ബന്ധങ്ങള്‍ കാരണമായേക്കാം. ജീവിതത്തിലെ സ്വകാര്യത നഷ്ടപ്പെടുന്നതാണു മറ്റൊരപകടം. നമ്മുടെ വ്യക്തിപരമായ വിശദാംശങ്ങളും ഇഷ്ടാനിഷ്ടങ്ങളും നമ്മള്‍ കാണാത്ത വ്യക്തികളിലേക്കും ചിന്തിക്കാത്ത ഇടങ്ങളിലേക്കും എത്തിപ്പൊടന്‍ സാദ്ധ്യതയുണ്ട്.
സമൂഹത്തിലും വ്യക്തിജീവിതങ്ങളിലും സംഭവിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയും പരിശോധിക്കപ്പെടേണ്ടതാണ്. ട്രോളുകള്‍ വഴിയും സഭ്യമല്ലാത്ത ചിത്രങ്ങളും വാക്കുകളും വഴിയും ഒരു നിസ്സാര സംഭവത്തെ ഊതിവീര്‍പ്പിച്ചു വഷളാക്കാനും ഗൗരവസ്വഭാവമുള്ള സംഭവങ്ങളെ തമാശവത്കരിച്ചു നിസ്സാരമാക്കാനും സാധിക്കും.
യുവാക്കളിലും കൗമാരക്കാരിലും സാമൂഹ്യമാധ്യമങ്ങള്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന അതിരുകടന്ന സ്വാധീനത്തെക്കുറിച്ചു നാം ജാഗരൂകരാകേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള മാധ്യമവിദ്യാഭ്യാസം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നിര്‍ബന്ധമാക്കണം. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങളെ കണ്ടുപിടിച്ചു ശിക്ഷിക്കാന്‍ മാത്രമല്ല അതിനുള്ള പഴുതുകള്‍ അടയ്ക്കാനും പൊലീസിന്‍റെ സൈബര്‍ ലോകം സജ്ജമാകണം. സാമൂഹ്യമാധ്യമലോകത്തിന് "പത്തു കല്പനകള്‍" എന്ന കടിഞ്ഞാണ്‍ എന്നാണു നമുക്കു പ്രാപ്തമാവുക?

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം