
അമേരിക്കയിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റി പരിസരത്ത് സംവാദത്തിനിടെ വെടിയേറ്റ ചാര്‍ലി കിര്‍ക്കിന്റെ മരണം സ്വതന്ത്ര ആശയാവിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കണ്ടവരുണ്ട്, രാഷ്ട്രീയ കൊലപാതകമായി സമീപിക്കുന്നവര്‍ ഉണ്ട്, അമേരിക്കന്‍ സാംസ്‌കാരിക തനിമക്കെതിരെയുള്ള ആക്രമണമായി കാണുന്നവര്‍ ഉണ്ട്, ആത്മീയതയ്ക്കും ക്രിസ്തീയമൂല്യങ്ങള്‍ക്കുമെതിരെയുള്ള യുദ്ധമായി കണ്ടവരുണ്ട്. എന്തിന് പുതിയ നിയമത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയായി അദ്ദേഹത്തെ കണക്കാക്കുന്നവര്‍ പോലും ഉണ്ട്. കേരളത്തില്‍ സോഷ്യല്‍ മീഡിയയിലെ ക്രിസ്തീയ സ്വാധീനകരും അല്ലാത്തവരും ഒക്കെ അദ്ദേഹത്തിനുവേണ്ടി പോസ്റ്റുകളും വീഡിയോകളും ഇട്ടിരുന്നു. തീര്‍ച്ചയായും സംവാദങ്ങളെ തന്റെ ശക്തിയായി കണ്ടിരുന്ന ഒരു നേതാവിന്റെ കൊലപാതകം അപലപിക്കേണ്ടത് തന്നെയാണ്. പക്ഷേ സുവിശേഷ മൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ വാഴ്ത്തപ്പെടേണ്ട ഒരു ആശയലോകം അദ്ദേഹത്തിന് ഉണ്ടായിരുന്നുവോ?
മതവും രാഷ്ട്രീയവും സംസ്‌കാരവും തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം കൂടിക്കുഴയുന്ന ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിയുടെ വക്താവായിരുന്നു അദ്ദേഹം. സീസറിനുള്ളതും ദൈവത്തിനുള്ളതും കൃത്യമായി വേര്‍തിരിക്കാതെ, ഒരു ഇടുങ്ങിയ മത സാംസ്‌കാരിക ഇടത്തില്‍, അമേരിക്കന്‍ ക്രിസ്ത്യാനിയെ തന്റെ സ്വത്വം കണ്ടെത്താന്‍ അദ്ദേഹം പ്രേരിപ്പിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെയും അമേരിക്കന്‍ തനിമയുടെയും മതത്തിന്റെയും ആരാധകര്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. യുവാക്കള്‍ ആയിരുന്നു അധികവും. അവരുണ്ടാക്കിയ ധ്രുവീകരണങ്ങള്‍ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടായി മാറി. അതുണ്ടാക്കിയ വിഭജനങ്ങള്‍ അമേരിക്കയെ ഇപ്പോള്‍ 'അഴിച്ചുപണിയുകയാണ്'! തീവ്ര വലതുപക്ഷത്തിന് ഒപ്പം നിന്ന് ബാക്കിയുള്ളവരെ അതിതീവ്ര ഇടതുപക്ഷത്തിലേക്ക് അദ്ദേഹം അടയാളപ്പെടുത്തി.
കഴുത്തു തുളച്ച ഒരു വെടിയുണ്ടയാണ് ചാര്‍ലിയുടെ മരണകാരണം. അദ്ദേഹത്തിന്റെ നിരവധി വാദമുഖങ്ങളില്‍ പ്രധാനമായ ഒന്ന് തോക്ക് കൈവശം വയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നു! ''നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ഷവും കുറച്ചുപേര്‍ വെടിയേറ്റ് മരിക്കുന്നത് പ്രയോജനമുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നു. എങ്കിലേ നമുക്ക് രണ്ടാം ഭേദഗതി (തോക്ക് കൈവശം വയ്ക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടന ഭേദഗതി) നടപ്പിലാക്കാന്‍ കഴിയൂ'' എന്നാണ് ചാര്‍ലി പറഞ്ഞിരുന്നത്. ജനിക്കാനാവാതെ ഗര്‍ഭാശയത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി നിരന്തരം യുവാക്കള്‍ക്കിടയില്‍ വാദിച്ചിരുന്ന അദ്ദേഹത്തിന് എങ്ങനെയാണ് സിവിലിയന്‍സിന് തോക്ക് ഉപയോഗിക്കാനുള്ള ഭരണഘടന ഭേദഗതിക്കുവേണ്ടി സംസാരിക്കാനായത്! (2023 ല്‍ പ്രൈവറ്റ് തോക്കുകളുടെ ഉപയോഗം മൂലം കൊല്ലപ്പെട്ടത് 47,000 ത്തോളം അമേരിക്കക്കാരാണ്.)
ഗര്‍ഭാശയത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി നിരന്തരം യുവാക്കള്‍ക്കിടയില്‍ വാദിച്ചിരുന്ന അദ്ദേഹത്തിന് എങ്ങനെയാണ് സിവിലിയന്‍സിന് തോക്ക് ഉപയോഗിക്കാനുള്ള ഭരണഘടന ഭേദഗതിക്കുവേണ്ടി സംസാരിക്കാനായത്!
ഒരു ലിബറല്‍ സംസ്‌കാരത്തില്‍ ക്രിസ്തുവിനുവേണ്ടി എന്നപോലെ വാദിച്ചിരുന്നെങ്കിലും സുവിശേഷ മൂല്യങ്ങളുടെ പ്രകാശനം ആയിരുന്നോ അതിലൂടെ സംഭവിച്ചത്? യഹൂദനെയും സമരിയാക്കാരനെയും വിജാതീയനെയും തുറവിയോടെ കണ്ട് ആശ്ലേഷിച്ച ക്രിസ്തുവിന്റെ മനസ്സ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉണ്ടായിരുന്നുവോ? സ്വന്തം മതത്തിന്റെയും സംസ്‌കാര തനിമയുടെയും പേരില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുക, അതില്‍ ഉള്‍പ്പെടാത്തവരെ അകറ്റിനിര്‍ത്തുക എന്നത് അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന സംഘടനയുടെ രാഷ്ട്രീയ സ്വഭാവമായിരുന്നു. വിശക്കുന്നവന്റെയും പാര്‍പ്പിടം ഇല്ലാത്തവന്റെയും നഗ്‌നന്റെയും പരദേശിയുടെയും മുഖമുള്ള യേശുവിന്റെ സുവിശേഷത്തിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വുകളില്‍ ഇടമുണ്ടായിരുന്നോ? കുടിയേറ്റക്കാരും കറുത്തവരും ഭിന്നലൈംഗികതയുള്ളവരും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ബാക്കിയായി വെറുപ്പിനിരകളായി എന്ന് സാക്ഷ്യപ്പെടുത്തുന്നത് സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ്.
സമൂഹമാധ്യമങ്ങളിലെ സ്വാധീനകര്‍ പൊതുവെ ശ്രദ്ധ പിടിച്ചു പറ്റാന്‍ മത്സരിക്കുന്നവരാണ്. കൂടുതല്‍ തീവ്രതയിലോ ധ്രുവീകരണ ഭാവത്തിലോ സംസാരിക്കുന്നവര്‍ കൂടുതല്‍ പ്രബലര്‍ ആകുന്നു. സന്തുലിതമായോ പൊതുനന്മയെ മുന്‍നിര്‍ത്തിയോ സാമൂഹിക ആരോഗ്യത്തെ പര്യാലോചിച്ചോ സംസാരിക്കുന്നവര്‍ പലപ്പോഴും കേള്‍ക്കപ്പെടാതെയും പോകുന്നു. തീവ്ര ധ്രുവീകരണശേഷിയുള്ളവയ്ക്കാണ് ആരാധകര്‍. കൂടുതല്‍ തീവ്രതയുള്ള കോണ്ടന്റുകള്‍ക്കാണ് വൈറല്‍ സാധ്യത. ആരാധകരാല്‍ സ്വാധീനകര്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ സാമൂഹിക മാധ്യമങ്ങളില്‍ സാധാരണമാകുന്നു. കൂടുതല്‍ അപകടകരമാകുന്നത് ഇതൊന്നുമല്ല. ഏതാണ് സുവിശേഷാത്മകം, ഏതാണ് പ്രതിലോമകരം എന്ന് തിരിച്ചറിയാന്‍ കഴിവില്ലാതെ പോകുന്ന കേള്‍വിക്കാരുടെ ആത്മീയ ശുഷ്‌കതയാണ്, ചിന്താശൂന്യതയാണ്, സുവിശേഷാരൂപിയുടെ കുറവാണ്. വിശുദ്ധ കാര്‍ലോ അക്യുത്തിസും ചാര്‍ലി കിര്‍ക്കും ക്രിസ്തീയ സമൂഹമാധ്യമ പരിസരത്തെ രണ്ട് വേറിട്ട സാധ്യതകളാണ്.
ഒരു ആഭ്യന്തരയുദ്ധവും നാലു പ്രസിഡന്റുമാരുടെ കൊലപാതകവും കണ്ടിട്ടുള്ള അമേരിക്കയ്ക്ക് രാഷ്ട്രീയ അതിക്രമങ്ങള്‍ പുതിയ കാര്യമല്ല. പക്ഷേ അമേരിക്കക്കാര്‍ കൂടുതല്‍ മൗലികവാദികള്‍ ആകുന്നു എന്നത് ശ്രദ്ധേയമാണ്. തീവ്ര ലിബറലുകളോ, കുടിയേറ്റക്കാരോട് അനുഭാവമുള്ളവരോ, ചാര്‍ലിയുടെ 'ആത്മീയതയോട്' വിരോധം ഉള്ളവരോ ആകാം കൊലപാതകത്തിന് മുതിര്‍ന്നത്. ഇതില്‍ ഏതു തന്നെയായാലും ഒന്ന് ഉറപ്പാണ്, പ്രത്യയശാസ്ത്രങ്ങള്‍ ചിലപ്പോള്‍ 'വികലമായ മതരൂപം' പ്രാപിക്കാം, 'ഭ്രാന്തമായ ഭാവം' കൈക്കൊള്ളാം, അത് അനുയായികളെ ഏതെങ്കിലും ഒരു കാരണത്തിന്റെ പേരില്‍ കൊലപാതകത്തിലേക്ക് നയിക്കാം! ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാന്‍ ശക്തിയില്ലാതെ ദരിദ്രവും കൂടുതല്‍ ദുര്‍ബലവും ആവുകയാണ് നമ്മുടെ ലോകം. സംഭാഷണങ്ങള്‍ ഇല്ലാതാകുന്നിടത്താണ് ശാരീരിക ആക്രമണവും കൊലപാതകവും പരിഹാരമാകുന്നത്!
വാളിനെ വണങ്ങായ്ക, വാക്കിനെ വണങ്ങാവൂ.