വചനമനസ്‌കാരം: No.234

vachana manaskaram - st john 4:31, 32
Published on

തത്സമയം ശിഷ്യൻമാർ അവനോട് അപേക്ഷിച്ചു. റബ്ബീ, ഭക്ഷണം കഴിച്ചാലും. അവൻ പറഞ്ഞു: നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.

യോഹന്നാൻ 4:31, 32

‘വിശക്കുന്നുണ്ടോ?’

‘ഉണ്ട്’

‘സാരമില്ല! അര മണിക്കൂറിന്റെ ഈ സെഷൻ കഴിഞ്ഞാലുടനെ പ്രഭാതഭക്ഷണം ഉണ്ടല്ലോ. പരിചിതമായ വാക്കുകൾക്ക് പരിചിതമായ അർത്ഥം മാത്രം കൽപ്പിക്കുന്ന പ്രവണത നമ്മുടെ തലച്ചോറിന്റെ ഒരു പരിമിതിയാണ്. ചോദ്യം ആവർത്തിക്കാം. പരിശുദ്ധാരൂപിയോട് ചോദിച്ചശേഷം ഉത്തരം പറയണം. വിശക്കുന്നുണ്ടോ?’

‘ഉണ്ട്. ആത്മീയതയ്ക്കുവേണ്ടി വിശക്കുന്നുണ്ട്.’

‘കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ?’

‘വിശ്വാസത്തിനുവേണ്ടി വിശക്കുന്നുണ്ട്.’

‘അല്പം കൂടി ആഴമായി പറഞ്ഞാൽ?’

‘ദൈവത്തിനുവേണ്ടി വിശക്കുന്നുണ്ട്.’

‘അതെ. അതാണ് പരമാർത്ഥം. ദൈവത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിനാലാണ് ഈ പ്രഭാതത്തിൽ നാം ഇവിടെ ആയിരിക്കുന്നത്. വാസ്തവത്തിൽ എല്ലാ മനുഷ്യർക്കും ഉണ്ടാകേണ്ടതാണ് ആ വിശപ്പ്. സൃഷ്ടി സ്രഷ്ടാവിനായി വിശക്കുന്നതും ദാഹിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ, അങ്ങനെയല്ല സംഭവിച്ചത്. മറ്റു വിശപ്പുകളും ദാഹങ്ങളും മനുഷ്യനെ കീഴടക്കി. അതിൽ നിന്നാണ് മനുഷ്യന്റെ പതനം ആരംഭിച്ചത്. ആദ്യപാപം എന്നത് വെറുമൊരു പഴത്തിന്റെ കേസല്ല! ലളിതമായ അനുസരണക്കേടുമല്ല. ആദ്യപാപം എന്നത് അവിശ്വസ്തയാണ്. ദൈവ-മനുഷ്യബന്ധത്തിന്റെ അടിത്തറ വിശ്വസ്‌തതയാണ്. അതാണ് തകർന്നത്. അവിശ്വസ്തതയുടെ ആ പ്രവർത്തിക്കു പിന്നിലും മറ്റൊരു വിശപ്പാണ്. ആ വിശപ്പിന്റെ പേരിലാണ് സർപ്പം ആദി മാതാപിതാക്കളെ പ്രലോഭിപ്പിച്ചത്. പറയാമോ?’

‘ദൈവത്തെപ്പോലെയാകാനുള്ള വിശപ്പ്.’

‘അതെ. സത്യത്തിൽ അത് അയാളുടെ വിശപ്പായിരുന്നു. ദൈവത്വത്തിനുവേണ്ടി വിശന്നത് അയാളാണ്. അതേക്കുറിച്ച് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. “ഞാൻ സ്വർഗത്തിലേക്കു കയറും, ഉന്നതത്തിൽ ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുപരി എന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഞാൻ അത്യുന്നതനെപ്പോലെ ആകും” എന്നെല്ലാം സ്വയം പറഞ്ഞ (14:13,14), ‘ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രം’ സാത്താനായി നിപതിച്ചു. വാസ്‌തവത്തിൽ അഹങ്കാരമാണ് ആദ്യപാപം. അഹങ്കാരം എല്ലാ പാപങ്ങളുടെയും മാതാവാണ്. ദൈവം സാത്താനെ സൃഷ്ടിച്ചിട്ടില്ല. തിന്മയും അവിടുത്തെ സൃഷ്ടിയല്ല. അഹങ്കാരമാണ് സാത്താനെ രൂപപ്പെടുത്തിയത്. അതോടെ മനുഷ്യന് പലതരം വിശപ്പുകളും ദാഹങ്ങളും ഉണ്ടായി. അങ്ങനെയാണ് മനുഷ്യൻ; കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നീ അഷ്ടകഷ്ടങ്ങൾക്കുവേണ്ടി വിശക്കാനാരംഭിച്ചത്. അങ്ങനെയാണ് മനുഷ്യൻ; ആഹാരം, വിഹാരം, നിദ്ര, മൈഥുനം എന്നീ നാശകാരണചതുഷ്ടയത്തിനായി ദാഹിക്കാനാരംഭിച്ചത്. എന്നാൽ, അതിനെല്ലാം അപ്പുറം ആത്മാവിന്റെ വിശപ്പിനെയും ദാഹത്തെയും പറ്റി അവബോധമുണ്ടാകണം. ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിക്കാതിരുന്നാൽ വയറ്റിൽ എരിയുന്ന തീ നമുക്ക് പരിചിതമാണല്ലോ! അങ്ങനെയെങ്കിൽ കാലങ്ങളോളം ഭക്ഷണവും പോഷണവും കിട്ടാതെ പീഡയനുഭവിക്കുന്ന ആത്മാവിന്റെ അവസ്ഥ ചിന്തിച്ചുനോക്കൂ! സമരിയാക്കാരിയുമായുള്ള സംഭാഷണത്തിനൊടുവിൽ ഭക്ഷണവുമായി വന്ന ശിഷ്യന്മാരോട് യേശു പറഞ്ഞത് ലോകത്തോടു പറയാൻ നമുക്കും കഴിയണം: നിങ്ങൾ അറിയാത്ത ഭക്ഷണം ഞങ്ങൾക്കുണ്ട്! നിങ്ങൾ അറിയാത്ത വിശപ്പുകളും ദാഹങ്ങളും ഞങ്ങൾക്കുണ്ട്! ലോകം അറിയാത്ത വിശപ്പും ദാഹവും ഉണ്ടെന്നറിഞ്ഞാലേ ലോകം അറിയാത്ത ഭക്ഷണപാനീയങ്ങൾക്കായി അധ്വാനിക്കാൻ നമുക്ക് കഴിയുകയുള്ളൂ. യേശു വിശന്നതും ദാഹിച്ചതും എന്തിനുവേണ്ടിയായിരുന്നെന്ന് പറയാമോ?’

‘സ്നേഹത്തിനുവേണ്ടി; സത്യം, നീതി എന്നിവയ്ക്കുവേണ്ടി; ആത്മാക്കൾക്കുവേണ്ടി; ദൈവരാജ്യത്തിനുവേണ്ടി; പ്രാർത്ഥനയിലൂടെ പിതാവുമായി ഗാഢമായ ഐക്യത്തിലാകുന്നതിനുവേണ്ടി.’

‘ശരിയാണ്. യേശുവിന്റെ വിശപ്പും ദാഹവുമെല്ലാം യേശുവിൽ വിശ്വസിക്കുന്നവരുടെയും വിശപ്പും ദാഹവുമായി മാറുന്ന അത്ഭുത പ്രതിഭാസമാണ് ക്രിസ്‌തീയത! യേശു വിശന്നതിനുവേണ്ടി വിശക്കാനും ദാഹിച്ചതിനുവേണ്ടി ദാഹിക്കാനും കഴിയുമ്പോഴാണ് നമ്മൾ യഥാർത്ഥ ക്രിസ്തുശിഷ്യരാകുന്നത്.നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവുമെല്ലാം ദൈവത്തിന് നന്നായി അറിയാം. അതിനാലാണ് അവിടുന്ന് കുരിശിലും കുർബാനയിലും നമ്മുടെ ഭക്ഷണവും പാനീയവും ആയി മാറിയത്. വിശ്വാസം വർധിപ്പിക്കാനും പ്രാർത്ഥിക്കാൻ പഠിപ്പിക്കാനുമെല്ലാം അപ്പസ്തോലൻമാർ യേശുവിനോട് യാചിക്കുന്നുണ്ട്. അതുപോലെ, നമ്മുടെ വിശപ്പും ദാഹവും വർധിപ്പിക്കാൻ നമുക്കും യാചിക്കാം. ഭക്ഷണവും ജീവജലവും തരണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം നമ്മെ തൃപ്തരാക്കട്ടെ.’

logo
Sathyadeepam Online
www.sathyadeepam.org