Editorial

മനുഷ്യവംശത്തിന്റെ മാറാവ്രണം

Sathyadeepam

അക്രമത്തിന്റെ ചുഴി അഗാധഗർത്തമായി മാറാതിരിക്കാൻ വേണ്ടതു ചെയ്യുക എന്നതാണ് മധ്യപൂർവദേശത്തെ പുതിയ യുദ്ധത്തോടുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യത്തെ പ്രതികരണം. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിങ്ങനെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളോടാണ് അക്രമം അവസാനിപ്പിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാർപാപ്പ ആവശ്യപ്പെടുന്നത്. രാജ്യങ്ങൾ സംഭാഷണത്തിലേക്കു മടങ്ങട്ടെയെന്നും നയതന്ത്രം അതിന്റെ പങ്കു വീണ്ടെടുക്കട്ടെയെന്നും പാപ്പാ ആഗ്രഹിക്കുന്നു.

ഗൾഫിനു പുറമെ, ഉക്രെയിനിലും വെനിസ്വേലായിലും സുഡാനിലും മറ്റുമായി ചെറുതും വലുതുമായ നിരവധി സായുധസംഘർഷങ്ങൾ ഇതേസമയം നടന്നുകൊണ്ടിരിക്കുകയാണ്. ഖണ്ഡശ്ശഃയായുള്ള മൂന്നാം ലോകമഹായുദ്ധമാണ് ഇപ്പോൾ ലോകം കാണുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പേരുകൾ പലതാണെങ്കിലും ഇടങ്ങൾ ചിതറിക്കിടക്കുന്നെങ്കിലും കാരണങ്ങൾ വ്യത്യസ്തങ്ങളാണെങ്കിലും ഫലത്തിൽ ഇപ്പോൾ നടക്കുന്നതു മനുഷ്യരാശിയെ ആകെ ബാധിക്കുന്ന മഹായുദ്ധമാണ്. ഈ തിരിച്ചറിവും അതു നൽകുന്ന ഉത്തരവാദിത്വബോധവും ലോകജനതയും അതിന്റെ ഭരണാധികാരികളും അതിവേഗം ആർജിക്കേണ്ടിയിരിക്കുന്നു.

പരിഷ്കൃത മനുഷ്യരെന്ന വിശേഷണം അസ്ഥാനത്താക്കുന്ന വിധത്തിൽ, പ്രാകൃതമായ മൃഗചോദനകളും ഗോത്രനീതികളുമാണ് ഇന്നും നമ്മെ നയിക്കുന്നതെന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്, യുദ്ധങ്ങളും സായുധസംഘർഷങ്ങളും.

സ്വതന്ത്രപരമാധികാരരാജ്യങ്ങളുടെ മേൽ അന്താരാഷ്ട്രമര്യാദകൾ മറന്നുകൊണ്ട് അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ അധികാരപ്രയോഗങ്ങളെ ആധുനികസമൂഹത്തിന് അംഗീകരിക്കാനാവില്ല. ആഗോള കത്തോലിക്കാസഭ ഈ നിലപാട് പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇറാനിൽ, ഇസ്രായേലിനൊപ്പം ചേർന്ന് അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുകയും ആഗോളസമൂഹത്തിന്റെ അഭിപ്രായങ്ങളെ അമേരിക്ക മാനിക്കുകയും വേണം.

ശീതയുദ്ധാനന്തരലോകക്രമത്തിൽ ആധിപത്യം നേടാനും ഏകധ്രുവസാഹചര്യം സൃഷ്ടിക്കാനും അമേരിക്ക ആഗ്രഹിക്കുന്നുണ്ടായിരിക്കാം. ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങൾ ഭീഷണഭാവമാർജിക്കുന്നതിനു തെളിവുകളേറെയാണ്. വെനിസ്വേലായിലെ സൈനിക നടപടികൾ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടുള്ളതായിരുന്നില്ല. ലാറ്റിനമേരിക്കൻ രാഷ്ട്രീയം അടുത്തറിയാവുന്ന ലിയോ പതിനാലാമൻ പാപ്പാ അവിടെ ഒരു ശക്തിപ്രയോഗം ഒഴിവാക്കുന്നതിനുള്ള നയതന്ത്രശ്രമങ്ങൾ സജീവമായി നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗ്രീൻലാൻഡിനെ കൈയടക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും അസ്വസ്ഥജനകമായിരുന്നു.

മതഭീകരവാദം ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്ന കാര്യത്തിൽ രണ്ടുപക്ഷം ഉണ്ടാകില്ല. മതഭീകരവാദികളുടെ പക്കൽ ആണവായുധങ്ങൾ ചെന്നു ചേരുന്നതിന്റെ അനന്തരഫലങ്ങൾ അചിന്ത്യവുമാണ്. ഇസ്ലാമികമതഭരണം നിലനിൽക്കുന്ന ചില രാജ്യങ്ങളിൽ മനുഷ്യാവകാശങ്ങളത്രയും ലംഘിക്കപ്പെടുന്നതിനോടു സ്വാഭാവികമെന്ന മട്ടിൽ ലോകം പൊരുത്തപ്പെട്ടു നിൽക്കുന്നതു സ്വീകാര്യമല്ല. മധ്യപൂർവദേശത്തെയും ആഫ്രിക്കൻ വൻകരയിലെയും മതാധിപത്യരാജ്യങ്ങളിലെ മനുഷ്യസഹനങ്ങളുടെ മൗലികകാരണം മതഭ്രാന്തിൽ തന്നെയാണു നമുക്കു കണ്ടെത്താനാകുക. അവ പരിഹരിക്കുക, പരിഷ്കൃത ജനാധിപത്യ ഇടങ്ങളായി മാറുക എന്നത് പ്രാഥമികമായി ആ രാജ്യങ്ങളുടെയും ജനസമൂഹങ്ങളുടെയും കടമയാണ്. അത്തരം രാജ്യങ്ങളിലേക്കെല്ലാം ജനാധിപത്യം പുറമെ നിന്നു കയറ്റുമതി ചെയ്യും എന്ന വാശി ഇതരരാജ്യങ്ങൾക്ക് അഭികാമ്യമല്ല.

അമേരിക്കയ്ക്ക് തിരിച്ചടി നൽകാൻ വെമ്പുന്ന ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികാസ്ഥാനങ്ങൾക്കു നേരെ ആക്രമണം നടത്തുമ്പോൾ അത് കേരളത്തെയും ബാധിക്കുകയാണ്. ആ രാജ്യങ്ങളിൽ ജോലി ചെയ്തു കഴിയുന്നവരുടെ കേരളത്തിലെ ബന്ധുജനങ്ങളിൽ യുദ്ധവാർത്തകൾ ആശങ്കകൾ സൃഷ്ടിക്കുന്നു. ചിലതെങ്കിലും മാധ്യമങ്ങളുടെ അമിതാവേശത്തിൽ നിന്നു സൃഷ്ടിക്കപ്പെടുന്നതാണെങ്കിലും, ഒരു യുദ്ധം ലോകത്തിന്റെയാകെ സമാധാനത്തെ ബാധിക്കുമെന്ന വസ്തുത അതിൽ നിന്നു വ്യക്തമാകുന്നുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടു മുന്നോട്ടു പോകുകയാണ് ലോകം. പക്ഷേ, പരിഷ്കൃത മനുഷ്യരെന്ന വിശേഷണം അസ്ഥാനത്താക്കുന്ന വിധത്തിൽ, പ്രാകൃതമായ മൃഗചോദനകളും ഗോത്രനീതികളുമാണ് ഇന്നും നമ്മെ നയിക്കുന്നതെന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്, യുദ്ധങ്ങളും സായുധസംഘർഷങ്ങളും. യുദ്ധം മാനവരാശിയുടെ പരാജയമാണ്, ഹൃദയത്തിലേറ്റ മുറിവാണ്. പുതിയ സാങ്കേതികവിദ്യകളും അതു സമ്മാനിക്കുന്ന സമൃദ്ധിയും സാംസ്കാരികാഭിവൃദ്ധിയും ലോകത്തെ കൂടുതൽ ജീവിതയോഗ്യമാക്കുകയാണു ചെയ്യേണ്ടത്. യുദ്ധം ആവശ്യമെങ്കിൽ അതു ചെയ്യേണ്ടത് ആഗോളതാപനവും ഇന്നുമവശേഷിക്കുന്ന പട്ടിണിയും മാറാരോഗങ്ങളും പോലെയുള്ള പ്രതികൂല പ്രതിഭാസങ്ങളോടാണ്.

ഭീകരതക്കെതിരെയും പ്രതിരോധത്തിനായും ഉള്ള നടപടികൾ ലോകത്തിനാവശ്യമാണ്. എന്നാൽ പരമ്പരാഗതമായ നശീകരണായുധങ്ങളല്ല അതിനുപയോഗിക്കേണ്ടത്. മരണങ്ങളും സഹനങ്ങളും ഇല്ലാതെ, സംഭാഷണങ്ങളിലൂടെയും നയതന്ത്രപരിശ്രമങ്ങളിലൂടെയും നവലോകനിർമ്മിതിയെന്ന തുടർപ്രക്രിയ നടത്താൻ മനുഷ്യനു സാധിക്കേണ്ടതുണ്ട്. ലോകമനഃസാക്ഷിയായി നിലകൊള്ളുന്ന സഭയുടെ നിർദേശങ്ങളും നിരീക്ഷണങ്ങളും സമൂഹത്തിനു വഴി തെളിക്കട്ടെ.

ഗലാത്തിയ - Chapter 4 [1of3]

കൊച്ചി മേയര്‍ക്ക് കെസിബിസിയുടെ അനുമോദനം

യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം : മാർ ജോൺ നെല്ലിക്കുന്നേൽ

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ

മൈൻസ്, ചരിത്രം തുടിക്കുന്ന മഹാ രൂപത