Editorial

ആരോപണങ്ങളുടെ സുനാമിയിൽ

Sathyadeepam

സമര്‍പ്പിതജീവിതം നയിക്കുന്ന വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളുടെ സുനാമിത്തിരയിലാണു സഭ. വത്തിക്കാന്‍ കാര്യാലയത്തിലെ സാമ്പത്തികവിഭാഗം തലവനായ കര്‍ദിനാള്‍ മുതല്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലെ വൈദികര്‍വരെ ആരോപണങ്ങളുടെ മുനയിലാണ്. പാശ്ചാത്യരാജ്യങ്ങളിലെ പല രൂപതകളും സമര്‍പ്പിതര്‍ക്കെതിരെയുണ്ടായ കേസുകളില്‍ കോടിക്കണക്കിനു തുകയാണു നഷ്ടപരിഹാരമായി പരാതിക്കാര്‍ക്കു നല്കിയത്.

ചിലിയിലെ വൈദികര്‍ക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ എടുത്ത കടുത്ത നടപടികള്‍ കഴിഞ്ഞ മാസം ലോകം കണ്ടു. ആരോപണങ്ങളുടെ ഗൗരവം മറച്ചുവച്ചു ചിലി മെത്രാന്‍സംഘം നല്കിയ റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി പാപ്പയ്ക്കു ബോദ്ധ്യമായത്, വത്തിക്കാന്‍ അന്വേഷണസംഘം ചിലിയിലെ 64 പരാതിക്കാരെ ശ്രവിച്ചു നല്കിയ 2300 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ്. ചിലിയിലെ 34 മെത്രാന്മാരെയും പരാതിക്കാരെയും റോമിലേക്കു വിളിച്ചുവരുത്തി അവര്‍ക്കൊപ്പം സാന്താമാര്‍ത്തയില്‍ ഒരാഴ്ചയാണു പാപ്പ സമയം ചെലവിട്ടത്. പരാതിക്കാരിലൊരാള്‍ പറഞ്ഞതു പാപ്പ ചിലിയിലെ 34 മെത്രാന്മാരെ കുട്ടികളായും പരാതിക്കാരായ ഞങ്ങളെ രാജാക്കന്മാരായും കണ്ട് ഇടപഴകിയെന്നാണ്. യാഥാര്‍ത്ഥ്യം ബോദ്ധ്യമായപ്പോള്‍ "ഞെട്ടിപ്പിക്കുന്നതും അത്യന്തം നിര്‍ഭാഗ്യകരവും" എന്നാണ് ഈ സംഭവത്തെ പാപ്പ വിശേഷിപ്പിച്ചത്. ചിലി ജനതയോടു മാപ്പു പറയുകയും ചെയ്തു ഫ്രാന്‍സിസ് പാപ്പ.

സമര്‍പ്പിതജീവിതത്തിലെ നിരന്തര തിരക്കുകളും സമയ ബന്ധിത പ്രാര്‍ത്ഥനാശുശ്രൂഷകളും ഏതൊരാള്‍ക്കും മന്ദതയും മടുപ്പും നല്കും. ഏകസ്ഥജീവിതം നയിക്കുന്നവരെന്ന നിലയില്‍ പല സമര്‍പ്പിതരും ഏകാന്തത എന്ന നിശ്ശബ്ദ പകര്‍ച്ചവ്യാധിക്ക് അടിപ്പെട്ടവരുമാണ്. പഠനങ്ങള്‍ പറയുന്നത്, പ്രായം 70 കഴിഞ്ഞവരേക്കാള്‍ നാലിരട്ടി ഏകാന്തതാഭയം അനുഭവിക്കുന്നത് 18-നും 24-നും ഇടയ്ക്കു പ്രായമുള്ളവരാണ് എന്നാണ്.

ഏകാന്തത നല്കുന്ന മടുപ്പില്‍നിന്നും ഭയത്തില്‍ നിന്നും സമര്‍പ്പിതര്‍ക്കു രക്ഷപ്പെടാനുള്ള മാര്‍ഗം, തന്നെ വിളിച്ച യേശുവുമായുള്ള ഒരു വ്യക്തിബന്ധം സ്ഥാപിക്കുക എന്നതും സഹസമര്‍പ്പിതരുമായി ഗാഢമായ കൂട്ടായ്മയിലാകുക എന്നതുമാണ്. സമര്‍പ്പിതര്‍ക്കിടയിലെ ആരോഗ്യകരമായ ബന്ധങ്ങള്‍ തങ്ങളുടെ ജീവിതവിളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സുദൃഢം മുന്നേറാന്‍ സമര്‍പ്പിതരെ സഹായിക്കും.

തങ്ങളുടെ വിളിയുമായി ബന്ധമില്ലാത്ത തികച്ചും പ്രൊഫഷണലായ ജോലികളില്‍ പരിധികളില്ലാതെ മുഴുകുന്നത് ഒരു സമര്‍പ്പിതനെ വെട്ടിലാക്കുമെന്നതില്‍ സംശയമില്ല. അജപാലനശുശ്രൂഷയ്ക്കായി ദീര്‍ഘകാലം പരിശീലനം നേടുകയും ജീവിതം സമര്‍പ്പിക്കുകയും ചെയ്തവര്‍ സ്ഥാപനങ്ങളിലും ഔദ്യോഗിക ജോലികളിലും മാത്രം തങ്ങളുടെ ആയുസ്സിന്‍റെ സിംഹഭാഗവും തളച്ചിടുന്നത് അവരെ പ്രതിസന്ധിയിലാഴ്ത്താം. ജനങ്ങള്‍ക്ക് ആത്മീയ ഊര്‍ജ്ജവും ദിശാബോധവും നല്കേണ്ടവര്‍ മരാമത്തു പണികളിലും ബിസിനസ്സുകളിലും കണക്കുകളുടെ ലോകത്തും ആണ്ടുപോകുന്നത് ആശാസ്യമല്ല. പെട്ടെന്നുള്ള വിജയങ്ങള്‍ക്കും ഇത്തിരി സമയംകൊണ്ട് ഒത്തിരി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള വ്യഗ്രതയും സമര്‍പ്പിതരെ തെന്നുന്ന വഴിയില്‍ കൊണ്ടെത്തിക്കും. അവിടെയുണ്ടാകുന്ന വീഴ്ചയ്ക്കു വലിയ വിലയും നല്കേണ്ടി വരും.

സമര്‍പ്പിതരുടെ ഏകസ്ഥജീവിതം ധന്യമാകുന്നത് അവര്‍ ശുശ്രൂഷ നല്കുന്ന അല്മായരുടെ സ്നേഹനിരീക്ഷണത്തിലും അവരെ ശുശ്രൂഷ ഏല്പിച്ച അധികാരികളുടെ പിതൃവാത്സല്യത്തോടെയുള്ള ശാസനകളിലുമാണ്. തന്നെ ശുശ്രൂഷയ്ക്കു നിയോഗിച്ചവര്‍ ഇമ വെട്ടാതെ തന്നെ നയിക്കാന്‍ ബദ്ധശ്രദ്ധരാണെന്നും തന്‍റെ ശുശ്രൂഷ സ്വീകരിക്കുന്നവര്‍ അതു സ്നേഹത്തോടെ സ്വീകരിക്കുന്നുണ്ടെന്നുമുള്ള അറിവും ഒരു സമര്‍പ്പിതനെ കര്‍മ്മോത്സുകനാക്കും.

"Pope's Global Prayer Network" എന്ന പ്രാര്‍ത്ഥനാസംഘം മാര്‍പാപ്പയുടെ പ്രത്യേക നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പയാല്‍ സ്ഥാപിതമായിട്ടുള്ള ഒരു സംഘമാണ്. ജൂലൈ മാസം തങ്ങളുടെ അജപാലകരായ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഈ സംഘംവഴി പാപ്പ ലോകത്തോട് ആഹ്വാനം ചെയ്യുന്നു. ആരോപണങ്ങളുടെ സുനാമികളില്‍പ്പെട്ടു നശിക്കാതെ യേശുവാകുന്ന പ്രകാശഗോപുരത്തെ നോക്കി പ്രകാശിതരാകാന്‍ എല്ലാ സമര്‍പ്പിതര്‍ക്കും കഴിയട്ടെ.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും