

ടോം കെ. ജോസ്
അധ്യായം : ആറ്
“അട്ടയെപ്പേടിയില്ലല്ലോ അല്ലേ...” വാച്ചർ വാവച്ചൻ ചോദിച്ചു.
“പിന്നേ ചെകുത്താനെ പിടിക്കുന്ന അച്ചനാ അട്ടയെ പേടി. വേണ്ടി വന്നാൽ ചെറിയ ഒരു വിലക്ക്. അല്ലേ അച്ചാ...”
“വിലക്കലൊക്കെ വിത്സൺ ആയിക്കോ.എനിക്കിത്തിരി പുകയിലനീര് തന്നേക്ക്.” അയാൾ ചെറുചിരിയോടെ പറഞ്ഞു.
രാവിലെ ഫോറസ്റ്റ് കാണാൻ പോകുവാണ്.വന്ന അന്നുമുതലുള്ള വിത്സന്റെ നിർബന്ധമാണ് കാടുകാണാൻ പോകാൻ.അളിയൻ വാവച്ചൻ വാച്ചറാണ്. അതുകൊണ്ട് ധൈര്യമായി പോകാം.ഒത്താ രണ്ടു തോട്ടേം പൊട്ടിക്കാം. സ്ഫോടകവസ്തു വെള്ളത്തിലിട്ട് മീൻ പിടിക്കുന്ന പരിപാടിയാണ്.
“തോട്ടയൊന്നും വേണ്ട.” അയാൾ കർശനമായി പറഞ്ഞു.
അന്നുമുതലുള്ള കണക്കുകൂട്ടലാണ് വിത്സന്.
നാളെപ്പോയാലോന്ന് ചോദിച്ചപ്പോൾ വിത്സന്റെ മുഖം വിടർന്നു.
“ജോയിയേം കൂട്ടാം.”
“മൂന്നാളുപോയാ... മൂഞ്ചിപ്പോകുംന്നാ...”
കുർബാന കഴിഞ്ഞതേ എല്ലാവരും എത്തിച്ചേർന്നു.
ജോയി അടുത്തു വന്ന് സ്തുതിചൊല്ലിയപ്പോഴാണ് കണ്ടത്. വലത്തുകൈയ്യിൽ രണ്ട് വിരലുകൾ ഇല്ല.
“തോട്ട കൈയ്യിലിരുന്നു പൊട്ടിയതാണ്. തിരി പോക്കാരുന്നു...” ബാക്കി വിരലുകൾകൊണ്ട് ജോയി തല ചൊറിഞ്ഞു.
യാത്രാവിവരണം വാവച്ചനും വിത്സനും ഏറ്റെടുത്തു. ജോയി എല്ലാവർക്കും പുറകിൽ നിന്നു. കാട്ടിൽ കേറിയാ പുറകിലൊരു കണ്ണുവേണം.
നാട്ടു വഴികൾ വിട്ട് നടപ്പ് കാട്ടിലേക്കായി. ചീവീടുകളുടെ കാതു തുളയ്ക്കുന്നസ്വരം. പതിയെ പ്പതിയെ കാതുകൾക്ക് ശീലമായി. വാവച്ചന്റെ ഡയലോഗുകൾ കേൾക്കാം.
“ഈ സായിപ്പൻമാരെ സമ്മതിക്കണമച്ചോ...മുടിഞ്ഞവൻമാര് ഈ കാട്ടിക്കൂടെ റോഡുവെട്ടി, തടി കൊണ്ടോകാൻ റെയിലും പണിതു...”
“ഇതു വഴി റെയിലോ...” ആദ്യമായി കേൾക്കുകയാണ്.
“ആ... റെയില് തന്നെ... കന്നിയാത്ര ടൈറ്റാനിക്ക് പോലായി... പാലം ഒടിഞ്ഞ് എഞ്ചിൻ വെള്ളത്തിപോയി.”
“ഇപ്പോം കാണാം.കയത്തിന് മുകളിൽ തുരുമ്പുപാട...”
“അത് കറയുള്ള വല്ല മരവും അതിൽ വന്നടിഞ്ഞിട്ടുണ്ടാകും.” അയാൾ പറഞ്ഞു.
“അച്ചൻ നോക്കിക്കേ... ഒരു റോഡ് കാണാവോന്ന്...” വാവച്ചൻ വിടുന്നമട്ടില്ല
ശരിയാണ്... വൻമരങ്ങൾക്കിടയിലൂടെ വീതി കൂടിയ ഒരു വഴിത്താര ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട്. അടിക്കാടും പുല്ലും മാത്രം നിറഞ്ഞ ഒരു പാത...
“അപ്പോൾ റെയിൽ പാളം...” അയാൾ ചോദിച്ചു.
“അതൊക്കെ ആമ്പിള്ളേര് കണ്ടിച്ചോണ്ടുപോയി...ബാക്കി ഉരുൾപൊട്ടലും കൊണ്ടു പോയി... മലമുടികളിൽ ഉരുളുപൊട്ടുന്നത് മഴക്കാലത്ത് പതിവാണ്...”
“ഇതാണ് പുല്ലാന്നി... വെട്ടിവായിൽപ്പിടിച്ചാൽ ഇഷ്ടം പോലെ വെള്ളം കിട്ടും...” കൈത്തോട്ടിലിറങ്ങി മുഖം കഴുകുമ്പോൾ വാവച്ചൻ ചെടികളെ പരിചയപ്പെടുത്തി.
“തോട്ടിലെ വെള്ളം സൂപ്പറാ... ബിസ്‌ലേരി തോറ്റുപോകും.” ജോയിയാണ്.
അയാൾ ചിരിച്ചു...
“ആ കാണുന്നതാണച്ചോ വേലായുധൻ പാറ...” വിത്സൺ ദൂരേയ്ക്ക് കൈചൂണ്ടി.
അയാൾ ആ പാറയെ കൗതുകത്തോടെ നോക്കി...
അവിടെ കുറച്ചിരിക്കാം. അയാൾ മനസ്സിൽ പറഞ്ഞു
പാതയോരത്ത് ചുമടുതാങ്ങിപോലെ ഒരു പാറ... നാലടി ഉയരത്തിൽ മെത്തപോലെ കിടക്കുന്നു...
“ഇവിടെ കുറച്ചിരുന്നാലോ...”
“ഇവിടെത്തന്നെ വേണോ?” വീണ്ടും ജോയി
“അതെന്താ...”
“അതേ ഈ പാറയ്ക്ക് ഒരു ചരിത്രമുണ്ട്...” വിത്സൺ ഇടയ്ക്ക് കയറി.
“പണ്ടിതിലേ കാടുമുറിച്ച് ഒരു കുറുക്കു വഴി ഉണ്ടായിരുന്നു... നമ്മുടെ റോഡും പാലോം വരുന്നേന് ഒത്തിരി മുമ്പാ. അന്നൊരു വേലായുധൻ ചുമടുമായി ഇവിടെ വന്നിരുന്നു. തന്നെ ആരും പോകാത്ത വഴിയാ. പാവം ഗതികേടുകൊണ്ട് ഒറ്റയ്ക്കിറങ്ങി... ഇവിടെ വന്നപ്പം ക്ഷീണം കാരണം കുറച്ചുനേരം ഈ പാറേൽ ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി. പിന്നെ എഴുന്നേറ്റില്ല. മൊത്തം അട്ടകേറി പൊതിഞ്ഞു.
ആളെ കാണാതെ അന്വേഷിച്ചിട്ട് അവസാനം... അന്നിതിലേ വല്യ ആൾ സഞ്ചാരമില്ലാരുന്നു... അസ്ഥികൂടാ കിട്ടിയേ.കൈലീം ഷർട്ടും കണ്ടാ ആളെത്തിരിച്ചറിഞ്ഞേ...”
“ഇപ്പോ ചില്ലറ ശല്യമൊക്കെയുണ്ട്... പണിയൻമാര് കൊറേ കഥയൊക്കെ പറയുന്നുണ്ട്... ആഗ്രഹം തീരാതെ മരിച്ചതല്ലേ. ചോര വറ്റിയല്ലേ മരണം...” വിത്സൺ ആവേശത്തോടെ പറയുകയാണ്.
ഉള്ളിൽ നിസ്സഹായനായൊരു സാധുമനുഷ്യന്റെ ചിത്രം തെളിഞ്ഞു... പ്രാരാബ്ധങ്ങൾ അയാളെ വലിച്ചുതാഴ്ത്തുന്നു... എഴുന്നേൽക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുന്നു.
“ഇത്തരം കഥകൾ എല്ലാ നാട്ടിലുമുണ്ട്. പുറത്തു നിന്നാരും അസമയത്ത് വരുന്നതിനെ പ്രതിരോധിക്കാൻ കാവലിനെക്കാൾ നല്ലത് കഥകളാണ്.പ്രേതകഥകളില്ലാത്ത ഏതെങ്കിലും നാടുണ്ടോ. എല്ലായിടത്തും കാണും പ്രേതങ്ങൾ. പേരുകൾക്കേ മാറ്റമുള്ളൂ.”
“ഇതച്ചൻ ഞങ്ങടെ പേടി മാറ്റാൻ പറയുന്നതല്ലേ... വേട്ടയ്ക്ക് പോകുന്ന ഞങ്ങൾക്ക് പേടിയില്ലച്ചോ... അച്ചൻ പ്രേതമില്ലെന്നുമാത്രം പറയരുത്...” കഥ അതേപടി വിഴുങ്ങാഞ്ഞത് വിത്സനിഷ്ടപ്പെട്ടില്ല.
“നമ്മൾ ഒരു ചിന്തയും കൊണ്ട് നടന്നാൽ പിന്നെ കാണുന്നതും കേൾക്കുന്നതുമെല്ലാം ആ ചിന്തയുമായി ബന്ധപ്പെട്ടതാകും. പ്രത്യേകിച്ച് പഞ്ചേന്ദ്രിയങ്ങൾക്ക് പരിമിതികൾ വരുമ്പോൾ...ഉദാഹരണത്തിന് കാഴ്ച...രാത്രിയിൽ കാഴ്ച മങ്ങുമ്പോൾ കേൾക്കുന്നതും വിചാരിക്കുന്നതും ഒന്നാകും. പലരും രാത്രിയിൽ കണ്ട പ്രേതം രാവിലെ മടലും കൊതുമ്പും ആയിരിക്കും...”
“എന്നാ നടക്കുവല്ലേ...”
ഇഷ്ടപ്പെടാത്തതുപോലെ വാവച്ചൻ ചോദിച്ചു.
കൊണ്ടുവന്ന പഴം കഴിച്ച് കുറച്ചു വെള്ളം കുടിച്ചപ്പോൾ ക്ഷീണം പമ്പ കടന്നു.
നടപ്പും വർത്തമാനവുമായി ഉച്ചയായി ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ
“ഇനി പുഴ മുറിച്ച് കടക്കണം... പുഴ ഏറ്റവും ശാന്തമായി പരന്നൊഴുകു ന്നതിവിടെയാണ്...” വിശാലമായ മണൽപരപ്പിൽ ആറ്റുവഞ്ചികൾ... പൂത്തുനിൽക്കുന്ന പുരക്കരിമ്പിൻ കൂട്ടങ്ങൾ...
“പാറേക്കൂടെ നടന്നാ കാലു നനയ്ക്കാതെ അക്കരെ പിടിക്കാം...”
വിത്സൺ മുന്നിൽ ഉത്സാഹത്തോടെ നടന്നു.
വെള്ളത്തിൽ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന പാറകൾ...പായൽ പിടിച്ച പാറകളുടെ മുകളറ്റം മാത്രം കഷണ്ടിത്തലകൾ പോലെ തിളങ്ങി.
അക്കരെ കടന്നപ്പോൾ വിത്സൺ പെട്ടെന്ന് നിന്നു. “ശ്ശ്...”
എല്ലാവരും നിശ്ശബ്ദരായി...
പുഴയിലേക്ക് പാതിചാഞ്ഞ് മണൽപ്പരപ്പിൽ ഒരു മ്ലാവ്...
ചത്തുകിടക്കുവാന്നു തോന്നുന്നു... മ്ലാവിന് അനക്കമില്ലെന്ന് കണ്ട് വാവച്ചൻ പറഞ്ഞു.
ഈച്ചകളുടെ ഒരു പടലം അവരെക്കണ്ട് പറന്നകന്നു. കഴുത്തിൽ വലിയ മുറിവുണ്ട്.
“പാവം വെള്ളം കുടിക്കാൻ വന്നതാ. കടുവാ പിടിച്ചതാ. മ്ലാവിനെ മറിക്കാൻ അവനെക്കൊണ്ടേ സാധിക്കൂ...” വാവച്ചൻ പറഞ്ഞു.
“ആദ്യം അവൻ കണ്ണാ തിന്നുന്നത്. പിന്നെ നെഞ്ചും കൂട് പൊളിച്ച് കരളും.കണ്ടോ... ഇത് മൂത്തതായോണ്ട് അളിയാൻ ഇട്ടേക്കുന്നതാ...” വിത്സൺ ഒരു വിദഗ്ധനേപ്പോലെ പറഞ്ഞു.
“ഇവിടെ അധികനേരം നിക്കണ്ട...” വാവച്ചന്റെ സ്വരത്തിന് എന്തോ ഒരു മാറ്റം. അതോ തന്റെ തോന്നലാണോ.
മാനിന്റെയാണെങ്കിലും ശവം കണ്ടതിന്റെ ഉത്‌സാഹക്കുറവ് നായാട്ടുകാരിൽ പsർന്നു...പെട്ടെന്നൊരു മൂകത പടർന്ന പോലെ...
കുറച്ചു കൂടി പുറകോട്ട് പോന്നിട്ട് ആഴം കുറഞ്ഞിടത്ത് വലയിട്ടു. കല്ലുകൾ പെറുക്കിയെറിഞ്ഞ് മീനുകളെ ഇളക്കാൻ അയാളും കൂടി.
ഒരു തോട്ടാ കത്തിച്ചിട്ടാ ഇപ്പം കാണാരുന്നു കളി...വിത്സൺ നിരാശയോടെ പറഞ്ഞു.
“അതുവേണ്ട കുട്ടാ...വെറുതേ എന്റെ പണി കളയിക്കല്ലേ...” വാവച്ചൻ.
കിട്ടിയ മീനുകളെ ജോയി വേഗം ചാക്കിലാക്കി.
“അച്ചന്റെ പങ്ക് വെട്ടി മഠത്തീ കൊടുത്തേക്കാം...” വിത്സൺ വാഗ്ദാനം പോലെ പറഞ്ഞു.
“അച്ചോ ഇനി ഒരു സത്യം പറയട്ടെ...” വന സന്ദർശനം പള്ളിമുറ്റത്ത് സമാപിച്ചപ്പോൾ വിത്സൺ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
അയാൾ ചോദ്യഭാവത്തിൽ വിത്സണെ നോക്കി.
“പറഞ്ഞേക്കെടാ...” വാവച്ചൻ പോത്സ്രാഹിപ്പിച്ചു.
“അതേ... നമ്മളിന്ന് മാനിനെ കണ്ടില്ലേ...”
“അതിന്...”
“അതിനെക്കൊന്ന കടുവയില്ലേ... അവൻ അവിടെത്തന്നെ ഉണ്ടാരുന്നു...”
അയാൾ അവിശ്വസനീയതോടെ വാവച്ചനെ നോക്കി.
“നേരാ അച്ചോ...നമ്മളെങ്ങാനും മാനെ തൊട്ടാ കാണാരുന്നു... കളി...”
വന്യമായി തിളങ്ങുന്ന രണ്ട് കണ്ണുകൾ ഇമചിമ്മാതെ തന്റെ നേർക്ക് നീളുന്നത് അയാൾ അറിഞ്ഞു.
* * * * * * *
അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഇരുട്ടിൽ കുറേ കണ്ണുകൾ തിളങ്ങുന്നു.
നിശ്ശബ്ദമായി നിരീക്ഷിക്കുന്ന കണ്ണുകൾ... കുറേ നാളായിട്ടുള്ള തോന്നലാണ്. കൂടപ്പിറപ്പുപോലെ ഒരു തോന്നൽ. കൂടെ ഒരു വെള്ളിടിയുടെ അകമ്പടിയോടെ ഇരുണ്ട ഒരു ലോക്കപ്പ് മുറി കണ്ണുകൾക്ക് മുമ്പിൽ തെളിയും... കാതുകളിൽ അമർത്തിയ ചില നിലവിളികൾ വന്നലയ്ക്കുന്നു... അഴികൾക്ക് പുറകിൽ തിളങ്ങുന്ന കണ്ണുകൾ...
ജീസസ്സ്... അയാൾ കണ്ണുകൾ മുറുക്കിയടച്ചു.
(തുടരും)