Editorial

മറ കെട്ടിയാൽ മാറുമോ ദാരിദ്ര്യം?

Sathyadeepam
ഇത്തരം മറത്തുണികൾ നാണമില്ലാതെ തൂക്കിയിടാൻ നമ്മുടെ രാജ്യം ഇത്രയധികം ശീലിച്ചത് എന്തുകൊണ്ടായിരിക്കും?

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ അഭിമാനം ഉച്ചകോടിയിലെത്തി, സംശയമില്ല. പക്ഷെ ഉച്ചകോടി ദിനങ്ങളിൽ ഡൽഹിയിലെ വസന്ത് വിഹാറിലെ 281-ഓളം കുടുംബങ്ങൾ അധിവസിക്കുന്ന ‘കൂലി ക്യാമ്പ്’ ചേരിക്ക് ചുറ്റും പത്തടി ഉയരമുള്ള നീലയും വെള്ളയും മറകൾ ഉയർന്നിരുന്നു. ചേരി നിവാസികളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം ഏതാനും വഴികളിലേക്ക് മാത്രമായി ചുരുക്കപ്പെട്ടു. അവരുടെ ഉപജീവനോപാധികൾ ദിവസങ്ങൾ മുടങ്ങി. ഉച്ചകോടിക്ക് വരുന്നവർ ചേരി കാണരുത് എന്ന വാശി ഇന്ത്യയിൽ ഇതാദ്യമല്ല. 2023-ലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായും ഒരു മറ ഉയർന്നിരുന്നു.

നഗരം ഉച്ചകോടിക്കുവേണ്ടി സൗന്ദര്യവൽക്കരിക്കാൻ പൗരന്മാരെ തുണിയിട്ട് മറക്കണോ? ചേരി നഗര ഭൂപടത്തിലെ വൃത്തിയില്ലാത്ത ഇടം ആയിരിക്കാം. പക്ഷേ അവിടെ താമസിക്കുന്നത് മനുഷ്യരാണ്. നിർമ്മാണ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ഡ്രൈവർമാർ എന്നിങ്ങനെ ഡൽഹിയുടെ നഗരജീവിതം സുഗമമാക്കുന്നതിനായി രാപകൽ അധ്വാനിക്കുന്നവർ. രാജ്യത്തെ ചില ദരിദ്ര പൗരന്മാർ നഗരത്തെ സേവിക്കുമ്പോൾ മാത്രം ദൃശ്യരായാൽ മതി എന്നാണോ? നഗരം അന്തസ്സ് ആഗ്രഹിക്കുമ്പോൾ അവരെ മറച്ച് പിടിക്കാം! ഏത് എപ്പോൾ വേണമെന്ന് രാഷ്ട്രം തീരുമാനിക്കും!

ഇത് മോദിയുടെ വികസിത ഇന്ത്യയിലെ ഭരണനിർവഹണ സംസ്കാരമോ ശൈലിയോ ആണ്. ദാരിദ്ര്യം ഇവിടെ പരിഹരിക്കപ്പെടേണ്ട അവസ്ഥയല്ല. പകരം, കാഴ്ചയിൽ നിന്ന് മറച്ചുവയ്ക്കേണ്ട ഒരു വൈരൂപ്യം ആണ്! ദരിദ്രരുടെ അവസ്ഥ തെല്ലും മാറ്റാതെ, വിദേശ രാഷ്ട്രത്തലവന്മാരുടെ മുമ്പിൽ കൺകെട്ടു നടത്തുകയാണ്. വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇന്ത്യ മഹാരാജ്യം അവതരിപ്പിക്കുന്ന ആഗോള പ്രതിച്ഛായ, ആ നഗരത്തെ തങ്ങളുടെ വിയർപ്പുകൊണ്ട് ചലിപ്പിക്കുന്ന അധ്വാനവർഗ്ഗത്തെ മൂടിവെച്ചുകൊണ്ടാകു മ്പോൾ, അത് സ്വയം നിർമ്മിച്ചെടുക്കുന്ന ഒരു വ്യാജ ബിംബമായി മാറുന്നു.

ഹന്ന അരന്റിന്റെ The Human Condition എന്ന പുസ്തകത്തിൽ ‘space of appearance’ ഒരു നിരീക്ഷണം ഉണ്ട്. ഒരാളുടെ രാഷ്ട്രീയപരമായ നിലനിൽപ്പ് മറ്റുള്ളവർക്കു മുമ്പിൽ അവർ കാണപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവിടെ പുറന്തള്ളപ്പെടുക എന്നാൽ സമൂഹത്തിൽ അവർ കാണാതിരിക്കപ്പെടുക എന്നതാണ്. “പൊതുസമൂഹത്തിന്റെ കാഴ്ചയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ.” കാണപ്പെടാത്തതിനോട് സമൂഹത്തിനോ രാഷ്ട്രത്തിനോ ഉത്തരം പറയേണ്ടതില്ലല്ലോ! അത്തരം ചേരികളുടെ കാഴ്ച ഒരു പൗരന്റെ മനഃസാക്ഷിയോട് ഉന്നയിക്കുമായിരുന്ന ധാർമ്മികമായ ചോദ്യങ്ങളും ഉച്ചകോടിയുടെ കാലയളവിലേക്ക് റദ്ദാക്കപ്പെടുന്നു. കാഴ്ചകളെയും കേൾവികളെയും ഇല്ലാതാക്കിയാൽ ധാർമിക ചോദ്യങ്ങളും ഇല്ലാതാകും!

ഒരു രാജ്യത്തിന്റെ മഹത്വം അളക്കേണ്ടത് കെട്ടിടങ്ങളുടെ ഉയരം കൊണ്ടോ ജി.ഡി.പി.യുടെ വലിപ്പം കൊണ്ടോ എത്തുന്ന അതിഥികളുടെ എണ്ണം കൊണ്ടോ മാത്രമാണോ? ക്യാമറകൾ എത്തുമ്പോഴൊക്കെ തങ്ങൾ ആട്ടിയോടിക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്യുമോ എന്ന ഭയമില്ലാതെ ജീവിക്കാൻ ഏറ്റവും ദുർബലരായ മനുഷ്യർക്ക് കഴിയുന്നുണ്ടോ എന്നതുകൊണ്ട് കൂടിയല്ലേ? കൂലി ക്യാമ്പിലെ നിവാസികൾ ഡൽഹിയുടെ ഭൂപടത്തിലെ കളങ്കങ്ങളല്ല. അവർ ഡൽഹിയുടെ തൊഴിലാളികളും അയൽക്കാരും പൗരന്മാരുമാണ്. അതിജീവനശേഷിയുള്ള, സുസ്ഥിരമായ, മാനുഷിക മൂല്യമുള്ള ഒരു മഹാശക്തിയായി ലോകം തങ്ങളെ കാണണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, വിശിഷ്ടാതിഥികൾ എത്തുമ്പോൾ മൂടിവയ്ക്കപ്പെടേണ്ട ഒന്നായി ഒരു പൗരനും കരുതപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് അത് ആരംഭിക്കേണ്ടത്.

യഥാർത്ഥത്തിൽ ഈ തുണിമറ രാജ്യത്തിന്റെ ആകുലതയെയാണ് തുറന്നുകാട്ടിയത്: ദാരിദ്ര്യം ഇന്ത്യയുടെ പ്രതിച്ഛായയെ നശിപ്പിക്കുമെന്ന ഭയം. ദാരിദ്ര്യം “ദൃശ്യമായതുകൊണ്ടല്ല”, മറിച്ച് ആ ദാരിദ്ര്യം അനേകർ “സഹിക്കുന്നതു”കൊണ്ടാണ് അത് സമൂഹത്തെ നശിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നതാണ്, അതില്ലാതാക്കുന്നതിനുള്ള ദീർഘകാല പദ്ധതികളാണ് വിവേകപൂർണ്ണമായ രാഷ്ട്രീയം. മാറിയുടുക്കാൻ തുണിയില്ലാത്തതിനാൽ സ്വന്തം വസ്ത്രത്തിന്റെ ഒരറ്റം ദേഹത്ത് ചുറ്റി മറ്റേയറ്റം പുഴയിൽ കഴുകി കൊണ്ടിരുന്ന സ്ത്രീക്ക് മേൽമുണ്ടെറി ഞ്ഞു കൊടുത്ത, പിന്നീട് അർദ്ധനഗ്‌നനായി മാത്രം ജീവിച്ച മഹാത്മാഗാന്ധിയുടെ നാട് അല്ലേ ഇത്?

ഉച്ചകോടികൾ അവസാനിക്കും, മറകൾ എടുത്തു മാറ്റപ്പെടും. പൊതുമനഃസാക്ഷിയോട് ഒരു ചോദ്യം ബാക്കി നിൽക്കും. ഇത്തരം മറത്തുണികൾ നാണമില്ലാതെ തൂക്കിയിടാൻ നമ്മുടെ രാജ്യം ഇത്രയധികം ശീലിച്ചത് എന്തുകൊണ്ടായിരിക്കും?

ഉന്മാദം

വചനമനസ്‌കാരം: No.234

മുറിവിന്റെ ഭാഷ

കാരുണ്യത്തിന്റെ പരിമളം ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ

ചുവർ മാസിക പ്രകാശനം ചെയ്തു