Editorial

‘വിലക്കപ്പെട്ട വിവരങ്ങള്‍’

Sathyadeepam

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മറ്റൊരു വാര്‍ഷിക പുലരിയിലേക്കു ഭാരതം പ്രവേശിക്കാനൊരുങ്ങുമ്പോള്‍, അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യത്തെ വിലങ്ങണിയിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രം സാക്ഷിയായി എന്നതു ജനാധിപത്യവിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു.

രണ്ടാം മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റിലെ ഇരുസഭകളിലുമവതരിപ്പിച്ചു പാസ്സാക്കിയ വിവരാവകാശ (ഭേദഗതി) ബില്‍, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും വേതനവ്യവസ്ഥയും തീരുമാനിക്കാനുള്ള അധികാരമത്രയും കേന്ദ്രസര്‍ക്കാരിന്‍റേതാക്കി മാറ്റാന്‍ വ്യവസ്ഥ ചെയ്യന്നതായിരുന്നു. 2005-ല്‍ നിയമം മൂലം നിലവില്‍വന്ന വിവരാവകാശ കമ്മീഷന്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലെ ഭരണഘടനാപദവിയുള്ള സ്വതന്ത്രസംവിധാനമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ ജനപക്ഷത്തുനിന്നു നിര്‍മ്മിച്ച ഏറ്റവും വലിയ ജനാധിപത്യവിപ്ലവമായി കണക്കാക്കപ്പെട്ടിരിക്കുന്ന വിവരാവകാശനിയമം, പൗരന്മാര്‍ക്കു സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തെ സാധൂകരിക്കുകയും ഭരണസംവിധാനത്തെ സുതാര്യമാക്കാന്‍ സഹായിക്കുകയും ചെയ്തു. അന്തര്‍ദ്ദേശീയ തലത്തില്‍പ്പോലും ഇന്ത്യയുടെ ഉയര്‍ന്ന ജനാധിപത്യബോധത്തെ സര്‍വസ്വീകാര്യമാക്കിയ പ്രസ്തുത നിയമത്തില്‍ മോദി സര്‍ക്കാര്‍ വരുത്തുന്ന ഭേദഗതികള്‍, മുനയൊടിച്ചും മൂര്‍ച്ച കുറച്ചും അതിനെ മറ്റൊരു ഭരണോപകരണമാക്കി തരം താഴ്ത്തുമെന്നുറപ്പാണ്. സാധാരണക്കാരുടെ നികുതിപ്പണം ഏതുവിധം ചെലവഴിക്കപ്പെടുന്നുവെന്നറിയാനുള്ള സ്വതന്ത്രവും ശക്തവുമായ ജനാധിപത്യസംവിധാനമാണ് അട്ടിമറിക്കപ്പെടുന്നത്. നോട്ടുനിരോധനംപോലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിപാടികള്‍ സാധാരണക്കാര്‍ക്കു നല്കിയ പരിക്കുകളെത്രയെന്ന് എണ്ണിപ്പറഞ്ഞതു മുതല്‍, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വരെ പരിശോധിച്ച ഈ നിയമം ഈ വിധം നിര്‍വീര്യമാക്കപ്പെടുമ്പോള്‍, പൗരന്‍റെ അറിയാനുള്ള അവകാശമാണു റദ്ദ് ചെയ്യപ്പെടുന്നത്. നിയമപരിരക്ഷ ഉണ്ടായിരിക്കുമ്പോള്‍പോലും ഷണ്ഡീകരിക്കപ്പെട്ട നിലയിലാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിരിക്കെ, അനാവശ്യവും അസാധാരണവുമായ ഇത്തരം നിയമഭേദഗതികളിലൂടെ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓര്‍മ്മിപ്പിക്കുകയാണ്, മോദിയുടെ 'പുതിയ ഇന്ത്യ.'

ഏതൊരു വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അധികാരം നല്കുന്നതടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്ന 'നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമഭേദഗതി ബില്‍, (യുഎപിഎ) ലോക്സഭ പാസ്സാക്കിയതാണ്, മോദി സര്‍ക്കാരിന്‍റെ മൗലികാവകാശ നിഷേധനിരയിലെ മറ്റൊരു സംഭാവന. ഇതുവരെയും തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്കു മാത്രം ബാധകമായിരുന്ന നിരോധനപ്പട്ടികയിലേക്ക്, ഏതൊരു വ്യക്തിയെയും, എന്‍ഐഎയുടെ ഒരു സബ് ഇന്‍സ്പെക്ടര്‍ വിചാരിച്ചാല്‍പ്പോലും, സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി കൂടാതെ തന്നെ എഴുതിച്ചേര്‍ക്കാനാകും എന്ന പുതിയ നിയമസംവിധാനത്തില്‍, നിരപരാധികള്‍ പീഡിപ്പിക്കപ്പെടുമെന്നുറപ്പാണ്.

മുന്‍ സര്‍ക്കാരുകളില്‍നിന്നും വ്യത്യസ്തമായി കാര്യഗൗരവമുള്ള ചര്‍ച്ചകള്‍ കൂടാതെ ഡസനിലധികം ബില്ലുകള്‍ തിടുക്കത്തില്‍ പാസ്സാക്കിയെടുക്കുന്ന ജനാധിപത്യധ്വംസന പരമ്പരകള്‍ക്കു നടപ്പു ബജറ്റ് സമ്മേളനം സാക്ഷ്യം വഹിച്ചതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്. എണ്ണത്തിലും വണ്ണത്തിലും തീരെ മെലിഞ്ഞുപോയ പ്രതിപക്ഷനിരയുടെ നിസ്സഹായതയും നിരുത്തരവാദിത്വവും നില വഷളാക്കുന്നുമുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ ഭരണനടപടികള്‍ ജനക്ഷേമകരം തന്നെയെന്നുറപ്പിക്കുന്ന ജനജാഗ്രതയാണു വിവരാവകാശം. മറിച്ചാണെങ്കില്‍ അത് ഉറക്കെ പറയാനുള്ള ധൈര്യമാണ് അഭിപ്രായസ്വാതന്ത്ര്യം. ഈ മൗലികാവകാശങ്ങളുടെ ലംഘനങ്ങളാണു യഥാര്‍ത്ഥത്തില്‍ ഭേദഗതി ചെയ്യേണ്ടത്. കാരണം 'തിരുത്തി'ന്‍റെ ഈ തെരഞ്ഞെടുപ്പാണു സ്വാതന്ത്ര്യം. ഈ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കു നമ്മുടെ നാടിന്‍റെ ശിരസ്സുയര്‍ന്നും, നടുനിവര്‍ന്നും നില്ക്കട്ടെ.

സ്വര്‍ഗാരോപണ-സ്വാതന്ത്ര്യദിനാശംസകളോടെ!

ഈശോസഭ വൈദികന് യു എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക