Editorial

നോവറിയാത്ത നിർമ്മിത ബുദ്ധി, നൊന്തു നീറുന്ന മനുഷ്യമനസ്സ്

Sathyadeepam

‘നിർമ്മിതബുദ്ധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നില്ല; അവയ്ക്ക് സ്വാഭാവികമായ ശരീരമില്ല; അവ സന്തോഷമോ വേദനയോ അനുഭവിക്കുന്നില്ല; ബന്ധങ്ങളിലൂടെ അവ പക്വത പ്രാപിക്കുന്നില്ല; സ്നേഹമോ, അധ്വാനമോ, സൗഹൃദമോ, ഉത്തരവാദിത്തമോ എന്താണെന്ന് അവയ്ക്ക് ആന്തരികമായി അറിയുകയുമില്ല. നന്മ തിന്മകളെ വിവേചിച്ചറിയാനോ, സാഹചര്യങ്ങളുടെ ആത്യന്തികമായ അർഥം ഉൾക്കൊള്ളാനോ, ഭവിഷ്യത്തുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ സാധിക്കാത്തതിനാൽ അവയ്ക്ക് ഒരു ധാർമ്മിക മനസ്സാക്ഷിയുമില്ല. മനുഷ്യന്റെ ഭാഷയും പെരുമാറ്റവും വിശകലന പാടവവും അനുകരിക്കാൻ അവയ്ക്ക് കഴിഞ്ഞേക്കാം; അല്ലെങ്കിൽ സഹാനുഭൂതിയും വിവേകവും ഉള്ളതായി നടിക്കാൻ പോലും അവയ്ക്ക് സാധിച്ചേക്കാം. എന്നാൽ, മനുഷ്യരെ ജ്ഞാനത്തിൽ വളർത്തുന്ന വൈകാരികവും, മാനുഷിക ബന്ധങ്ങളിലധിഷ്ഠിതവുമായ, ആത്മീയ കാഴ്ചപ്പാടുകൾ ഇല്ലാത്തതിനാൽ, അവ ഉത്പാദിപ്പിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അവയ്ക്ക് തന്നെ മനസ്സിലാകുന്നില്ല’ (പോപ്പ് ലിയോ, മഹത്തായ മാനവരാശി, §99).

നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകളുടെ പ്രഭാവത്തിന് മുന്നിൽ പകയ്ക്കാതെ യാഥാർത്ഥ്യത്തോടെ അതിനെ വിവേചിക്കുന്ന വലിയ ഇടയന്റെ ഹൃദയക്കുറിപ്പുകൾ ആണ് 245 ഖണ്ഡികകളുള്ള Magnifica Humanitas എന്ന ചാക്രിക ലേഖനം. ജീവിതത്തെ ജീവിച്ചു തന്നെ മനസ്സിലാക്കിയവരുടെ മഹത്വമാണ് മാനവരാശിയുടെ മഹത്വം എന്ന തിരിച്ചറിവ്. അല്ലാതെ ആരുടെയൊക്കെയോ സാങ്കേതിക വിപ്ലവത്തിലെ വെറും അപ്രധാന കഥാപാത്രങ്ങൾ ആകേണ്ടവരല്ല നാം എന്ന ഓർമ്മപ്പെടുത്തലും. നിർമ്മിതബുദ്ധിയുടെ വിപ്ലവത്തെ ഒരു ദുരന്ത വിധിയായോ എത്തിച്ചേർന്ന ഒരു പറുദീസയായോ പാപ്പ കാണുന്നില്ല. പകരം മനുഷ്യന്റെയും അവന്റെ ജീവിതത്തിന്റെയും ഇടം ഈ വിപ്ലവത്തിനിടയിൽ, യഥാർത്ഥത്തിൽ എവിടെയാണെന്നു തെളിച്ചു കാട്ടുകയാണ്.

നിർമ്മിത ബുദ്ധിയുടെ വിപ്ലവത്തെ ഒരു ദുരന്ത വിധിയായോ എത്തിച്ചേർന്ന ഒരു പറുദീസയായോ പാപ്പ കാണുന്നില്ല.

സാങ്കേതികഭാഷയിൽ optimize ചെയ്യപ്പെടേണ്ട ഒരു മനുഷ്യകുല ത്തെയാണ് നിർമ്മിതബുദ്ധിയുടെ അണിയറക്കാർ സ്വപ്നം കാണുന്നത്. ന്യൂനതകൾ ഏതുമില്ലാത്ത മാനവരാശി. ട്രാൻസ്-ഹ്യൂമൻ പ്രോജക്ട് വരെ എത്തുന്ന ഒന്ന്. പക്ഷേ ചാക്രിക ലേഖനത്തിലെ പാപ്പയുടെ വളരെ പ്രധാനപ്പെട്ട ഒരു വാദം മനുഷ്യരാശിയുടെ പരിമിതികളെയും പരാജയങ്ങളെയും സഹനങ്ങളെയും മുൻനിർത്തിയാണ് രൂപപ്പെടു ത്തിയിട്ടുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഈ രേഖയിലെ തന്നെ ഏറ്റവും ചിന്തോദ്ദീപകവുമായ വാക്യങ്ങളിലൊന്ന് §128 പറയുന്നുണ്ട്. “ഒരു അൽഗോരിതത്തെ സംബന്ധിച്ചിടത്തോളം, തെറ്റ് എന്നത് തിരുത്തപ്പെടേണ്ട ഒന്നാണ്; എന്നാൽ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അത് ആഴത്തിലുള്ള ഒരു പരിവർത്തനത്തിന്റെ തുടക്കമായിരിക്കാം.”

അൽഗോരിതത്തിന്, തെറ്റ് എന്നത് optimize ചെയ്ത് നീക്കം ചെയ്യേണ്ട ഒരു ന്യൂനതയാണ്. എന്നാൽ മനുഷ്യന്, പരാജയം എന്നത് താൻ നേരിടേണ്ട ഒരു പ്രശ്നം മാത്രമല്ല, ദൈവകൃപയുടെ ഒരു സവിശേഷ നിമിഷവുമാണ്. ധൂർത്തപുത്രനും പത്രോസും പൗലോസും അഗസ്റ്റിനും തിരിച്ചറിഞ്ഞതുപോലെ ഒരു നിമിഷം. നിർമ്മിതബുദ്ധിക്ക് മാനസാന്തരപ്പെടാൻ (metanoia) കഴിയില്ല. കാരണം അതിന് പിന്തിരിയാൻ പാപങ്ങളില്ല, തിരിയാൻ ഒരു ആത്മാ വുമില്ല. അത് സ്വയം recalibrate ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മറുവശത്ത്, പരാജയപ്പെടുകയും ക്ഷമിക്കപ്പെടുകയും ചെയ്ത വ്യക്തിക്ക് കരുണ എന്താണെന്ന് അറിയാം. അവൻ അത് രുചിച്ചറിഞ്ഞിട്ടുണ്ട്. പരാജയങ്ങളിലൂടെ കടന്നുപോകുന്നവരെ മനസ്സിലാക്കാനും കരുണ കാട്ടാനും അവനു സാധിക്കും.

മനുഷ്യന്റെ അനുഭവങ്ങൾ, പരാജയങ്ങൾ, ദൗർബല്യങ്ങൾ എല്ലാം സാങ്കേതികവിദ്യയിലൂടെ പരിഹരിക്കപ്പെടേണ്ട ഒരു ന്യൂനതയല്ല; മറിച്ച്, ഒരു വ്യക്തി താൻ എന്തായിത്തീരണമെന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതാക്കി മാറ്റുന്ന ലോകാനുഭവങ്ങളുടെ പാഠശാല യാണ്. ഇത് ഒഴിവാക്കാൻ കഴിയില്ല. ഇത് ഡൗൺലോഡ് ചെയ്തെടു ക്കാൻ സാധിക്കില്ല. ജീവിക്കുകയും, സ്നേഹിക്കുകയും, സഹിക്കുകയും, പരാജയപ്പെടുകയും, ക്ഷമിക്കപ്പെടുകയും, വളരുകയും ചെയ്ത ഒരു ആത്മാവിന് കിട്ടുന്ന സമ്മാനമാണ് ജീവിതാനുഭവങ്ങൾ വഴി അവനു ലഭിക്കുന്ന ‘ജ്ഞാനം’. ഡാറ്റാ പ്രോസസിംഗ് വഴി ലഭിക്കുന്ന ‘അറിവിൽ’ നിന്ന് ഇത് ഒരുപാട് കാതം അകലെയാണ്.

മനുഷ്യരാശി വളരുന്നത് പരിമിതികളെ ഒഴിവാക്കി സഞ്ചരിച്ചു കൊണ്ടല്ല. മറിച്ച് പലപ്പോഴും അവയിലൂടെയാണ് (§118). സഹന ത്തിനും ബലഹീനതയ്ക്കും പരാജയത്തിനും ഒക്കെ യഥാർത്ഥ മാനുഷിക അസ്തിത്വത്തിനുള്ള സവിശേഷ ഇടങ്ങളായി മാറാൻ കഴിയും. സഹിക്കുന്നവർ ഉദാരരാകുന്നത്, കരുണ കാട്ടുന്നത്, വിസ്മയകരമായ ജ്ഞാനത്തോടെ സംസാരിക്കുന്നത്, ഓരോ വ്യക്തി യുടെയും ലംഘിക്കാനാവാത്ത അന്തസ്സിനെ മനസ്സിലാക്കുന്നത്, ദൈവത്തെ തന്നെ തിരിച്ചറിയുന്നത് ഒക്കെ അദ്ഭുതകരമായ രീതിയി ലാണ് (§119). ഈ യാത്ര ഒരുപാട് പരിക്കുകളും അതിന്റെ വടുക്കളും ജീവിതങ്ങളെ ഏൽപ്പിക്കുന്നുണ്ട്. “സഹനത്തെ പൂർണ്ണമായി ഇല്ലാതാക്കുക എന്നതിനർഥം, ആത്യന്തികമായി സ്നേഹത്തെയും ആഗ്രഹത്തെയും കൂടി ഇല്ലാതാക്കുക എന്നാണ്” (§120). അതുകൊണ്ട് മനുഷ്യന്റെ പരിമിതാവസ്ഥയിലൂടെയുള്ള (finitude) ഈ യാത്ര ഒഴിവാക്കിയാൽ അവനെ പിന്നെ മനുഷ്യൻ എന്ന് തന്നെ വിളിക്കാൻ സാധിക്കാതെ വരും (§121).

ആർതർ ഹോൾക്വിൻ എന്ന അമേരിക്കൻ ദൈവശാസ്ത്രജ്ഞൻ എഴുതി: സഹനങ്ങളെക്കുറിച്ചുള്ള സാഹിത്യകൃതികൾ വിശകലനം ചെയ്യാൻ നിർമ്മിതബുദ്ധിക്ക് കഴിഞ്ഞേക്കാം. ദുഃഖം, രോഗം, നഷ്ടം എന്നിവയെക്കുറിച്ച് ലേഖനങ്ങൾ അവ രൂപീകരിച്ചേക്കാം. അനുഭവിച്ച വരുടെ ഭാഷയെ അതിശയകരമായ ഒഴുക്കോടെ അനുകരിക്കാനും സാധിച്ചേക്കാം. എന്നാൽ അത് സഹിച്ചിട്ടില്ല! പുലർച്ചെ മൂന്ന് മണിക്ക് ഒരു വിവരത്തിനായി അത് ഒരു ആശുപത്രി വരാന്തയിൽ കാത്തു നിന്നിട്ടില്ല. അത് സ്വന്തം മാതാപിതാക്കളെ അടക്കം ചെയ്തിട്ടില്ല. ഇരുൾ നിറഞ്ഞ പ്രാർഥനകളിലെ ദൈവത്തിന്റെ നിശ്ശബ്ദത അതിനറിയില്ല. മരണാസന്നനായ ഒരാളുടെ അരികിലിരിക്കുന്നവന്റെ മനസ്സ് ഒരു ചാറ്റ്ബോട്ടിനും ഒരിക്കലും അറിയാൻ കഴിയില്ല. ദുഃഖിതയായ ഒരു വിധവ ആർജ്ജിച്ചെടുത്ത ജ്ഞാനം ഒരു ഡാറ്റാ ബേസിനും പകർത്തിവയ്ക്കാൻ കഴിയില്ല. ലഹരിമുക്തി നേടി സംസാരിക്കുന്ന ഒരു വ്യക്തി ഉൾക്കൊള്ളുന്ന മനുഷ്യന്റെ ബലഹീനതകളെക്കുറിച്ചുള്ള അറിവ് ഡൗൺലോഡ് ചെയ്യപ്പെടാൻ കഴിയുന്ന ഒന്നല്ല.

പരിമിതികളെ മറികടക്കാനുള്ള trans-humanist പദ്ധതികൾ ക്കെതിരെ അദ്ദേഹം മനുഷ്യന്റെ പരിമിതാവസ്ഥയെയും സഹനത്തെയും പ്രതിരോധിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, മനുഷ്യന്റെ ഈ പരിമിതികൾ തന്നെയാണ് അവന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനം എന്ന് നമ്മെ പഠിപ്പിക്കുകയാണ്. നിർമ്മിതബുദ്ധിക്ക് സഹനങ്ങളുടെയും പരിമിതികളുടെയും ആന്തരികതയെ തിരിച്ചറിയാൻ സാധിക്കില്ല. അവയെ വെറുതെ അനുകരിക്കാൻ മാത്രമേ കഴിയൂ. ഇവയൊന്നും വേദനയുടെ മൂല്യത്തെക്കുറിച്ചുള്ള പാപ്പായുടെ കാല്പനികമായ അവകാശവാദങ്ങളല്ല. മറിച്ച്, മനുഷ്യവ്യക്തിയുടെ ജ്ഞാനശാസ്ത്രത്തെക്കുറിച്ചുള്ള (epistemology) ‘അഭിമാനവാദ’ങ്ങളാണ്.

ജീവിച്ചനുഭവിച്ചവർക്കു മാത്രം പ്രാപ്യമാകുന്ന ‘ജ്ഞാന’മുണ്ട്. ‘ജീവിക്കാൻ’ കഴിവില്ലാത്ത നിർമ്മിതബുദ്ധിക്ക് ഇവ എങ്ങനെ ലഭിക്കാനാണ്?

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

സഭാപ്രസംഗകൻ - Chap.3 [1of2]

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?

കരോലിഞ്ചിയൻ സാമ്രാജ്യത്തിന്റെ വീഴ്ചയും സഭയും