കണ്ണൂര്‍ എ ഡി എം, കെ നവീന്‍ ബാബു എന്ന ഉദ്യോഗസ്ഥന്‍ വെറുതെ വാക്കാല്‍ മുറിവേറ്റതിനാല്‍ മാത്രം മരണത്തിലേക്ക് ഇറങ്ങി നടന്നതാകുമോ? തനിക്കുള്ള യാത്രയയപ്പിലെ ആക്ഷേപ വാക്കുകളുടെ മൂര്‍ച്ച കൊണ്ടു മാത്രം മരണത്തിലേക്ക് തെന്നിവീഴാന്‍ തക്ക രീതിയില്‍ ബലഹീനനായിരുന്നുവോ അയാള്‍? അല്ല എന്നാണ് അയാളുടെ മരണത്തെ തുടര്‍ന്ന് ഓരോ ദിവസവും തെളിയുന്ന വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അനുദിനം മാധ്യമാധിക്ഷേപങ്ങളിലും വ്യാജ വാര്‍ത്തകളിലും വ്യാജ ആരോപണങ്ങളിലും സമൂഹമാധ്യമങ്ങളിലെ വെറുപ്പിന്റെ വിതരണങ്ങളിലും നിസഹായരാവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നവരെ ആര് എണ്ണും ? അവിടെ കുറ്റക്കാര്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ടോ? ശിക്ഷിക്കപ്പെടുന്നുണ്ടോ? വിമര്‍ശനം എവിടെ വച്ചാണ് വെറുപ്പും അധിക്ഷേപവും ഭീഷണിയും ആയി നിറം മാറുന്നത്? ഏതു ഭാഷാ മാപിനി കൊണ്ട് ഇത് അളന്ന് തിട്ടപ്പെടുത്തും?
വിളിക്കാതെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആക്ഷേപ ശരങ്ങള്‍, സാമ്പത്തിക അഴിമതി ആരോപണത്തിന്റെ കഥ പറച്ചില്‍, നവീന്റെ ഭാവി മുന്‍ നിര്‍ത്തി ജില്ലാ ഭരണാധികാരിയുടെ ഭീഷണി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയയ്ക്കപ്പെട്ടുവെന്നു പ്രചരിപ്പിച്ച പരാതിയുടെ വ്യാജ നിര്‍മ്മിതി, വൈകിപ്പിക്കപ്പെട്ട നവീന്റെ സ്ഥലംമാറ്റം, ആ കാലയളവിനുള്ളില്‍ സമ്മര്‍ദത്തിന്‍ പുറത്ത് നല്‍കപ്പെട്ട ചെങ്ങളായിലെ പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം, പമ്പിന് എന്‍ ഒ സി നല്‍കിയതിനുശേഷവും ആവര്‍ത്തിച്ച പകയും ഭീഷണിയും, ബിനാമികളെ പ്രതീക്ഷിക്കത്തക്ക രീതിയിലുള്ള പെട്രോള്‍ പമ്പുടമയുടെ സാമ്പത്തിക പരിസരം, എന്നിങ്ങനെ തുടങ്ങി നീതിപൂര്‍വകമായി തന്റെ കര്‍മ്മം നിര്‍വഹിക്കാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ മറികടക്കേണ്ടി യിരുന്ന പ്രതിബന്ധങ്ങളുടെ ചക്രവ്യൂഹങ്ങള്‍ ഊഹിക്കാവുന്നതിനപ്പുറത്താണ്.
ഈ സംഭവം അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയുടെ പരിച്ഛേദമാണ്. ഈ അധികാരഭാഷയുടെ ഗര്‍വില്‍ ശ്വാസം കിട്ടാതെ പിടയുന്ന നവീന്‍ ബാബുമാര്‍ എത്രയുണ്ടാകും എന്ന്, നീതി പുലരാന്‍ ആഗ്രഹിക്കുന്ന ഭരണനിര്‍വാഹകരെ അല്ലെങ്കില്‍ ഭരണനിര്‍വഹണ വ്യവസ്ഥയെ ആ ഗര്‍വിന്റെ അധികാരം എങ്ങനെ യൊക്കെ നിശബ്ദമാക്കുന്നുവെന്ന്, നിര്‍ദയമായ അധികാരത്തിന്റെ പിടിയില്‍ ജീവിതത്തില്‍ നിന്ന് കളമൊഴിഞ്ഞ് നിസ്സഹായരായവരുടെ എണ്ണം എത്രയെന്ന് തിരിച്ചറിയാനാകുമോ? അധികാരം എങ്ങനെ ഒരു ഭരണ നിര്‍വഹണ വ്യവസ്ഥയെ ദുഷിപ്പിക്കുന്നു, നീതിയുടെ ശബ്ദങ്ങളെ ഞെരിച്ച് ഇല്ലാതാക്കുന്നു എന്നതിന്റെ എണ്ണമറ്റ അധ്യായങ്ങളിലെ ഒരേടു മാത്രമാണ് ഈ സംഭവം.
പി പി ദിവ്യയ്‌ക്കെതിരെ എന്തിന് നടപടി എടുക്കണം എന്ന് ഇനിയും മനസ്സിലാകാത്തവര്‍ പാര്‍ട്ടി നേതൃനിരയിലും അണികളിലുമുണ്ട്! ഇത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന രാഷ്ട്രീയ പാഠമുണ്ട്. ഇവിടെ അനധികൃത ശിപാര്‍ശകള്‍ തെറ്റല്ല, കെട്ടിച്ചമച്ച അഴിമതി ആരോപണമോ ഭീഷണിയോ വ്യക്തിഹത്യയൊ തെറ്റല്ല, വീഴ്ചകളെ ന്യായീകരിക്കുന്നത് തെറ്റല്ല എന്ന് മാത്രമല്ല അത് ന്യൂ നോര്‍മ്മലു മാണ്. രാഷ്ട്രീയം ഇവിടെ അധികാര ഗര്‍വിന്റെ ഭാഷയിലേക്ക് രൂപാന്തരം ചെയ്യപ്പെടുകയാണ്.
അഴിമതി പരസ്യമായി ചോദ്യം ചെയ്യുന്ന ഒരു പോരാളിയായി പി പി ദിവ്യയെ ബിംബവല്‍ക്കരിക്കുക, ശത്രുക്കളെ തുരത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമായി തിരിച്ചറിയുക, അതിന് അഴിമതി ആരോപണമോ വ്യക്തിഹത്യയോ ബുള്ളി യിങ്ങോ, പൊള്ളയായ ന്യായീകരണമോ ഒക്കെ സാധ്യതകളായി സ്വീകരിക്കുക, അങ്ങനെ അധികാരം അതിന്റെ നിഷ്‌കളങ്ക വിധേയരെ കൊണ്ട്, അവശേഷിക്കുന്ന ധര്‍മ്മബദ്ധമായ ഭരണനിര്‍വഹണ വ്യവസ്ഥകളെയും നിര്‍വാഹകരെയും തച്ചു തകര്‍ക്കുക. ഇതാണ് നിരന്തരം സംഭവിക്കുന്നത്.
ഒപ്പം മറ്റൊന്നുകൂടിയുണ്ട്. പി പി ദിവ്യയുടെ അധിക്ഷേപവാക്കുകളെ വാതോ രാതെ വിമര്‍ശിക്കുന്ന മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അവരെ വിമര്‍ശി ക്കുന്നതിനുവേണ്ടി ദിവ്യ ഉപയോഗിച്ച അതേ ഭാഷയാണ് കൈക്കൊള്ളുന്നത് എന്നതാണ് ഏറ്റവും പ്രതിലോമകരം. ആ ഭാഷ വഴി വീണ്ടും മുറിയുന്നവരെ ആര് സുഖപ്പെടുത്തും? ഈ സംഭവത്തില്‍ ഒരു എ ഡി എമ്മും ജില്ലാ ഭരണാധി കാരിയും ആയതുകൊണ്ട് വസ്തുതകള്‍ നാം അറിഞ്ഞു.
അനുദിനം മാധ്യമാധി ക്ഷേപങ്ങളിലും വ്യാജ വാര്‍ത്തകളിലും വ്യാജ ആരോപണങ്ങളിലും സമൂഹ മാധ്യമങ്ങളിലെ വെറുപ്പിന്റെ വിതരണങ്ങളിലും നിസഹായരാവുകയോ ആത്മ ഹത്യ ചെയ്യുകയോ ചെയ്യുന്നവരെ ആര് എണ്ണും ? അവിടെ കുറ്റക്കാര്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ടോ? ശിക്ഷിക്കപ്പെടുന്നുണ്ടോ? വിമര്‍ശനം എവിടെവച്ചാണ് വെറുപ്പും അധിക്ഷേപവും ഭീഷണിയും ആയി നിറം മാറുന്നത്? ഏതു ഭാഷാ മാപിനി കൊണ്ട് ഇത് അളന്ന് തിട്ടപ്പെടുത്തും? ഒരു ക്രിയാത്മക തിരുത്തല്‍ പ്രക്രിയയില്‍ ഇവയ്‌ക്കൊക്കെ എവിടെയാണ് സ്ഥാനം? യാതൊരു എഡിറ്റുകളും കട്ടുകളും ഇല്ലാത്ത ഇത്തരം ലൈവ് ഭാഷാപ്രയോഗങ്ങളിലും അധികാര ഗര്‍വിന്റെ അശ്വമേധങ്ങളിലും ഇനിയും ഒരുപാട് പേര്‍ക്കു മുറി വേല്‍ക്കും, കളം വിടും. അപ്പോഴും നമ്മള്‍ അതേ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കും!