സൈന്യം നിങ്ങളുടെ കൈയിലല്ലേ, ഭീകരര്‍ക്ക് ആയുധം എവിടെ നിന്നാണു കിട്ടുന്നത്, അവര്‍ എങ്ങനെ രാജ്യത്തേക്കു കടക്കുന്നു, അതിര്‍ത്തികള്‍ നിങ്ങളുടെ ഉത്തവാദിത്വത്തില്‍ അല്ലേ എന്നെല്ലാം ചോദിച്ചിട്ടുണ്ട് പണ്ടൊരു പ്രധാനമന്ത്രിയോട് പ്രതിപക്ഷപാര്‍ട്ടിയുടെ ഒരു നേതാവ്. ചോദ്യകര്‍ത്താവായ നേതാവ് ഇന്നു പ്രധാനമന്ത്രിയാണ്. ഈ ചോദ്യങ്ങളെല്ലാം ഇന്നും പ്രധാനമന്ത്രിക്കു നേരെ ഉയരുന്നു. ആഭ്യന്തരമന്ത്രി, രാജ്യരക്ഷാമന്ത്രി എന്നിവരും ഭരണകക്ഷിയും ഈ ചോദ്യങ്ങള്‍ക്കു നേരെ ഉത്തരങ്ങളുമായി ജനസമക്ഷം വരണം.
വിദ്യാസമ്പന്നരായ, മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള പഠിപ്പും പരിശീലനവും നേടിയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ട് നിരപരാധികളെ കൊന്നു തള്ളാന്‍ കഴിയുന്ന മാനസികാവസ്ഥ കൈവരിക്കുന്നു? അതിനവരെ പ്രാപ്തരാക്കുന്ന ഘടകങ്ങളെന്തൊക്കെ? രാഷ്ട്രീയപരവും വിശ്വാസപരവുമായ കാരണങ്ങള്‍ അതിനുണ്ടാകാം.
രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ വന്‍ പ്രത്യാക്രമണപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുവെന്നു സ്തുതിപാഠകര്‍ നിരന്തരം വാഴ്ത്തുന്ന രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവും ചോദ്യങ്ങള്‍ നേരിടണം. പാക്കിസ്ഥാന്‍ മുതല്‍ കാനഡ വരെയുള്ള വിദേശരാജ്യങ്ങളുടെ അകത്തു കയറിപ്പോലും ശത്രുക്കളെ വകവരുത്തിയെന്നു പാണന്മാര്‍ പാടി നടക്കുന്നതിനിടെയാണ് സ്വന്തം അതിര്‍ത്തിക്കകത്തും തലസ്ഥാനനഗരിയിലും ശത്രുക്കള്‍ രാഷ്ട്രസന്താനങ്ങളെ കൊന്നു കൊലവിളിച്ചത്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാനം രാജിവച്ചൊഴിയുകയാണ് അന്തസ്സുള്ള അധികാരികള്‍ ചെയ്യേണ്ടത്.
2008 ല്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം രാജ്യതലസ്ഥാനത്ത് ഇത്ര വലിയൊരു ആക്രമണം നടക്കുന്നത് ഇപ്പോഴാണ്. ഈ വര്‍ഷം തന്നെ പുല്‍വാമയില്‍ അതിഭീകരമായ ആക്രമണം നടന്നു. ദല്‍ഹിയിലെ സ്‌ഫോടനത്തില്‍ ഡസനിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടു. അതിനു മുമ്പായി ഏതാനും ഭീകരവാദികളെ അന്വേഷണ ഏജന്‍സികള്‍ പിടികൂടിയിരുന്നു. രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയായിരുന്നു അവരെന്നാണു സൂചന. കശ്മീര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അവരെന്നു കുറ്റാന്വേഷകര്‍ പറയുന്നു. മാന്ത്രികവടി വീശിയല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തും കാര്യക്ഷമമായ ഭരണനടപടികള്‍ സ്വീകരിച്ചും നയസമീപനങ്ങള്‍ രൂപപ്പെടുത്തിയുമാണു കശ്മീര്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണേണ്ടത് എന്നും തിരിച്ചറിയേണ്ടതുണ്ട്.
തലസ്ഥാനനഗരിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടവരില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ മൂവായിരത്തോളം കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനു പിന്നാലെയായിരുന്നു കാര്‍ സ്‌ഫോടനം. ഒരു വനിത ഉള്‍പ്പെടെ മൂന്നു ഡോക്ടര്‍മാരടക്കം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കാറിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും ഒരു ഡോക്ടറാണത്രെ. കൂട്ടാളികളുടെ അറസ്റ്റോടെ ഭയപ്പെട്ട ഈ ഡോക്ടര്‍ ഭീകരന്‍ ബാക്കിയുള്ള സ്‌ഫോടകവസ്തുക്കളുമായി രക്ഷപ്പെടാനുളള നെട്ടോട്ടത്തിനിടെയോ പരിഭ്രാന്തമായ സ്‌ഫോടനാസൂത്രണത്തിനിടെയോ ആയിരിക്കാം കാര്‍ പൊട്ടിത്തെറിച്ചതെന്നും പറയപ്പെടുന്നു. ഇതു വേറെ ചില ചിന്തകളിലേക്കും ജനങ്ങളെ നയിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ, മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള പഠിപ്പും പരിശീലനവും നേടിയ ഡോക്ടര്‍മാരുള്‍പ്പെടെ യുള്ളവര്‍ എന്തുകൊണ്ട് നിരപരാധികളെ കൊന്നു തള്ളാന്‍ കഴിയുന്ന മാനസികാവസ്ഥ കൈവരിക്കുന്നു? അതിനവരെ പ്രാപ്തരാക്കുന്ന ഘടകങ്ങളെന്തൊക്കെ? രാഷ്ട്രീയപരവും വിശ്വാസപരവുമായ കാരണങ്ങള്‍ അതിനുണ്ടാകാം. അതല്ലെങ്കില്‍ ഇത്രമാത്രം അക്രമാത്മകവും ആത്മഹത്യാപരവും അധാര്‍മ്മികവുമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നു?
ഇങ്ങനെയുള്ള പ്രത്യയശാസ്ത്രവും പ്രവര്‍ത്തന പദ്ധതികളുമായി മുന്നേറുന്നവരെ തിരുത്താനും തിരസ്‌കരിക്കാനും മതാചാര്യന്മാര്‍ക്കും അനുയായികള്‍ക്കും ബാധ്യതയുണ്ട്. എല്ലാത്തരം ഭീകരവാദങ്ങള്‍ക്കുമെതിരെ എല്ലാത്തരം മതനേതാക്കളുടെയും യോജിച്ച ശബ്ദമുയരണം. മതത്തെ ഭീകരവാദത്തിനു മറയാക്കുന്നതിനെതിരെ അതതു മതങ്ങള്‍ക്കുള്ളില്‍ നിന്നു പ്രതിരോധമുയരണം. ഇതരമതങ്ങളെയല്ല, സ്വമതത്തിന്റെ ഉള്‍ക്കാമ്പിനെയാണു ഭീകരവാദികള്‍ കാര്‍ന്നെടുക്കുന്നതെന്ന വസ്തുത തിരിച്ചറിയണം. മനുഷ്യത്വത്തിനെതിരായ അക്രമം ആരു നടത്തിയാലും എവിടെ നടത്തിയാലും സകലരുമൊന്നാകെ എതിര്‍പ്പുയര്‍ത്തണം.
പലസ്തീനിലെ ഗാസായില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്രസമൂഹത്തില്‍ ഏറ്റവുമധികം പ്രതികരിച്ചിട്ടുള്ളത് കത്തോലിക്കാസഭയുടെ പരിശുദ്ധസിംഹാസനമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും ലിയോ മാര്‍പാപ്പയും അവ്യക്തതകളേതുമില്ലാത്ത സുദൃഢ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിച്ചത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനും യുദ്ധം തീര്‍ക്കാനും വത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ആഫ്രിക്കയിലരങ്ങേറുന്ന പ്രശ്‌നങ്ങളെയും സഭ അതേ ഗൗരവത്തോടെ വീക്ഷിക്കുന്നു.
സുഡാനിലും നൈജീരിയായിലും മറ്റും നടക്കുന്ന ആഭ്യന്തരസംഘര്‍ഷങ്ങളിലും ഗോത്രകലാപങ്ങളിലും മതം കലര്‍ത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റും അല്‍ ഖയിദയും പോലെയുള്ള ഭീകരസംഘടനകള്‍ ചെയ്യുന്നത്. സ്വന്തം പക്ഷത്തു നില്‍ക്കുന്ന ഗോത്രങ്ങള്‍ക്ക് അവര്‍ പണവും ആയുധങ്ങളുമെത്തിക്കുന്നു. ഒരു പക്ഷം വടിയും കല്ലുമായി നില്‍ക്കുമ്പോള്‍ മറുവശത്തുള്ളവര്‍ യന്ത്രത്തോക്കുകളും ബോംബുകളുമായി വരുന്നു, നിശ്ശേഷം തകര്‍ക്കുന്നു, ആധിപത്യം സ്ഥാപിക്കുന്നു, ആട്ടിപ്പായിക്കുന്നു. മതവിശ്വാസവും ആശയസംഹിതയും ഇതിന്റെയെല്ലാം അന്തര്‍ധാരയാകുന്നതു കാണാതിരുന്നുകൂടാ. മതത്തിന്റെ പേരിലുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതാകണം മതനേതാക്കളുടെ ആദ്യത്തെ കടമ.