Editorial

പാപ്പാബിലെ

Sathyadeepam

'പഴയ പാപ്പ ലിബറല്‍ ആയിരുന്നു, ഇനി ഒരു ലിബറലിനെ കത്തോലിക്കാസഭ ഉള്‍ക്കൊള്ളില്ല, അതുകൊണ്ട് പിന്‍ഗാമി ഒരു പാരമ്പര്യവാദിയായിരിക്കും! ഒരുപാട് പുറകിലേക്ക് സഞ്ചരിക്കാന്‍ ഇനി സഭയ്ക്ക് സാധിക്കില്ല, അതുകൊണ്ട് മിതവാദി പിന്‍ഗാമി ആകുമെന്ന്!' പ്രവചിക്കുന്നവരും ഉണ്ട്.

ഇറ്റാലിയന്‍ ഭാഷയില്‍ 'പാപ്പാബിലെ' എന്നൊരു വാക്കുണ്ട്. പാപ്പയാകാന്‍ സാദ്ധ്യതയുള്ളയാള്‍, കഴിവുള്ളയാള്‍ എന്നൊക്കെ അര്‍ഥം വരും. ഈ ദിവസങ്ങളില്‍ ലോകം കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണിത്. അടുത്ത പാപ്പയാകാന്‍ സാധ്യതയുള്ളയാളെ അന്വേഷിക്കുന്നു, സര്‍വേ നടത്തുന്നു, പ്രവചനങ്ങള്‍ നടത്തുന്നു, വീഡിയോകളും കുറിപ്പുകളും പുറത്തിറക്കുന്നു. സെക്കുലര്‍ മാധ്യമങ്ങള്‍ക്കൊപ്പം സഭാ മാധ്യമങ്ങളും ഇങ്ങനെ ചെയ്യുന്നുണ്ട്.

സമകാലിക യൂറോപ്പിലെയും പ്രത്യേകിച്ച് ഇറ്റലിയിലെയും വലതുപക്ഷ ചായ്‌വുകളുടെയും അനുബന്ധ രാഷ്ട്രീയവീക്ഷണങ്ങളുടേയും പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരോടുള്ള നിലപാടില്‍ പുതിയ പാപ്പ സമദൂരം പാലിക്കുന്നവനാകും എന്ന രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവരുമുണ്ട്. ഭിന്നലൈംഗികതയുള്ളവരോടുള്ള സമീപനത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തും എന്ന് ചിന്തിക്കുന്ന സഭാ നിരീക്ഷകരും ഉണ്ട്.

'പഴയ പാപ്പ ലിബറല്‍ ആയിരുന്നു, ഇനി ഒരു ലിബറലിനെ കത്തോലിക്കാസഭ ഉള്‍ക്കൊള്ളില്ല, അതുകൊണ്ട് പിന്‍ഗാമി ഒരു പാരമ്പര്യ വാദിയായിരിക്കും! ഒരുപാട് പുറകിലേക്ക് സഞ്ചരിക്കാന്‍ ഇനി സഭയ്ക്ക് സാധിക്കില്ല, അതുകൊണ്ട് മിതവാദി പിന്‍ഗാമി ആകുമെന്ന്!' പ്രവചിക്കുന്നവരും ഉണ്ട്.

സഭയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച്, അല്‍മായ പങ്കാളിത്തത്തെക്കുറിച്ച്, സിനഡല്‍ മാതൃകയെ കുറിച്ച് കുറേക്കൂടി അവധാനതയോടെ ഇടപെടുമെന്ന് ചിന്തിക്കുന്നവരും ഏറെ. അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് തിരികെ വരുന്ന പാപ്പയെയും വേനല്‍ക്കാല വസതികളില്‍ താമസിക്കുന്ന പാപ്പയെയും സ്വപ്നം കാണുന്നവരും ഉണ്ട്. നിലവിലുള്ള കര്‍ദിനാള്‍മാരുടെ പുസ്തകങ്ങളെയും പ്രഭാഷണങ്ങളെയും മുന്‍നിര്‍ത്തി ഓരോ നിലപാടുകളോടും ചേര്‍ന്നു പോകുന്നവരെ കണ്ടെത്തി, ചേരുംപടി ചേര്‍ത്ത്, ഒരു 'ബാലന്‍സ്ഡ് പാപ്പയെ' രൂപീകരിക്കുകയാണ് രാഷ്ട്രീയ സഭാ നിരീക്ഷകര്‍.

ക്രിസ്തുവിന്റെ പിന്‍ഗാമിയെ ചില പ്രത്യേക കളങ്ങളിലോ നിലപാടുകളിലോ അതിര്‍ത്തികള്‍ക്കുള്ളിലോ ആക്കാന്‍ ബദ്ധപ്പെടുന്ന ധാരാളം പേരുണ്ട്. വെറുമൊരു കൗതുകത്തിന പ്പുറത്തേക്ക് ഇത്തരം ചിന്തകള്‍ക്ക് സഭയില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ? നിലപാട് പറഞ്ഞ് അധികാരം ഏല്‍ക്കാന്‍, ആരാധനക്രമവും ആത്മീയതയും വെളിപാടുകളും പാരമ്പര്യങ്ങളും മനുഷ്യാവകാശങ്ങളും ഉത്തരവാദിത്തങ്ങളും സഭയ്ക്ക് പ്രത്യയശാസ്ത്രമോ തിരഞ്ഞെടുപ്പ് പത്രികയോ നയപ്രഖ്യാപനമോ ആണോ? അല്ല എന്നാണ് ഉത്തരം.

ആദ്യത്തെ മാര്‍പ്പാപ്പ ഒട്ടുമേ 'പാപ്പബിലെ' ആയിരുന്നില്ല. ക്രിസ്തുവിന്റെ കൂട്ടായ്മയുടെ തലവനാകാനുള്ള മൂല്യങ്ങളുടെ മൂലധനങ്ങള്‍ ഒന്നും പത്രോസിന് കൂട്ടായി ഉണ്ടായിരുന്നില്ല. അന്നുമുതല്‍ എന്നും അപ്രവചനീയവും അദ്ഭുതപ്പെടുത്തുന്നതും മനസ്സിലാക്കാനാവാത്തതുമായ വീഴ്ചകളുടെയും വാഴ്ചകളു ടെയും ഇടമായിരുന്നു, ചരിത്രത്തിലെ ക്രിസ്തുവിന്റെ വികാരിമാരുടെ ഈ ഇരിപ്പിടം. കുറവുള്ളവരും ബലഹീനരും വിശുദ്ധരും ഭീരുക്കളും ആഡംബര പ്രേമികളും കാലോചിതമായി പ്രതികരിക്കാത്തവരും ഒക്കെ ആ പദവിയില്‍ ഉണ്ടായിരുന്നിരിക്കാം. ലോകത്തിന്റെ വീഴ്ചകളും റോമന്‍ രാജവാഴ്ചയുടെ ശേഷിപ്പുകളും ആ സ്ഥാനത്തെയും സ്വാധീനിച്ചിരിക്കാം.

എങ്കിലും ലോകമെങ്ങുമുള്ള തൊഴിലാളികള്‍ക്കുവേണ്ടി സംസാരിച്ചവരും മുതലാളിത്ത മേധവിത്വത്തെ തള്ളിപ്പറഞ്ഞവരും ഫാസിസത്തി നെതിരെ കുറിപ്പുകള്‍ എഴുതിയവരും, ശാസ്ത്രകുതുകികളെ പ്രോത്സാഹിപ്പിച്ചവരും ലോകമെങ്ങുമുള്ള സഹോദര മെത്രാന്മാരെ വിളിച്ചുകൂട്ടി ആലോചന ചോദിച്ചവരും സഭയുടെ വീഴ്ചകള്‍ക്കും ക്രൂരതകള്‍ക്കും പിഴയിടിച്ചു മുട്ടുകുത്തിയവരും പാപ്പാസ്ഥാനം ഉപേക്ഷിച്ച് തിരശ്ശീലയ്ക്ക് പിറകില്‍ നിന്നവരും സമാധാനത്തെ മുന്‍നിര്‍ത്തി ലോകനേതാക്കളുടെ കാലില്‍ വീണവരും പൗരോഹിത്യ ആധിപത്യ പ്രവണതകളെ തള്ളിപ്പറഞ്ഞു സ്വയം വിമര്‍ശനം നടത്തിയവരും, രോഗക്കിടക്കയില്‍ പോലും യുദ്ധമരുതേ എന്ന് വിലപിച്ചവരും ഒക്കെ ക്രിസ്തുവിന്റെ വികാരിമാരില്‍ ഉണ്ടായിട്ടുണ്ട്. ഇവയൊന്നും ആരും പ്രവചിച്ചവയോ മുന്‍കൂട്ടി കണ്ടവയോ ആയിരുന്നില്ല.

നിരന്തരം രാഷ്ട്രീയ ശരികള്‍ (politically correct) മാത്രം പറയാനും പ്രവര്‍ത്തിക്കാനും അങ്ങനെ ലോകനേതാക്കളില്‍ ആരാധ്യനാകുവാനും ഒരു പാപ്പയ്ക്ക് സാധിക്കുമോ? അങ്ങനെ ഒരു പാപ്പാ ക്രിസ്തുവിന്റെ പിന്‍ഗാമി ആകുമോ? എന്നും 'സഭാത്മക ശരികള്‍' മാത്രം പറയുമ്പോള്‍ അതില്‍ കരുണയ്ക്കിടമില്ലാതെ വരുമോ? യഥാര്‍ഥത്തില്‍ 'ക്രിസ്തുവില്‍ ശരി'യാകാന്‍ മാത്രമേ ഒരു പാപ്പയ്ക്ക് സാധിക്കൂ. അതില്‍ സഭയുടെ പാരമ്പര്യവും പുരോഗമനപരതയും ഉണ്ട്. ഞാന്‍ സമാധാനമല്ല വാളാണ് കൊണ്ടുവന്നിരിക്കുന്നത് എന്നും

ഭൂമിയില്‍ തീ ഇടാന്‍ ആണ് വന്നിരിക്കുന്നത് എന്നും അത് ആളി കത്തിയിരുന്നെങ്കില്‍ എന്നും പറഞ്ഞ ക്രിസ്തുവിന്റെ പിന്മുറക്കാരന് ഒരിക്കലും നിഷ്പക്ഷനായിരിക്കാന്‍ സാധിക്കില്ല. അവന്‍ പക്ഷം ചേരും, സമ്മര്‍ദത്തില്‍ അകപ്പെടും, അവന്റെ പേരില്‍ ഭിന്നിപ്പുണ്ടാകും, അവനെ കുരിശേറ്റാന്‍ ആളുണ്ടാകും. അവന്‍ ഉയിര്‍ക്കുന്ന ഓര്‍മ്മയാകും.

സിസ്റ്റൈന്‍ ചാപ്പലിനകത്ത് കണ്ണീരിന്റെ മുറി എന്നൊന്നുണ്ട്. അവിടെയാണ് താന്‍ ഏല്‍ക്കാന്‍ ഇരിക്കുന്ന വലിയ ഉത്തരവാദിത്തത്തെ പ്രതി ഒരു പാപ്പായുടെ മനസ്സ് ഏറ്റവും ഭാരപ്പെടുന്നത്. പാപ്പായുടെ വസ്ത്രം ആദ്യം അണിയുന്നതും അവിടെത്തന്നെ. ലോകത്തെ ഓര്‍ത്തുള്ള ക്രിസ്തുവിന്റെ സങ്കടങ്ങളാണ് അവന്‍ പേറേണ്ടത്. ചരിത്രം മുന്നോട്ടു പോകുന്തോറും സ്വയം വിമലീകരിക്കപ്പെടുന്ന ഇടമാണ് പാപ്പാ സ്ഥാനം. ആ സ്ഥാനത്തെ നിരന്തരം അപനിര്‍മ്മിച്ച്, അതിലെ കുറവുകളെ ചെത്തിയൊതുക്കി ക്രിസ്തുവിന്റെ മുഖത്തെ തെളിയിച്ചു കൊണ്ടുവരാനാണ് ക്രിസ്തുവിന്റെ വികാരിമാരായ ശില്‍പികള്‍ ശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും. ലോകത്തില്‍ ക്രിസ്തുവിന്റെ ശരീരത്തെ നിരന്തരം തിരിച്ചറിയേണ്ടവനും വീണ്ടെടുക്കേണ്ടവനും ശുശ്രൂഷിക്കേണ്ടവനുമാണ് അവന്‍.

യഥാര്‍ത്ഥത്തില്‍ 'പാപ്പാബിലെ'ക്കായല്ല 'ക്രിസ്താബിലെ'ക്കായുള്ള കാത്തിരിപ്പിലാണ് സഭ.

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍