ഉന്മാദം

തവിട്ടുപാത - 14
thavittu patha - unmatham - 14
Published on

വർഷങ്ങൾക്കു മുമ്പാണ്. 1937-ലെ ഒരു ക്രിസ്മസ് ദിനമാണ്. കനത്ത മൂടൽമഞ്ഞു മൂലം ഒരു ഫുട്ബോൾ മാച്ച് ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടതായി വന്നു. ഒരു വശത്തെ ഗോളിയത റിഞ്ഞില്ല. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ റഫറി യുടെ നീണ്ട വിസിൽ കേട്ടില്ല.

കളി തുടരുകയാണ് എന്ന സങ്കല്പത്തിൽ മൂടിപ്പോയ മൈതാനത്തിന്റെ ഒരറ്റത്തിൽ കരം വിരിച്ച് ചടുലമായി അയാൾ നിന്നു. പതിനഞ്ച് മിനിറ്റിനു മുമ്പ് കളി അവസാനിച്ചിരുന്നുവെന്ന് ഒറ്റയ്ക്കായിപ്പോയ അയാളോട് പൊലീസാണ് പിന്നീട് അറിയിച്ചത്. അയാൾ അവരോട് പറഞ്ഞത് സ്നേഹ സംഭാഷണ ങ്ങളിലൊക്കെ ഒരു നെടുവീർ പ്പായി മുഴങ്ങാറുണ്ട്: How sad that my friends forget me when I was guarding their goal post?

നിങ്ങളവരുടെ ഗോൾ വലയം കാക്കാനായി തണുത്ത് വിറച്ച് നിൽക്കുമ്പോൾ അവരെന്താണ് ചെയ്യുന്നത്? Sam Bartram, തന്റെ ആത്മകഥയിൽ സങ്കടം കൊണ്ടു കണ്ണുമൂടിയ ഒരു ദിനം അങ്ങനെയാണ് അടയാളപ്പെടുത്തിയത്.

പിടുത്തം കിട്ടാതെ പോകുന്ന സ്നേഹത്തിന്റെ രൂപകകഥയായി ഇത് ഓർമ്മിക്ക പ്പെടും. നൂറ്റിയെൺപത് ഡിഗ്രി തിരിഞ്ഞ തന്റെ മാനസാന്തര ജീവിതത്തിൽ തന്നെ സദാ പൊതിഞ്ഞിരുന്ന സ്‌നേഹത്തി ലേക്ക് അയാൾക്ക് ഓരോരോ കിളിവാതിൽ തുറന്നു കിട്ടുക യാണ്. ഓരോന്നായി അയാൾ ഓർമ്മിച്ചെടുക്കയാണ്. crib/crucifix/ciborium ഇവ മൂന്നിലും അടക്കം ചെയ്ത സ്നേഹത്തെക്കുറിച്ച് ഒരു മിന്നൽക്കാഴ്ച ലഭിച്ച അയാൾ ചുമ്മാ കരഞ്ഞു കൊണ്ടേ യിരുന്നു. പുൽക്കൂടിലെ മനുഷ്യാവതാരം, കുരിശിലെ അത്മബലി, തിരുവത്താഴ ത്തിലെ സജീവസാന്നിദ്ധ്യം - അങ്ങനെ മൂന്ന് പദങ്ങളിലായി ഫ്രാൻസീസിന്റെ സ്‌നേഹ ധ്യാനം ഏകാഗ്രമായി. അതിൽ നിന്ന് പുറത്തു കടക്കുമ്പോ ളൊക്കെ സ്‌നേഹമേ എന്റെ സ്‌നേഹിക്കപ്പെടാതെ പോയ സ്‌നേഹമേ എന്നുറക്കെ നില വിളിച്ചു. ആ നിലവിളിയിലാണ് ശിഷ്ടജീവിതത്തിന്റെ കോമ്പസ് ! ബാക്കിയെല്ലാം അതിൽ നിന്നാണ് തളിർക്കുന്നത്. നമ്മളീ പറയുന്ന ജീവജാലങ്ങ ളോടുള്ള പ്രേമം പോലും സംഭവിക്കുന്നത് അങ്ങനെ യാണ്. അയാളിലുണരുന്ന സ്‌നേഹത്തിലേക്കവർ ഉരുമി യുരുമി താനെ സഞ്ചരിച്ചെ ത്തുകയാണ്.

മിസ്‌റ്റിക്കുകളൊക്കെ രൂപപ്പെടുന്നത് ആ ഒരു താക്കോൽ കാഴ്ചയിലൂടെയാണ്. ക്രിസ്തീയ നാൾവഴിയിൽ അത് യോഹന്നാനിലൂടെയാണ് ആരംഭിക്കുന്നത്. സുവിശേഷത്തിന്റെ ഒടുവിൽ അയാൾക്ക് ലഭിച്ച സൗഭാഗ്യത്തിന്റെ സൂചനയുണ്ട്. യേശുവിന്റെ പിളർക്കപ്പെട്ട നെഞ്ചിലേക്കുള്ള നേർക്കാഴ്ച. അവിടെനിന്ന് ആരോ ഉറവക്കണ്ണിൽ കൊത്തിയെന്ന പോലെ രക്തവും ജലവും കുതിച്ചൊഴുകുകയാണ്. എത്ര പറഞ്ഞിട്ടും അയാൾക്ക് അത് മതിയാവുന്നില്ല. അത് കണ്ടവൻ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്, അവന്റെ സാക്ഷ്യം സത്യമാണ്. നിങ്ങളുമത് വിശ്വസിക്കാനാണ് അതെഴുതുന്നത് എന്നൊക്കെ പറഞ്ഞു പറഞ്ഞ് അയാൾ കവിഞ്ഞൊഴുകുകയാണ്.

അത്യപൂർവമായി മാത്രം തുറന്നടയുന്ന മനുഷ്യരുടെ സ്നേഹജാലക ങ്ങളിലേക്ക് ഒരെത്തിനോട്ടം മാത്രം മതി ജീവിതത്തെ പ്രസാദമധുരവും താളാത്മകവു മാക്കാൻ.

പല രീതിയിൽ പിന്നീട് ഈ കാഴ്ച വ്യാഖ്യാനിക്കപ്പെടും. ജലം ജ്ഞാനസ്നാനത്തിന്റെയും രക്തം ദിവ്യബലിയുടെയും സൂചനയായി എണ്ണുന്ന മതവിചാരം മുതൽ പുതുപിറവിയുടെ മറുപിള്ളയായി അതിനെ കരുതുന്ന അപ്പോക്ലീറ്റസ് വായന വരെ. ഹൃദ്യമായി തോന്നുന്നത് മിഴിയടഞ്ഞാലും ഒഴുക്ക് നിലയ്ക്കാത്ത അവന്റെ സ്നേഹധാര തന്നെയാണ് ഇതെന്ന കവിതയാണ്. നമ്മുടെ വീട്ടുമുറ്റത്തെ കിണറിലും ആചാര്യന്മാരുടെ തടാകത്തിലും നീർപ്രസാദമായി ഒഴുകിയെത്തിയത് ഉന്നതങ്ങളിൽ നിന്നുള്ള ഈ ധാര തന്നെയായിരുന്നു.

അത്തരം ഒന്നിലേക്ക് നോട്ടം കിട്ടിയ ഒരാൾക്ക് ഉന്മാദിയാകാതെ തരമില്ല. അസ്സീസിയിലെ ഫ്രാൻസിസിൽ സംഭവിച്ചത് അതാണ്. വലിയൊരു സ്നേഹാനുഭവത്തിന്റെ തീവ്രതയിൽ സമനില തെറ്റി തെരുവോരങ്ങളിലും ചന്തസ്ഥലങ്ങളിലും അയാളിങ്ങനെ നെഞ്ചത്തടിച്ചും നിലവിളിച്ചും അലഞ്ഞു നടന്നു: സ്നേഹമേ സ്നേഹിക്കപ്പെടാതെ പോയ സ്നേഹമേ..

മറ്റൊരു ദേശത്ത് അക്കമഹാദേവി വിവസ്ത്രയായി നൃത്തം ചവിട്ടുന്നു. അദൃശ്യനായ ആരോ ഒരാളെ അവൾ മുറുകെ പിടിക്കുന്നു. സൂഫിസത്തിന്റെ ഗന്ധമുള്ള ഒരു പാട്ട് ആരോ മൂളുന്നു: തുള്ളിയാമെന്നുള്ളിൽ വന്നു നീയാം കടൽ പ്രിയനേ. . .

എപ്പോഴും അത് ദൈവസങ്കല്പങ്ങളിൽ തന്നെയാവണമെന്നില്ല. വ്യാഖ്യാനാതീതമായ, അമൂർത്തമായ എന്തോ ഒന്ന് എന്നെ പൊതിയുന്നുണ്ടെന്നുള്ള ബോധത്തിലാണ് അഗാധസ്നേഹത്തിന്റെ തളിർപ്പുകൾ ഉള്ളിലുണ്ടാകുന്നത്. ജോൺസിമാസ്റ്ററെ സംബന്ധിച്ചിടത്തോളം അത് കാടുരുകി പതഞ്ഞുയർന്ന ഒരു ഹരിതധാരയായിരുന്നു. ആത്മഹത്യയുടെ അതിരിൽനിന്ന് ഒരാളെ സ്നേഹം അതിന്റെ മായക്കാഴ്ച കാട്ടി വീണ്ടെടുക്കുകയായിരുന്നു. അതിനുശേഷമാണ് അയാൾക്ക് ഓരോ പുൽനാമ്പിനോടും ചെറുജീവികളോടും കൃതജ്ഞതയും അനുഭാവവുമുണ്ടായത്. അത്യപൂർവമായി മാത്രം തുറന്നടയുന്ന മനുഷ്യരുടെ സ്നേഹജാലകങ്ങളിലേക്ക് ഒരെത്തിനോട്ടം മാത്രം മതി ജീവിതത്തെ പ്രസാദമധുരവും താളാത്മകവുമാക്കാൻ.

മെജുഗോറിയേ മാതാവിന്റെ ചിത്രം സമ്മാനമായി കിട്ടിയതാണ്. അതിൽ ആലേഖനം ചെയ്ത വരികൾ ചങ്കിനെ തൊട്ടു: If you knew how much I love you, you’d cry of joy, അത്രമേൽ അഗാധമായി നിന്നെ ഞാൻ സ്നേഹിച്ചുവെന്ന് ഒരു മാത്ര അറിഞ്ഞിരുന്നെങ്കിൽ ആനന്ദത്താൽ നീ നിലവിളിച്ചേനെ.

പ്രശ്നം അതാണ്, നമുക്കായി കരുതിവച്ച സ്നേഹത്തിലേക്ക് ഒന്നു പാളി നോക്കുവാൻ നേരമോ ധ്യാനമോ ഇല്ലാത്തതുകൊണ്ട് ഓട്ടക്കൈയായിത്തീർന്ന നമ്മൾ! മൈക്കിൾ ജാക്സന്റെ അവസാനത്തെ രാവ് ഇങ്ങനെയായിരുന്നു- ദീർഘമായ പരിശീലനത്തിനു ശേഷം അയാൾ തന്റെ വാഹനത്തിലേക്കു നടക്കുമ്പോൾ ക്രൂവിലുള്ള ഒരാൾ വിളിച്ചുപറഞ്ഞു, ലവ് യു മൈക്കിൾ. അയാൾ തിരിഞ്ഞുനിന്ന് പുഞ്ചിരിയോടെ മന്ത്രിച്ചു: ഐ ലവ് യു മോർ; അതിലും മീതെയെന്ന് സാരം. അതാണ് ആ ഗായകന്റെ ഹംസഗീതം.

നിലയില്ലാത്ത കിണറു പോലെ ചില സ്നേഹം. നോക്കി നിൽക്കുമ്പോൾ തല കറങ്ങുന്നു. എന്നിട്ടും, എന്തൊരു പരിഭവത്തിലും പരാതിയിലും അതൃപ്തിയിലുമാണ് അവസാന അങ്കം കഴിയുന്നത്.

ഭൂമിയിൽ സ്‌നേഹമില്ലയെന്ന പരാതി വഴി നിങ്ങൾ വേദപുസ്തകത്തിന് നിരക്കാത്തവരാകുന്നു. അതാരംഭിക്കുന്നത് നരനെ ഈശ്വരച്ഛായയിൽ മെനഞ്ഞുവെന്ന് പറഞ്ഞാണ്- image and likeness of God. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സാധ്യതയാണ് സൂചിതം. ആ മുദ്രയേയാണ് നിങ്ങൾ മായ്ച്ചുകളഞ്ഞത്. ഒക്കെ പാളിനോക്കാത്തതിന്റെ പ്രശ്നമാണ്. ഒരു പത്തുവർഷക്കാലം പള്ളിക്കൂടത്തിലേക്ക് പോകുന്ന കുഞ്ഞിനെ കണ്ണിൽ നിന്നു മറയുവോളം അമ്മ ഉമ്മറത്തുനിന്ന് ഉറ്റുനോക്കുന്നുണ്ട്. ജീവിതത്തിന്റെ മറ്റേതോ മുഹൂർത്തത്തിൽ, നോക്കി നിൽക്കുമെന്ന് നാം ആശിച്ചവർ വളരെ വേഗത്തിൽ വാതിലടയ്ക്കുമ്പോഴാണ് തിരിഞ്ഞുനോക്കാത്ത ആ കുട്ടിക്കാലം നടുക്കമാകുന്നത്.

തടവറവാസത്തിനു ശേഷം പാതിരാവിൽ വീട്ടിലേക്കെത്തിയെ ബഷീർ തനിക്കുവേണ്ടി മൂടിവച്ചിരിക്കുന്ന ചോറും കൂട്ടാനും കണ്ട് അമ്പരക്കുന്നു. പാട്ടവിളക്കിന്റെ വെട്ടത്തിലിരുന്ന് ഉണ്ണുമ്പോൾ അയാൾ അത്ഭുതത്തോടെ ചോദിച്ചു, “ഞാൻ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?” അമ്മ പറഞ്ഞു, “ഓ... ചോറും കറിയും വച്ച് എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും.”

കണ്ണു പൂട്ടൂ, ഈ യോഗയിലൊക്കെ പറയുന്നതുപോലെ പതുക്കെ അഗാധമായി ശ്വസിക്കൂ. എന്നിട്ട് അവനവനോടുതന്നെ പേർത്തുചൊല്ലുക- സ്നേഹമാണ് ഞാൻ ശ്വസിക്കുന്നത്. ഒരേ പാത്രത്തിൽ നിന്ന് കുടിക്കുന്നു എന്നൊക്കെ പറയുന്നതുപോലെ, ഒരേ പാത്രത്തിൽ നിന്ന് ശ്വസിക്കുന്നു നമ്മൾ.

തുള്ളിയിലേക്ക് ഏഴുകടലുകളും ഇരമ്പിയാർക്കുകയാണ്.

logo
Sathyadeepam Online
www.sathyadeepam.org