Editorial

മിഠായി രാഷ്ട്രീയത്തിനപ്പുറം

Sathyadeepam

തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. കേരളത്തില്‍ പലപ്പോഴും തെരഞ്ഞെടുപ്പ് സമയം ഒരു ചന്തയുടെ രൂപം കൈവരിക്കാറുണ്ട്. ജാതിയും മതവും സമുദായ വാക്യങ്ങളും പി ആര്‍ പണികളും സൗജന്യ സമ്മാനവിതരണങ്ങളും കൊണ്ട് ലേലം വിളി നടക്കുകയും വോട്ടര്‍മാരെ മയക്കുകയും ചെയ്യുന്ന ഒരു ചന്ത. അഞ്ചു വര്‍ഷത്തെ ഭരണം മാത്രം ലക്ഷ്യമിടുന്ന മിഠായി രാഷ്ട്രീയമാണ് (instant gratification politics) അതിന്റെ അടിത്തറ. വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ലേലം വിളികള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

മാതൃഭൂമിയുടെ ഇക്കഴിഞ്ഞ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു. 50 മിനിറ്റില്‍ അധികം ഉള്ള സംഭാഷണം സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. പതിവ് രാഷ്ട്രീയ ശൈലി ആ സംഭാഷണത്തില്‍ കണ്ടില്ല. ജാതിമത സമുദായങ്ങളുടെ സന്തുലനം പരാമര്‍ശവിഷയമായില്ല. ഭരണപക്ഷത്തെ കുറ്റം പറഞ്ഞും കേട്ടില്ല. അടുത്ത 25 വര്‍ഷത്തെ കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ആയിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ഭാവി കേരളത്തിന്റെ ദര്‍ശനങ്ങള്‍. കേരളത്തിലെ ഇടത്തും വലത്തും മധ്യപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ കേരളത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ വിളിച്ചു പറയേണ്ട സമയമായിരിക്കുന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കാം എന്ന് ചിന്തിക്കുന്നവന്‍ രാഷ്ട്രീയക്കാരന്‍ മാത്രമാകുമ്പോള്‍ അടുത്ത തലമുറ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നവനാണ് സ്റ്റേറ്റ്‌സ്മാന്‍ ആകുന്നത്. തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് കേരളത്തെപ്പറ്റി ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ കുറച്ചുകാലങ്ങളായി കേരളത്തിന് പരിചയമുണ്ടോ? തിരഞ്ഞെടുപ്പ് ജയിക്കാനുള്ളത് മാത്രമല്ല എന്നും ചില ആദര്‍ശങ്ങള്‍ക്കുവേണ്ടി തോല്‍ക്കാന്‍ കൂടി ഉള്ളതും ആണെന്നും അവര്‍ പറയാറുണ്ടോ?

അടുത്ത തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കാം എന്ന് ചിന്തിക്കുന്നവന്‍ രാഷ്ട്രീയക്കാരന്‍ മാത്രമാകുമ്പോള്‍ അടുത്ത തലമുറ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നവനാണ് സ്റ്റേറ്റ്‌സ്മാന്‍ ആകുന്നത്.

അഞ്ചു വര്‍ഷ രാഷ്ട്രീയ വാഗ്ദാനങ്ങള്‍ക്കപ്പുറം മാധ്യമങ്ങള്‍ക്കും യുവാക്കള്‍ക്കും ചിന്തിക്കുന്ന പൊതു സമൂഹത്തിനും മുമ്പില്‍ വന്ന് 'വിഷണറി ഡോക്കുമെന്റുകള്‍' അവതരിപ്പിക്കുന്ന നേതാക്കളെ ഈ വരുന്ന തിരഞ്ഞെടുപ്പ് കാലത്ത് കേരളം കണി കാണട്ടെ. അവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയട്ടെ. അഞ്ചുവര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ അല്ല 25 വര്‍ഷത്തേക്കുള്ള ദര്‍ശന രേഖകളാണ് ഇനി കേരളത്തെ നയിക്കേണ്ടത് എന്ന് പറയുന്ന നേതാക്കളുടെ എണ്ണം വര്‍ദ്ധിക്കട്ടെ. അവരുടെ വിഷന്‍ അക്ഷരങ്ങളില്‍ പ്രസിദ്ധം ചെയ്യട്ടെ. അങ്ങനെയുള്ളവര്‍ വെറും രാഷ്ട്രീയക്കാരില്‍ നിന്ന് രാഷ്ട്രതന്ത്രജ്ഞ രിലിലേക്കുള്ള വളര്‍ച്ചയിലാണ്.

ഒരു ദേശം നേരിടുന്ന അടിസ്ഥാന പ്രതിസന്ധികളെക്കുറി ച്ചുള്ള തിരിച്ചറിവാണ് നേതാവിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുക. ഇന്ന് കേരളത്തിലെ കലാലയത്തില്‍ നിന്നു ഒരാള്‍ പഠിച്ചിറങ്ങി കഴിയുമ്പോള്‍ തന്നെ കാലഹരണ പ്പെടുന്ന കാലമാണ്. അവരുടെ ആകാംക്ഷകളെ നേരിടാന്‍ നേതാക്കള്‍ക്ക് എന്ത് പദ്ധതികളാണ് കൈകളിലുള്ളത്? വിജ്ഞാന വിസ്‌ഫോടനവും തൊഴില്‍ മേഖലയിലെ നിരന്തര മാറ്റങ്ങളും തൊഴില്‍ നഷ്ടങ്ങളും കണക്കിലെടുത്ത് നിരന്തരം നവീകരിക്കപ്പെടേണ്ട സിലബസുകളും കരിക്കുലവും എങ്ങനെ അഭിമുഖീകരിക്കപ്പെടും, പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന (റെമിറ്റന്‍സ്) പണത്തിന്റെ കണക്കില്‍ അഭിമാനിക്കുന്നവര്‍ക്ക്, അതിഥി തൊഴിലാളികള്‍ (30 ലക്ഷത്തിലധികം) അവരുടെ നാട്ടിലേക്ക് ഇവിടെ നിന്ന് കൊണ്ടുപോകുന്ന (റിവേഴ്‌സ് റെമിറ്റന്‍സ്) പണം നമ്മുടെ സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പണലഭ്യതയുടെ കുറവിനെ (ലിക്വിഡിറ്റി ക്രഞ്ച്) കുറിച്ച് എന്തു പറയാനുണ്ട്? ആ പണം എങ്ങനെ ഇവിടെ ചെലവഴിക്കപ്പെടാം?

കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്ന കേരള ബൗദ്ധികശേഷിയുടെ അളവ്/അല്ലെങ്കില്‍ യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുന്ന ക്രിയാത്മക പദ്ധതികള്‍ എന്തൊക്കെയാണ്? രോഗം വന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കേണ്ടി വരുന്നവരുടെ കണക്കില്‍ ഇന്ത്യയില്‍ ഒന്നാമതാണ് കേരളം എന്ന് തിരിച്ചറിവ് എന്തു പരിഹാരമാര്‍ഗങ്ങളിലേക്കാണ് നേതാക്കളെക്കൊണ്ട് വന്നു എത്തിക്കേണ്ടത്? ചക്ക തിന്നാന്‍ കാട്ടാന എത്തുമെന്ന് ഭയന്ന് സ്വന്തം വീട്ടിലെ പ്ലാവ് മുഴുവന്‍ വെട്ടി കളയുന്ന കര്‍ഷകന്റെ മനസ്സിനെ തണുപ്പിക്കാന്‍ എ ഐ നിയന്ത്രിത വന്യമൃഗ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കേണ്ടത് ആരാണ്?

കേരള തീരദേശത്തെ ഉള്‍പ്പെടുത്തി കോസ്റ്റല്‍ ഷിപ്പിംഗ് ആരംഭിക്കണമെന്ന്, റബ്ബര്‍ തേയില മേഖലകളിലെ വീഴ്ച പരിഹരിക്കാന്‍ തോട്ടം മേഖലയില്‍ വിയറ്റ്‌നാം മാതൃകയില്‍ ഫ്രൂട്ട് പ്ലാന്റേഷന്‍ നടത്തണമെന്ന്, അതിനുവേണ്ടി ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം ഉണ്ടാകണമെന്ന്, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അവര്‍ നിയമപരമായി മറുപടി പറയേണ്ടി വരുന്ന സംവിധാനം (ലീഗല്‍ അക്കൗണ്ടബിലിറ്റി) കൊണ്ടുവരണമെന്നെല്ലാം ഒരു നേതാവ് വിളിച്ചു പറയുമ്പോള്‍ അതില്‍ ദര്‍ശനങ്ങള്‍ ഉണ്ട്, പ്രതിസന്ധികള്‍ക്ക് സര്‍ഗാത്മകതയോടെ ഉത്തരം അന്വേഷിക്കുന്ന ഒരു മനസ്സുണ്ട്. നവ കേരളത്തെ സ്വപ്നം കാണുന്ന, അത് വിളിച്ചു പറയുന്ന നേതാക്കളുടെ എണ്ണം വര്‍ദ്ധിക്കട്ടെ. അതില്‍നിന്ന് ഏറ്റവും മികച്ചവരെ കേരളം തിരഞ്ഞെടുക്കട്ടെ.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന വൈകാരിക വിഷയങ്ങള്‍ക്ക് അപ്പുറം നവകേരളത്തിന്റെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കൃത്യമായ കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുന്ന, ദര്‍ശനഭദ്രതയുള്ള പുതിയ രാഷ്ട്രീയ സംവാദം വളര്‍ന്നു വരുന്ന അവസരമാകട്ടെ ഓരോ തിരഞ്ഞെടുപ്പും. ഇനിയുള്ള നാളുകളില്‍, ജാതിമത സമവാക്യങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും പകരം കേരളത്തിന്റെ ഭാവി ഭദ്രതയും അതിനാവശ്യമായ ദര്‍ശനങ്ങളും സകലരും ചര്‍ച്ച ചെയ്യട്ടെ.

മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാര്‍

സഭയില്‍ ഇരകള്‍ക്കു നീതി?

കൊച്ചിയിലെ കപ്പലൊച്ചകള്‍ [25]

യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ്

'വോട്ടുനോക്കി യന്ത്ര'വുമായി സര്‍ക്കാര്‍, 'ചിന്താവിഷ്ടരായ ശ്യാമള'ന്മാരായി ജനം