![കൊച്ചിയിലെ കപ്പലൊച്ചകൾ [06]](http://media.assettype.com/sathyadeepam%2F2025-09-18%2Ffco5c8mu%2Fkochiyile-kappalochakal-06.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
കൊച്ചിയിലെ കടല്‍ത്തീരത്തിനടുത്തെ പള്ളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അവയുടെ അകത്തും പുറത്തും പടര്‍ന്ന് കിടക്കുന്നത് ഉപ്പുരസമുള്ള മണലാണ്. പുറത്തേത് കടലിന്റെ ഉപ്പും അകത്തേത് കണ്ണീരിന്റെ ഉപ്പും. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ജൂതന്മാരുമൊക്കെ വന്നുപോയതിന്റെ അടയാളമായി അവശേഷിച്ചിരിക്കുന്ന വിദേശ വിശുദ്ധന്മാരുടെ വക്കുടഞ്ഞ രൂപങ്ങളുടെ മുന്നില്‍ നിന്നുകൊണ്ട് കൊച്ചിയിലെ കുറിയ മനുഷ്യന്മാര്‍ കണ്ണുനീരിലും കള്ളിലും കോര്‍ത്ത ലുത്തീനിയകള്‍ ചൊല്ലിത്തീര്‍ക്കുമായിരുന്നു. മറിയത്തിന്റെയും ജോസഫിന്റെയും പുണ്യാളന്മാരുടെയും പേര് ചാര്‍ത്തി പുറംകടലിലേക്ക് വഞ്ചിയും ബോട്ടും ഇറക്കി പെരുംതിരകളെ തോല്‍പിച്ച് തുന്നംപായിച്ച് കരയിലേക്കു ചാകര എത്തിച്ചാലും ചാകാന്‍നേരം മഴവെള്ളം പെയ്തിറങ്ങുന്ന ചോര്‍ച്ച നില്‍ക്കാത്ത ആ വീടുകളില്‍ അവശേഷിച്ചത് ദാരിദ്ര്യവും രോഗവും സ്‌നേഹവും പ്രാര്‍ഥനകളും മാത്രമാണ്.
അധ്യായം 06 - [എലിസബത്ത്]
സങ്കടങ്ങള്‍കൊണ്ടും സന്തോഷം കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും ഉയര്‍ന്നും ഉടഞ്ഞും പോയ തന്റെ ചെറിയ വീടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ പേറിക്കൊണ്ടായിരുന്നു ജയിലിനകത്തെ അല്‍പവെളിച്ച മുറിക്കകത്ത് അന്ന് രാത്രി കെവിന്‍ കിടന്നുറങ്ങിയത്. വീടുമായുള്ള ഓര്‍മ്മകളിലെ കെവിന്‍, നിഷ്‌കളങ്കത മാറാത്ത ഒരു കുട്ടിയായിരുന്നു. വീട് നഷ്ടപ്പെട്ടതിനു ശേഷമാണ്, ഒറ്റയ്ക്കിരുന്നു സങ്കടപ്പെട്ട നാളുകളില്‍ കെവിന്‍ ആദ്യമായി തിരിച്ചറിഞ്ഞത് 'ആദ്യം കൈമോശം വന്നത് ആ നിഷ്‌കളങ്കത തന്നെയായിരുന്നു' എന്ന്.
നാലര സെന്റ് സ്ഥലത്തെ അവസാന ഭാഗത്തെ രണ്ടു സെന്റിലായിരുന്നു കെവിന്റെ വീടിരുന്നത്. ചെറിയ വീടാണല്ലോ, കതകില്ലലോ, തേച്ചിട്ടില്ലലോ എന്നൊക്കെ ഓര്‍ത്ത് കോംപ്ലക്‌സ് കുന്നുകൂടാന്‍ കഴിയാതിരുന്ന ഒരു കാലം. കൊച്ചിയിലെ കായല്‍ തീരത്തെ കണ്ടല്‍ക്കാടുകള്‍ പോലെ ഒരേ കാറ്റില്‍ ഉലഞ്ഞും ഒരേ മഴയില്‍ നനഞ്ഞും ഒരേ വെയിലില്‍ കരിഞ്ഞും ഒരേ കത്തിയാല്‍ മുറിഞ്ഞും കെവിന്റെയും കൂട്ടുകാരുടെയും വാര്‍ക്കപ്പെടാത്ത പത്തു മുപ്പത് വീടുകള്‍ അവിടെ നിരന്നു നിന്നിരുന്നു. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ കലക്കവെള്ളത്തിലെ കരിമീന്‍ കുഞ്ഞുങ്ങളെ പോലെയും, ഉച്ചനേരത്ത് വെയില്‍ മോന്താന്‍ എത്തി നില്‍ക്കുന്ന പിലോപ്പി കുഞ്ഞുങ്ങളെ പോലെയും നെല്ലുയര്‍ന്നു നിന്നിരുന്ന ആ വരമ്പുകള്‍ക്കരികില്‍ കുറെ കുറിയ മനുഷ്യജന്മങ്ങളും വാണിരുന്നു.
വീടിനു പുറത്ത് ആരോ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കെവിന് ഒരിക്കല്‍ പോലും കതക് തുറന്നു നോക്കേണ്ടതായിട്ട് വന്നിട്ടില്ല. മണ്ടരി പിടിച്ച തേങ്ങയുടെ വലുപ്പം മാത്രമുള്ള കെവിന്റെയും, ചാമ്പക്കാ വലുപ്പമുള്ള തലയുള്ള കെവിന്റെ അനിയത്തിയുടെയും തലകള്‍ കൃത്യമായി കയറിയിറങ്ങുമായിരുന്ന ഒരു വലിയ വിടവ് ഉമ്മറത്തെ വാതിലില്‍ ഉണ്ടായിരുന്നു. മുന്‍വശത്തെ അവസ്ഥ ഇതായിരുന്നുവെങ്കില്‍ പിന്നാമ്പുറത്തെ കാര്യം പറയേണ്ടതില്ലലോ. രാത്രിയില്‍ എടുത്ത് വെയ്ക്കപ്പെടുകയും വെളുപ്പിന് നാല് നാലരയ്ക്ക് എടുത്ത് മാറ്റപ്പെടുകയും ചെയ്തിരുന്ന ഒരു വലിയ പലക കഷണമായിരുന്നു അടുക്കളയ്ക്ക് കാവല്‍ നിന്നിരുന്ന വാതില്‍പലക.
അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലത്തെ കുര്‍ബാനയും വേദോപദേശവുമൊക്കെ കഴിഞ്ഞു വന്ന്, അമ്മച്ചി ഉണ്ടാക്കിയ ഉപ്പില്‍ വെന്ത ഇറച്ചിയും അപ്പന്‍ വാങ്ങി കൊണ്ട് വന്നിരുന്ന പച്ചറൊട്ടിയും കൂട്ടി കഴിച്ച് ഉച്ചമയക്കത്തിലായിരിക്ക വെയാണ് വാതില്‍ക്കല്‍ നിന്നും അമ്മച്ചിയുടെ 'കെവിനേ...' എന്നുള്ള നീട്ടിവിളി വാതിലിന്റെ വലിയ തുള കടന്ന് കെവിന്റെ കാതിലേക്ക് അടിച്ച് കയറിയത്.
''എടാ, ദേ നിന്റെ കൂട്ടുകാരത്തിമാര്‍ വന്നേക്കണ്.''
കാതിലേക്ക് കയറിപ്പോയ 'കൂട്ടുകാരത്തിമാര്‍' എന്ന പദം ഏതൊക്കെയോ സിരകളിലൂടെ തലച്ചോറിലെത്തേണ്ട താമസം കെവിന്‍ ഉറക്കത്തെയും പുതപ്പിനെയും ഒരേ വേഗത്തില്‍ വലിച്ചെറിഞ് വാതിലിലുള്ള ലോക്കല്‍ കിളി വാതിലിലൂടെ മുറ്റത്തേക്കെത്തി നോക്കി.
'കൂട്ടുകാരത്തി' എന്നല്ലേ കേട്ടത്. 'കൂട്ടുകാരന്‍' എന്നല്ലല്ലോ.
ഉച്ചയുറക്കത്തിന്റെ പാതിമയക്കത്തിലും മുറ്റത്ത് നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളില്‍ ഒന്നിനെ കണ്ടപ്പോള്‍ കെവിന്റെ സര്‍വകിളികളും ഒന്നിച്ചാകാശത്തേക്കുയര്‍ന്നു, മുറ്റത്ത് നില്‍ക്കുന്നത് എലിസബത്താണ് ! കൂടെയുള്ള കൂട്ടുകാരത്തിയെ കെവിന് കണ്ടുപരിചയമുണ്ട്. പക്ഷെ പേരൊന്നും അറിയില്ല. അതെങ്ങനെ അറിയാനാണ്? വല്ലപ്പോഴുമൊക്കെ വഴിയില്‍ വച്ചും, ചൊവാഴ്ച്ചകളില്‍ അന്തോണീസ് പുണ്യാളന്റെ നൊവേന പള്ളിയിലും ഞാറാഴ്ചയിലെ വേദേശക്ലാസിലും കിട്ടുന്ന കുറച്ച് സമയത്തില്‍ കണ്ണെടുക്കാതെ നോക്കുന്നത് എലിസബത്തെന്ന നുണക്കുഴിയുള്ള ഒരേ ഒരാളെ മാത്രമാണ്. തൂവാനത്തുമ്പികളിലെ ക്ലാരയെ തോല്‍പ്പിക്കുന്ന ഭംഗിയില്‍ എലിസബത്ത് ഒരു കറുത്ത കുടചൂടി ഇളം വെയിലില്‍ തിളങ്ങി നില്‍ക്കുന്നത് ഒരൊറ്റ സെക്കന്റ് മാത്രമേ കെവിന് ആസ്വദിക്കാനായുള്ളൂ. നീണ്ട നേരങ്ങള്‍ അവളെയങ്ങനെ നോക്കി നില്‍ക്കാന്‍ കൊതിയില്ലാഞ്ഞിട്ടല്ല, പേടിച്ചിട്ടാണ്.
ഒരുപാട് തലതെറിച്ച പിള്ളേര്‍ വാഴുന്ന, ദാരിദ്ര്യരേഖ കടന്നു പോകുന്ന ആ ഭൂപ്രദേശത്ത് എന്നും പള്ളിയില്‍ പോകുന്നൊരുത്തന്‍ എന്ന സല്‍പേര് കരസ്ഥമാക്കിയിട്ടുള്ള ഒരൊറ്റ ആണ്‍തരി കെവിനായിരുന്നു. ആത്മീയതയുടെ അളവ് കോല്‍ കൊണ്ട് നാട്ടുകാര്‍ കെവിന് നല്‍കിയ ആ പുണ്യവാന്‍ പട്ടത്തിന്റെ യഥാര്‍ഥ കാരണക്കാരിയാണ് ഇപ്പോള്‍ കെവിന്റെ വീട്ടുപടിക്കല്‍ വെയിലേറ്റ് നില്‍ക്കുന്നത്. ബൈബിളിലെ എലിസബത്തിനെ കാണാന്‍ മറിയം കുന്നും മലയും താണ്ടി പോയതില്‍ പിന്നെ മറ്റൊരു എലിസബത്തിനെ കാണാന്‍ ഇത്രയ്ക്ക് ക്ലേശങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത് കെവിന്‍ എന്ന ഈ എട്ടാം ക്‌ളാസുകാരനായിരിക്കും.
കാര്യം, കെവിനും എലിസബത്തും തമ്മില്‍ വല്യ കൂട്ടാണെങ്കിലും, ബെല്‍റ്റ് ബോംബ് പോലെ കെവിന്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന കള്ള കാമുകനെ എലിസബത്തിനുപോലും പിടികിട്ടിയിരുന്നില്ല. അവളുടെ പോലും ശ്രദ്ധ കിട്ടാത്ത ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ നിന്നായിരുന്നു കെവിന്റെ കണ്ണേറുകളത്രയും. പരീക്ഷാഹാളിലെ വിജിലന്‍സ് അധ്യാപകര്‍ നോക്കും കണക്ക് ചുറ്റുപാട് മുഴുവന്‍ പരിശോധിച്ചുറപ്പ് വരുത്തിയതിനു ശേഷമാണ് കെവിന്‍ അവളെ നോക്കിയതും കണ്ടതും. വളരെ ചുരുങ്ങിയ അവസരങ്ങളില്‍ മാത്രം അവരുടെ കണ്ണുകള്‍ പരസ്പരം കണ്ടുമുട്ടി. ആ കണ്‍കോര്‍ക്കലുകളെല്ലാം കെവിന്‍ ആസൂത്രിതമാ യൊരുക്കിയതാണെന്ന റിയാതെ എലിസബത്ത് അതിനെയൊക്കെ ആകസ്മികമാണെന്ന് കരുതി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. ചൂണ്ടക്കൊളുത്തില്‍ നീട്ടിയിട്ടിരിക്കുന്ന ഞാഞ്ഞൂള്‍ കഷണത്തെ മൊത്തത്തെ വിഴുങ്ങി, പാഞ്ഞുപോകാന്‍ പാളിനോക്കിയിട്ട് പെട്ട് പോകുന്ന പള്ളത്തിയെ പോലെ ആ കണ്ണുടക്കലുകളില്‍ കെവിന്‍ പലവട്ടം പെട്ട് പോയിട്ടുണ്ട്. ആ മിഴിയുടക്കലിന്റെ നേരത്ത് അവളുടെ കവിളില്‍ രൂപം കൊള്ളുന്ന നുണക്കുഴി കളുടെ കുത്തൊഴുക്കില്‍ എണ്ണമില്ലാത്തവിധം കെവിന്‍ ആഴ്ന്നിറങ്ങി പോയിരിക്കുന്നു.
സൗഹൃദത്തിന്റെ കാക്കപ്പൊന്നു കാണിച്ച് പറ്റിച്ച് കെവിന്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന കള്ളപ്രണയത്തിന്റെ കാരണക്കാരിയാണ് കറുത്ത കുടയൊരെണ്ണം വെയിലിന് വട്ടം വച്ചുകൊണ്ട് 'വീടില്ലാത്ത ഒരു വീട്ടുമുറ്റത്ത്' തന്റെ കൂട്ടുകാരനെയും കാത്ത് നില്‍ക്കുന്നത്.
മുറ്റത്തെ അഴയില്‍ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ മടക്കിയെടുക്കുന്ന കെവിന്റെ അമ്മയോട് വര്‍ത്താനം പറഞ്ഞോണ്ടിരിക്കുകയാണ് എലിസബത്തും കൂട്ടുകാരിയും. അഴയില്‍ കിടന്നിരുന്ന തുള വീണ ഷഡ്ഢികളില്‍ രണ്ടെണ്ണം തന്റെയാണല്ലോ എന്ന തിരിച്ചറിവില്‍ കെവിന്റെ അഭിമാനം കണ്ടം വഴിയോടി. പകല്‍ മുഴുവന്‍ നിരന്തരം തുറന്നു കിടന്നിരുന്ന അടുക്കള വാതില്‍ വഴി പുറകിലെ പാടം കടന്നിറങ്ങിയോടിയാലോ എന്നുവരെ കെവിന്‍ ഓര്‍ത്തുപോയി. ആദ്യമായിട്ട് വന്നയിടമായതുകൊണ്ട് തന്നെ ദാരിദ്ര്യം പിടിച്ച ആ വീടിനെ നോക്കാതെ കെവിന്റെ അമ്മ വളര്‍ത്തി നനച്ച് പൂവിട്ടു നില്‍ക്കുന്ന പാരിജാതങ്ങളിലേക്കായി രുന്നു എലിസബത്തിന്റെ നോട്ടമെന്നത് കെവിന് ചെറിയ ആശ്വാസമൊന്നു മല്ല കൊടുത്തത്.
ഹൃദയം നിറയെ സ്‌നേഹവും, ജീവിതം നിറയെ ദാരിദ്ര്യവുമുള്ള ഒരു കൗമാരക്കാരന്‍ കഴുത്തറ്റം ലജ്ജയുമായി വാതില്‍ വിടവിലൂടെ എന്ത് ചെയ്യണമെന്നറിയാതെ പുറത്തെ പെണ്‍കുട്ടിയെ നോക്കിക്കൊണ്ടേയിരുന്നു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും ഭാരം പേറി ഉടഞ്ഞുപോയ ഹൃദയമായിരുന്നു കെവിന്റെ നെഞ്ചിനകത്ത്. ഒരു എട്ടാം ക്‌ളാസുകാരനു ചുമക്കാവുന്നതിലും കനമായിരുന്നു ദുരിതപ്പെയ്ത്തില്‍ നനഞ്ഞു കനം കൂടിയ അവന്റെ ആ വീടിന്. കൂടെ പഠിക്കുന്ന ഒരൊറ്റ കൂട്ടുകാരെപോലും അവന്‍ വീട്ടിലേക്ക് ക്ഷണിച്ച ചരിത്രമില്ല. താന്‍ പാര്‍ക്കുന്ന യിടത്തിലെ ഇല്ലായ്മകളുടെയും പോരായ്മകളുടെയും കഥകളറിഞ്ഞു ആരെങ്കിലുമൊക്കെ തന്നോടുള്ള കൂട്ടുവെട്ടിയേക്കുമോ എന്ന നിഷ്‌ക്കളങ്കമായ ഭയം ആരാണ് പാവപ്പെട്ട കുഞ്ഞുങ്ങളുടെ ബുദ്ധിയില്‍ വിതച്ചിട്ടതെ ന്നാവോ? ഒരൊറ്റ കൂട്ടുകാരന്മാരുടെയും പാദം പതിയാതിരുന്ന കെവിന്റെ നാല് സെന്റ് മണ്ണിലേക്ക് ക്യൂട്ടെക്‌സടിച്ച കാലുകളുമായി ഒരു കൂട്ടുകാരി വന്നു നില്‍ക്കുകയാണ്.
(തുടരും)