കാരുണ്യത്തിന്റെ പരിമളം ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ

The Fragrance of Compassion - venerable fr Varghese Payyappilly
Published on

ഈശോയുടെ കാരുണ്യം അനുഭവിക്കുകയും ആ കാരുണ്യത്തിന്റെ നിറവിനാൽ അനുഗ്രഹിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ. 1876 കോന്തുരുത്തിയിൽ ജനനം. 1907 എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി പട്ടമേറ്റു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ എന്നിവിടങ്ങളിൽ വികാരിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 22 വർഷത്തെ വൈദികജീവിതത്തിൽ 12 വർഷവും ആലുവ സെന്റ് മേരിസ് സ്കൂളിന്റെ മാനേജർ ആയിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നമ്മുടെ സംസ്ഥാനത്തിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളായി അതിനെ മാറ്റിയതിൽ വർഗീസ് അച്ചന്റെ പങ്ക് നിസ്തുലമാണ്.

വർഗീസ് അച്ചൻ മതസൗഹാർദ്ദത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ആലുവയിലും പരിസര പ്രദേശങ്ങളിലും കടുത്ത നാശം വിതച്ച 1924-ലെ വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെട്ടി രുന്നവരെ സഹായിക്കാൻ സ്വന്തം ജീവനെ മറന്ന് ആദ്യം ചെയ്തത് ആലുവയിലെ പ്രമുഖരെ ഒരുമിച്ചുകൂട്ടി അവരുടെ സഹകരണവും ഉറപ്പുവരുത്തുകയായിരുന്നു. നാനാജാതി മതസ്ഥരായ നാട്ടുകാർ കൈയ്യും മെയ്യും മറന്ന് അച്ചനോടൊപ്പം മുന്നോട്ടിറങ്ങിയ ചരിത്രം ആലുവയ്ക്ക് മാത്രമല്ല ഭാരതത്തിലാകെ നല്ലൊരു മാതൃകയായി.

നമ്മുടെ നാട് ഒന്നാം ലോകമഹായുദ്ധ ത്തിന്റെ കെടുതികൾ വിട്ടുമാറാത്ത നാളുകളിലായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ദുരിതവുമെന്നോർക്കുമ്പോൾ, അന്നത്തെ അവസ്ഥ ഒന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പ്രളയത്തിന്റെ അവസ്ഥയിൽ നിന്നും മോചനം പ്രാപിച്ചപ്പോൾ നാട്ടിൽ കൊടിയ ദാരിദ്ര്യമായി. ഈ കാലഘട്ടത്തിൽ ഏറ്റവും അനാഥരായവർ വയോജനങ്ങളായിരുന്നു. ഭവനത്തിൽ എന്തെങ്കിലുമുള്ളത് കൊടുത്ത് കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോൾ, വൃദ്ധരായ മാതാപിതാക്കൾ പുറന്തള്ളപ്പെട്ടു. ഇത് ദീനാനുകമ്പയുള്ള വർഗീസച്ചന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു. വൃദ്ധജനങ്ങൾക്കുവേണ്ടി ഒരു സംരക്ഷണ മന്ദിരം ഏറ്റവും അത്യാവശ്യമാണെന്ന് അതിരൂപതാദ്ധ്യ ക്ഷനായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിനെ അറിയിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും അദ്ദേഹത്തിനൊപ്പം കൂടി. വളരെ വേഗം പിതാവിന്റെ അനുവാദം ലഭിച്ചു.

വൃദ്ധ സഹോദരങ്ങളേ ഒന്നിച്ച് കൂട്ടിയാൽ പോരല്ലോ, അവരെ കരുണയോടെ ശുശ്രൂഷിക്കാനുള്ളവരെ കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. തൽഫലമായി 1927 മാർച്ച് 19-ന് വി. യൗസേപ്പിതാവിനെ മധ്യസ്ഥ നായി തിരഞ്ഞെടുത്തുകൊണ്ട് പാവപ്പെട്ടവരുടെ കൊച്ചു സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന് വർഗീസച്ചൻ ആരംഭം കുറിച്ചു. കിഴക്കമ്പലം ഇടവകക്കാരായ അഞ്ച് പെൺകുട്ടികൾ ആയിരുന്നു നവ സന്യാസിനിമാർ.

“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ഇത് ചെയ്തു തന്നത്” (മത്തായി 25:40) എന്ന തിരുവചനം അദ്ദേഹത്തെ ഗ്രസിച്ചിരുന്നു. അത് തന്റെയും തന്റെ മക്കളുടെയും ജീവിതത്തെ നയിക്കുന്ന വചനം ആയിരിക്കണമെന്ന് വർഗീസ് അച്ചന് നിർബന്ധം ഉണ്ടായിരുന്നു.

സഹോദരിമാർ സ്വന്തം പോലെ പാവങ്ങളായ സഹോദരങ്ങളെ ശുശ്രൂഷിച്ചു. അങ്ങനെ കേരളക്കരയിലെ ആദ്യ അഗതി മന്ദിരം ചുണങ്ങംവേലിയിൽ സ്ഥാപിതമായി. പാവപ്പെട്ടവരുടെ കൊച്ചു സഹോദരിമാർ എന്ന പേരിൽ വേറൊരു സമൂഹമുണ്ടെന്നറിഞ്ഞപ്പോൾ തിരുസഭ അധികാരികൾ ഈ സമൂഹത്തിന്റെ പേര് ചെറുതായൊന്ന് മാറ്റി. അങ്ങനെ അവർ അന്നു മുതൽ അഗതികളുടെ സഹോദരി മാർ (Sisters of the Destitute: SD) എന്ന് അറിയപ്പെടാൻ തുടങ്ങി.

1929 ഒക്ടോബർ 5-ാം തീയതി പകൽ 10.30-ന് തന്റെ 53-ാമത്തെ വയസ്സിൽ വർഗീസച്ചന്റെ ആത്മാവ് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. പിറ്റേ ദിവസം 6-ാം തീയതി വൈകുന്നേരം 4-ന് മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിന്റെ കാർമ്മികത്വത്തിൽ വർഗീസച്ചന്റെ ഇടവകയായ കോന്തുരുത്തി പള്ളിയുടെ ഉൾഭാഗത്ത് പ്രത്യേക കല്ലറയിൽ മൃതദേഹം അടക്കം ചെയ്തു.

80 വർഷങ്ങൾക്കുശേഷം 2009 ഓഗസ്റ്റ് 25-ന് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ ബഹു. വർഗീസ് അച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 23-ാം തീയതി നാമകരണ നടപടികളുടെ ഭാഗമായി 82 വർഷങ്ങൾക്കുശേഷം ദൈവദാസന്റെ കബറിടം തുറന്നപ്പോൾ കണ്ട കാഴ്ച വലിയ അതിശയം ജനിപ്പിക്കുന്ന ഒന്നായിരുന്നു. ശരീരത്തിലെ ഓരോ അസ്ഥികളും ഒട്ടുംതന്നെ ദ്രവിക്കാതെ ശരിയായ നിറത്തിലും രൂപത്തിലും ഒന്നുപോലും നഷ്ടപ്പെടാതെ കാണുവാൻ സാധിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പൂജ്യാവശിഷ്ടം പുതിയ കല്ലറയിലേക്ക് മാറ്റി.

2018 ഏപ്രിൽ 14-ാം തീയതി ദൈവദാസൻ വർഗീസ് പയ്യപ്പിള്ളി അച്ചനെ ഫ്രാൻസിസ് മാർപാപ്പ ‘ധന്യൻ’ പദവിയിലേക്കുയർത്തി. പയ്യപ്പിള്ളി അച്ചന്റെ കബറിടത്തിൽ ദിനംപ്രതി വിദൂരങ്ങളിൽ നിന്നു പോലും നിരവധി വിശ്വാസികൾ വന്നു പ്രാർത്ഥിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ 5-ാം തീയതിയാണ് ഓർമ്മദിനമായി ആചരിക്കുന്നത്.

അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി വർഷത്തിന് തുടക്കം കുറിക്കുമ്പോൾ, അഞ്ച് സിസ്റ്റർമാരുമായി 100 വർഷങ്ങൾക്കു മുമ്പ് വർഗീസ് അച്ചൻ പകർന്ന് നൽകിയ കാരുണ്യത്തിന്റെ വെളിച്ചം ഇന്ന് ഇന്ത്യയിലും മറ്റ് 14 രാജ്യങ്ങളിലും ആറ് പ്രോവിൻസുകളും ഒരു റീജണുമായി 1854 സിസ്റ്റേഴ്സിലൂടെ അനേകായിരങ്ങൾക്ക് തണലേകി സ്ഥാപക പിതാവിന്റെ സ്വപ്നങ്ങൾക്ക് വെളിച്ചം പകർന്നു നൽകുന്നു. ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ എത്രയും വേഗം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടട്ടെ എന്ന് നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം. നമ്മുടെ വിഷമസന്ധികളിൽ, രോഗാവസ്ഥകളിൽ വിശ്വാസത്തോടെ ധന്യൻ വർഗീസച്ചന്റെ മാദ്ധ്യസ്ഥം നമുക്ക് യാചിക്കാം.

logo
Sathyadeepam Online
www.sathyadeepam.org