Editorial

ഗുരുക്കന്മാരുടെ ഖേദങ്ങള്‍

Sathyadeepam

എല്ലാ അധ്യയന വര്‍ഷവും ആരംഭിക്കുന്നത് 'കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിക്കേണ്ട ആവശ്യകതകളെ ആവര്‍ത്തിച്ചു കൊണ്ടും കുഞ്ഞുങ്ങള്‍ക്കു പോറലേല്‍ക്കാതെ കാവല്‍ നില്‍ക്കേണ്ടതിന്റെ അനിവാര്യത' ഊന്നിപ്പറഞ്ഞുകൊണ്ടുമാണ്. ഒന്ന് മാറി ചിന്തിച്ചാല്‍, സമൂഹം മറന്നുപോയ ഒരു കാര്യത്തെ ക്കുറിച്ച്, കാര്യമായ പൊതുസമൂഹ ശ്രദ്ധ കിട്ടാത്ത ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് വ്യത്യസ്തമായ ഒരു ചിത്രം നമുക്ക് മുന്നില്‍ വ്യക്തമാകും. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അറിവും സ്‌നേഹവും, ചെറുപ്പക്കാര്‍ക്ക് ബോധ്യവും ലക്ഷ്യവും പകര്‍ന്നു കൊടുക്കുന്ന അധ്യാപകഗണത്തിനു കൂടി മേല്‍പ്പറഞ്ഞ സ്‌നേഹവും കരുതലും അംഗീകാരവും നാം നല്‍കേണ്ടതല്ലേ? ബറാക് ഒബാമയുടെ വാക്കുകള്‍ ചേര്‍ത്തുവച്ച് നമുക്കിത് ഇപ്രകാരം പൂര്‍ത്തിയാക്കാം, 'Invest in our teachers, our children will succeed.'

അധ്യാപകര്‍ക്കും വീടുണ്ട് എന്ന കാര്യം ചിലപ്പോള്‍ നമ്മള്‍ മറന്നുപോകുന്നതു പോലെ. കുടുംബം കടന്നുപോകുന്ന കലഹങ്ങള്‍ ഇല്ലാത്ത, കുഞ്ഞുങ്ങളുടെ കീറിപ്പൊളിക്കലുകള്‍ ഇല്ലാത്ത, കുത്തുവാക്കുകളുടെ കൂരമ്പുകള്‍ നീളാത്ത, കടം കേറി മുടിയാനിടയില്ലാത്ത, വിശാസ വഞ്ചനകളുടെ വാള്‍മുനകള്‍ ഉയരാത്ത മറ്റേതോ ഗ്രഹത്തില്‍ നിന്നുമാണ് അധ്യാപകര്‍ സ്‌കൂളുകളിലേക്ക് പുറപ്പെട്ടെത്തുന്നതെന്ന് നാം വെറുതെ നിനച്ച് പോകുകയാണോ?

കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പാഠപുസ്തകങ്ങളും, പാഠ്യേതര പ്രോഗ്രാമുകളുടെ പ്രോപ്പര്‍ട്ടികളും കയ്യിലേന്തി വെളുപ്പാന്‍ കാലത്ത് വീടുവിട്ടു സ്‌കൂളിലേക്കെത്തുന്ന അധ്യാപകരെ നാം ചേര്‍ത്തു പിടിക്കേണ്ടതല്ലേ? തലേന്ന് രാത്രിയിലെ ഒച്ചപ്പാടിന്റെയും ലഹളയുടെയും കൊത്തിപ്പറിക്ക ലിന്റെയും ഭ്രാന്തന്‍ കിളികള്‍ പിറ്റേന്ന് പ്രഭാതത്തില്‍ അവരുടെ ഹൃദയമൊഴിഞ്ഞു പോകുമെന്ന് ആരാണ് പറഞ്ഞത്? തലേന്ന് രാത്രി വീടിനകത്ത് എവിടെയോ വച്ചു ഉടഞ്ഞുപോയ ചിരികള്‍ക്ക് പകരം സങ്കടത്തിന്റെ നനവ് പേറുന്ന കള്ളചിരിക്ക് തീ കൊടുത്തുകൊണ്ട് അവര്‍ കുഞ്ഞുങ്ങള്‍ക്കിടയിലൂടെ ഓട്ടം ആരംഭിക്കുകയാണ്.

കുഞ്ഞുങ്ങള്‍ ചെയ്തു പോകുന്ന ചെറിയ തെറ്റുകള്‍ക്ക് അവര്‍ വലിയ വായില്‍ കലഹിക്കുന്നത് തലേന്ന് രാത്രിയിലെ സങ്കടത്തിന്റെ പൊട്ടിത്തെറിയായിരിക്കാം. പദ്യം പഠിക്കാത്തതിനും, കണക്ക് തെറ്റിച്ചതിനും, ഇത്തിരിപ്പോന്ന കുഞ്ഞിനോട് ഒരധ്യാപകന്‍ കെട്ട ഭാഷയില്‍ കലഹിക്കുന്നതിന്റെ കാരണം, കണക്ക് കൂട്ടലുകള്‍ പാടെ തെറ്റിപ്പോയ ഒരു കുടുംബത്തിന്റെ സര്‍വ്വഖേദവും അയാളുടെ ഉള്ളില്‍ തീക്കാവടി ആടുന്നതിനാല്‍ ആയിക്കൂടെ?

കുഞ്ഞുങ്ങള്‍ക്കായി നിരന്തരം ഒച്ച വച്ചുകൊണ്ടിരിക്കുന്ന, അവര്‍ക്കായി നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിന്റെ ആത്മാക്കളായ അധ്യാപകര്‍ക്കു കൂടി ഈ അധ്യയനവര്‍ഷത്തില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ലഭിക്കട്ടെ!

മാതാപിതാക്കളാലും മുതിര്‍ന്നവരാലും മുറിവേറ്റ കുഞ്ഞുങ്ങള്‍ സ്‌കൂളിലെത്തുമ്പോള്‍ അവരുടെ ആ മുറിവുകളെ സുഖപ്പെടു ത്തേണ്ടത് അധ്യാപകരാണ് എന്ന് നാം പറയുന്നു. എന്നാല്‍ മക്കളാല്‍ മുറിവേറ്റ അധ്യാപക മാതാപിതാക്കളുടെ മുറിവുകള്‍ ക്കുമേല്‍ ആര് ലേപനം ചെയ്യും? സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് മോറല്‍ സയന്‍സ് പഠിപ്പിക്കുന്ന ഒരധ്യാപികയുടെ മൂത്തമകന്‍ നാളുകളായി മയക്കു മരുന്നടിച്ച് വീടിന്റെ മൂലയ്ക്കിരുപ്പാണെന്ന സങ്കടം ആ അധ്യാപിക ആരോട് പറയും?

വീട് പണിയാനെടുത്ത ലോണടവുകള്‍ മുടങ്ങിക്കിടക്കുന്ന 'വിഷമ' വൃത്തത്തില്‍പ്പെട്ട മറ്റൊരധ്യാപകന്‍ കുഞ്ഞുങ്ങളെ കണക്കാണ് പഠിപ്പിക്കുന്നത്. ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ അപ്പനും അമ്മയും മറ്റു മുതിര്‍ന്നവരും ചേര്‍ന്ന് ഒരുമിച്ച് പടവെട്ടിയിട്ടും പോര്‍ക്കളത്തില്‍ പരാജയപ്പെട്ടു വീഴുമ്പോള്‍ അമ്പതും അറുപതും കുഞ്ഞുങ്ങളോ ചെറുപ്പക്കാരോ ഉള്ള ഒരു വലിയ ക്ലാസ് മുറിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന അധ്യാപകന്‍ ആ യുദ്ധത്തില്‍ എങ്ങനെ ഒറ്റയ്ക്ക് പൊരുതിക്കയറും? മുതിര്‍ന്ന ഒരു പെരുംതലമുറയ്ക്ക് പിടികിട്ടാത്ത രീതിയില്‍ മക്കള്‍ സംസാരിക്കുമ്പോള്‍, എതിര്‍ക്കുമ്പോള്‍, നിഷേധിക്കുമ്പോള്‍ നിഷ്പ്രഭരായി പോകുന്ന, പച്ചമനുഷ്യരായ അധ്യാപകരായ മാതാപിതാക്കളോട് ഒരു കലാലയത്തിലെ അമ്പതും അറുപതുമൊക്കെ വരുന്ന കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ അമ്മയാകണം അപ്പനാകണം എന്നൊക്കെ പറയുന്നത് എത്ര മാത്രം അഭിലഷണീയവും പ്രായോഗികവുമായിരിക്കും?

വിദ്യാലയങ്ങള്‍ വീടും, കുഞ്ഞുങ്ങളെ കൂട്ടുമായി കൊണ്ട് നടക്കുന്ന എത്രയോ അധ്യാപകരുണ്ടെന്നോ! അവധിക്കാലം കുഞ്ഞുങ്ങള്‍ അടിച്ച് തകര്‍ക്കുമ്പോള്‍, അടഞ്ഞു പോയ സ്‌കൂളും, അപ്രത്യക്ഷരായ കുഞ്ഞുങ്ങളെയുമോര്‍ത്ത് ചില അധ്യാപകരെങ്കിലും ഉള്ളില്‍ കരയുന്നുണ്ട്. വിദ്യാലയത്തോടും, പഠിപ്പിക്കുന്ന കുഞ്ഞുങ്ങളോടുമുള്ള അതിതീവ്ര സ്‌നേഹം കൊണ്ടല്ല അവരുടെ ഉള്ളു പൊള്ളുന്നത്. വീടെന്ന് തോന്നിപ്പിക്കുന്ന ഒരിടം അവര്‍ക്ക് ഇല്ലാത്തത് കൊണ്ടാകാമത്. താമസിക്കുന്നവര്‍ അന്തിയുറങ്ങുന്ന കുറിയ കെട്ടിടത്തിന്റെ അകത്തുള്ള ആളുകളെ ഇണക്കി ചേര്‍ത്തിരുന്ന സ്‌നേഹത്തിന്റെ ചരട് പൊട്ടികിടക്കുന്നതും മറ്റൊരു കാരണമാകാം. ആരും പോരുമില്ലാത്ത, മനസമാധാനമുടഞ്ഞു പോയ ആ കുടുസുമുറികളുടെ ഇരുളില്‍ നിന്നും ഓടിയിറങ്ങി വരുന്ന ഗുരുക്കന്മാര്‍ക്ക് വെളിച്ചം കിട്ടുന്ന ഇടമാകാം അവര്‍ പഠിപ്പിക്കുന്ന സ്‌കൂളും കലാലയങ്ങളും. അവിടുത്തെ കുഞ്ഞുങ്ങളുടെ കളിചിരികളും കുറുമ്പും കുസൃതികളുമാകാം അവരുടെ വിഷാദ വേദനകള്‍ക്കുള്ള മറുമരുന്ന്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അത്രയ്ക്കും ഇല്ലെങ്കിലും അവര്‍ക്കൊപ്പം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യേണ്ട ഒരു കൂട്ടം മനുഷ്യരാണ് അധ്യാപകര്‍.

ആരാണ് ഒരു മികച്ച അധ്യാപകന്‍? എന്ന ചോദ്യത്തിന്, 'അഗ്‌നിചിറകുകള്‍' എന്ന അക്ഷരപുടവ തുന്നിച്ചേര്‍ത്ത അബ്ദുള്‍ കലാം ഉത്തരം നല്‍കിയത് അദ്ദേഹത്തിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഉള്ളില്‍ കയറിക്കൂടിയ ശിവസുബ്രഹ്മണ്യ അയ്യര്‍ എന്ന സയന്‍സ് അധ്യാപകന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടാണ്. കലാം സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'ആ അധ്യാപകന്‍ ക്ലാസിലേക്ക് വന്നപ്പോഴെല്ലാം അദ്ദേഹത്തില്‍ നിന്നും അറിവും ജീവിത ശുദ്ധിയും (Knowledge and Purity of Life) പ്രസരിച്ചിരുന്നു. നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരുടെ അറിവിനെയും അധ്യാപനപാടവത്തെയും അളക്കാനും വിലയിരുത്താനും അനവധി ആളുകളും അധികാരികളുമുണ്ട്. പക്ഷെ സ്‌കൂളിലേക്കെത്തും മുമ്പ് അവര്‍ പുറപ്പെടുന്ന അവരുടെ സ്വന്തം വീടിനകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍, വീടിനെയും വീട്ടുകാരെയും ഉള്ളില്‍ കൊണ്ടു നടക്കുന്ന അവരുടെ ഹൃദയത്തിന് എന്തുപറ്റിയെന്ന് അറിയാന്‍ ആളില്ലാതെ പോകുന്നുണ്ടോ?

കൊല്ലമെത്രയായിക്കൊള്ളട്ടെ, 'എന്റെ കൊച്ചിനെ ഇത്രയും നാള്‍ പഠിപ്പിച്ചതിനു നന്ദി' എന്നെഴുതിയ ഒരു കൊച്ചു കാര്‍ഡും, ടീച്ചറിന് ഒരു നല്ല സാരിയോ, മാഷിന് ഒരു നല്ല ഷര്‍ട്ടോ വാങ്ങി കൊടുക്കുന്ന എത്ര മാതാപിതാക്കള്‍ നമുക്കു പരിചയമുണ്ട്? കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല സ്‌നേഹവും കരുതലും അംഗീകാരവും സമ്മാനവും നല്‍കി ആദരിക്കേണ്ടത്, ഉള്ളിലും പുറത്തും യുദ്ധം നടക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്കായി നിരന്തരം ഒച്ച വച്ചുകൊണ്ടിരിക്കുന്ന, അവര്‍ക്കായി നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിന്റെ ആത്മാക്കളായ അധ്യാപകര്‍ക്കു കൂടി ഈ അധ്യയനവര്‍ഷത്തില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ലഭിക്കട്ടെ!

കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെ സി ബി സി അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍

സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്

സഭാചരിത്രം ആദ്യ നൂറ്റാണ്ടുകളിൽ