
ഡോ. കുര്യാസ് കുമ്പളക്കുഴി
കേരള നവോത്ഥാന ചരിത്രത്തിനു പുതിയ പുതിയ വായനകള്‍ ഉണ്ടാകുന്നു എന്നത് എല്ലാ വിധത്തിലും അഭികാമ്യമായ ഒരു പ്രവണതയാണ്. ഈ വിഷയത്തെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും കുറ്റമറ്റതല്ല എന്നു മാത്രമല്ല, ചില സമുദായങ്ങളുടെയും ചരിത്ര പുരുഷന്മാരുടെയും സംഭാവനകള്‍ ബോധപൂര്‍വമോ അല്ലാതെയോ തമസ്‌കരിക്കുന്നതാണെന്നും പലര്‍ക്കും പരാതിയുണ്ടായിരുന്നു. ആ കുറവു നികത്താനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
വളരെ അപരിഷ്‌കൃതവും മനുഷ്യത്വശൂന്യവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞ ഒരു സമൂഹമായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കേരള ജനത. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ ശക്തികള്‍ ഇവിടെ വരുന്നുണ്ട്. അവര്‍ കണ്ടകാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അവിശ്വസനീയമായിരുന്നു. നിലം ഉഴുതുമ്പോള്‍ നുകത്തിന്റെ ഒരുവശത്തുള്ള കാളയും മറുവശത്തു മനുഷ്യനും! കുറ്റം തെളിയിക്കാന്‍ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളിന്റെ കൈ തിളച്ച എണ്ണയില്‍ മുക്കുന്നു; അയാളുടെ കൈയില്‍ ചുട്ടുപഴുത്ത ഇരുമ്പു പിടിപ്പിക്കുന്നു! ഏതാണ്ടു നഗ്നരായി നടക്കുന്ന സ്ത്രീകളും പുരുഷന്മാരും. മൃഗങ്ങള്‍ നടക്കുന്ന വഴികളില്‍ പോലും സഞ്ചാരസ്വതന്ത്ര്യമില്ലാത്ത ചില വിഭാഗം മനുഷ്യര്‍. ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ ഓടിയകലുന്ന കീഴാളര്‍. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കിരാത നടപടികള്‍.
വളരെ അപരിഷ്‌കൃതവും മനുഷ്യത്വശൂന്യവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞ ഒരു സമൂഹമായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കേരള ജനത. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ ശക്തികള്‍ ഇവിടെ വരുന്നുണ്ട്. അവര്‍ കണ്ടകാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അവിശ്വസനീയമായിരുന്നു.
ഇതിനെതിരെ പ്രതികരിക്കാനും ഇത്തരം പ്രാകൃതാചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റിക്കളഞ്ഞു കേരള ജനതയെ പരിഷ്‌കൃത സമൂഹമാക്കാനും ആവുംവിധം തുനിഞ്ഞിറങ്ങിയതു യൂറോപ്യന്‍ മിഷണറിമാരായിരുന്നു. ഈ വഴിക്കുള്ള ആദ്യചുവടുവയ്പാണ് 1599-ലെ ഉദയംപേരൂര്‍ സൂനഹദോസ്. സൂനഹദോസ് ലക്ഷ്യം വച്ചതു കേരള ക്രൈസ്തവ സമൂഹത്തിന്റെ നവീകരണമാണ്. എങ്കിലും അതു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുസമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കൂടി ബാധകമായിരുന്നു. മനുഷ്യര്‍ എല്ലാവരും തുല്യരാണെന്നും അവര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ പാടില്ലെന്നും തീണ്ടലും തൊടീലും ഒഴിവാക്കപ്പെടേണ്ടതാണെന്നും ചരിത്രത്തിലാദ്യമായി ശബ്ദമുയര്‍ത്തിയതും സൂനഹദോസാണ്.
ഇതൊന്നും പക്ഷേ, നമ്മുടെ മുഖ്യധാരാചരിത്രകാരന്മാര്‍ കണ്ടതായി ഭാവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്ക് ആദ്യം തുറന്ന ഈ വാതില്‍ അടഞ്ഞു തന്നെ കിടന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് നവോത്ഥാനത്തിലേക്ക് ഉദയംപേരൂര്‍ സൂനഹദോസ് വഴി തുറന്നതെങ്ങനെയെന്നു കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് 2015-ല്‍ പുറത്തുവന്ന 'കേരള നവോത്ഥാന സമാരംഭം പതിനാറാം നൂറ്റാണ്ടില്‍' എന്ന ഗ്രന്ഥം. കേരള ക്രൈസ്തവ സമൂഹത്തിലെ പ്രമുഖരായ ചരിത്ര പണ്ഡിതന്മാരാണ് അതിലെ ഗവേഷണ പരമായ ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
2023-ല്‍ പുറത്തുവന്ന 'കേരള നവോത്ഥാനവും ക്രൈസ്തവസമൂഹവും' എന്ന ഗ്രന്ഥം ശീര്‍ഷകം സൂചിപ്പിക്കുന്ന ചരിത്ര വസ്തുതകളുടെ സൂക്ഷ്മവും വിശദവുമായ അന്വേഷണവും കണ്ടെത്തലുകളും ഉള്‍ക്കൊള്ളുന്നു. ഡോ. കെ. റോബിന്‍സണ്‍ ജോസ് എഡിറ്റു ചെയ്ത ഈ സമാഹാരത്തില്‍ 14 ചരിത്ര ഗവേഷണ പ്രബന്ധങ്ങളാണുള്ളത്. എല്‍ എം എസ്, സി എം എസ്, ലൂഥറന്‍ മിഷന്‍, ബാസല്‍ മിഷന്‍ എന്നീ പാശ്ചാത്യമിഷണറി പ്രസ്ഥാനങ്ങളോടൊപ്പം, കേരള ലത്തീന്‍ സഭ, സുറിയാനി കത്തോലിക്ക വിഭാഗം, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ സഭാവിഭാഗങ്ങള്‍ എന്നിവരുടെ നവോത്ഥാനാത്മക സംഭാവനകളും ഇതിലെ പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഉദയംപേരൂര്‍ സൂനഹദോസ് ലക്ഷ്യം വച്ചതു കേരള ക്രൈസ്തവ സമൂഹത്തിന്റെ നവീകരണമാണ്. എങ്കിലും അതു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുസമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കൂടി ബാധകമായിരുന്നു.
ഡോ. വള്ളിക്കാവു മോഹന്‍ദാസിന്റെ 'മിഷണറിമാരുടെ കേരളം' വെളിയില്‍ വന്നതു 2023 ലാണ്. പാശ്ചാത്യ മിഷണറിമാര്‍ കേരളജനജീവിതത്തിന്റെ സമസ്തമേഖലകളിലും വരുത്തിയ നവീകരണവും പരിവര്‍ത്തനവും ഇത്ര സമഗ്രമായി ചര്‍ച്ച ചെയ്യുന്ന മറ്റൊരു ഗ്രന്ഥം നാളിതുവരെ നമുക്കു ലഭിച്ചിട്ടില്ല. ഇന്നത്തെ കേരളത്തിന്റെ സൃഷ്ടിയില്‍ ക്രൈസ്തവ മിഷണറിമാരുടെ പങ്ക് ഏറെ നിര്‍ണ്ണായകമാണെന്നു വളരെ കൃത്യമായ തെളിവുകളോടെ മോഹന്‍ദാസ് സമര്‍ഥിക്കുന്നു. കേരള നവോത്ഥാനത്തില്‍ ക്രൈസ്തവര്‍ക്കു പങ്കൊന്നുമില്ല എന്ന ചിലരുടെ അജ്ഞതാ പ്രഖ്യാപനങ്ങള്‍ക്ക് ഈ ഗ്രന്ഥം നല്ലൊരു മറുപടിയാണ്.
ചാവറയച്ചന്‍ കേരള നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ സവിശേഷമായി അടയാളപ്പെടുത്തുന്ന പഠനമാണു ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ 'കേരള നവോത്ഥാനവും ചാവറയച്ചനും.' ചാവറയച്ചന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മധ്യകേരളത്തിലെ സുറിയാനി കത്തോലിക്കരുടെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും എങ്ങനെ ഊര്‍ജം പകര്‍ന്നു എന്ന വിശദമായ അന്വേഷണമാണിത്. ഒപ്പം, പാലക്കുന്ന് അബ്രാഹം മല്പാന്‍ മുതല്‍ വി ടി ഭട്ടതിരിപ്പാടുവരെയുള്ള നവോത്ഥാന നായകരുടെ സംഭാവനകളും തുല്യപ്രാധാന്യത്തോടെ ഗ്രന്ഥകാരന്‍ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്.
സമീപകാലത്തുണ്ടായ നവോത്ഥാന പഠനങ്ങളില്‍ ശ്രദ്ധേയമായതാണ്, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന്റെ 'നവോത്ഥാനം പാഠവും പാഠാന്തരങ്ങളും'. യൂറോപ്യന്‍ നവോത്ഥാനത്തെയും ഭാരതീയ നവോത്ഥാനത്തെയും പശ്ചാത്തലമാക്കി കേരള നവോത്ഥാനത്തെയും കേരള നവോത്ഥാനനായകരെയും അവതരിപ്പിക്കുന്ന സമീപനം തന്നെ കുറ്റമറ്റതാണ്. കേരളത്തിലെത്തിയ ക്രൈസ്തവമിഷണറിമാരുടെ ബഹുമുഖമായ സംഭാവനകള്‍ നമ്മുടെ നവോത്ഥാന സൗധത്തിന്റെ അടിത്തറയായതെങ്ങനെയെന്ന് ഈ പുസ്തകം വിശദമായും വിശ്വസനീയമായും പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ അടിത്തറയിലാണു ചാവറയച്ചനും വൈകുണ്ഠസ്വാമികളും മുതല്‍
വി ടി ഭട്ടതിരിപ്പാടും സ്വാമി ആനന്ദതീര്‍ഥനും വരെയുള്ള മനുഷ്യസ്‌നേഹികള്‍ കേരള ജനതയുടെ സമഗ്ര വിമോചനത്തിനും വികാസത്തിനും വേണ്ടി സാഹസികമായി പ്രവര്‍ത്തിച്ചു നവോത്ഥാനം യാഥാര്‍ഥ്യമാക്കിയതെന്നു പ്രൊഫ. ബാബു പറയുമ്പോള്‍ സന്തുലിതമായ ഒരു സമീപനം ഇക്കാര്യത്തിലുണ്ടായിരിക്കണമെന്ന മാതൃകാപാഠമാണു നവോത്ഥാന പഠിതാക്കള്‍ക്കു കൈവരുന്നത്.
കേരള നവോത്ഥാന പഠനപരമ്പരയില്‍ ഈ വര്‍ഷം കണ്ണിചേര്‍ന്നതാണ്, ഡോ. ജയ്‌സണ്‍ ജോസും ഡോ. മാര്‍ട്ടിന്‍ കുര്യനും എഡിറ്റു ചെയ്ത 'മിഷണറിമാരും കേരള സമൂഹവും'. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മലയാള വിഭാഗവും ചരിത്രവിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച ഒരു സെമിനാറിലെ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നവോത്ഥാനവഴിയില്‍ ഗവേഷണ മനോഭാവത്തോടെ സഞ്ചരിക്കുന്ന പുതിയ തലമുറയുടെ സംരംഭം എന്ന നിലയില്‍ ഈ ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്.
നമ്മുടെ നവോത്ഥാന പഠനങ്ങളില്‍ ഏറ്റവും പുതിയത് എന്നു പറയാവുന്നതാണ്, ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ എഡിറ്റു ചെയ്ത 'കേരള നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍'. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി സംഘടിപ്പിച്ച സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണിത്. കേരളത്തിലെ പ്രമുഖരായ ചരിത്ര പണ്ഡിതന്മാരാണു പ്രബന്ധകാരന്മാര്‍. നമ്മുടെ നവോത്ഥാന പഠനത്തിനു പുതിയ ഊര്‍ജവും ഉന്മേഷവും മാത്രമല്ല ശരിയായ ദിശാബോധം കൂടി കൈവന്നിരിക്കുന്നു എന്നു ബോധ്യപ്പെടുത്തുന്നവയാണ് ഇതിലെ ഓരോ പ്രബന്ധവും. എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രാന്വേഷണമാണ് ഈ സമാഹാരം എന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്.
കേരള നവോത്ഥാനത്തിനു മലയാള സാഹിത്യം പകര്‍ന്ന ഊര്‍ജവും നിര്‍ണ്ണായകമാണ്. ഈ രംഗത്ത് ആദ്യമുണ്ടായ രചനകള്‍ ക്രൈസ്തവ മിഷണറിമാരുടെയും നാട്ടിലെതന്നെ പണ്ഠിത വൈദികരുടേതുമായിരുന്നു. എന്നാല്‍ അവയുടെ മൂല്യം ബോധപൂര്‍വം അംഗീകരിക്കാതെയും അറിഞ്ഞുകൊണ്ട് അവഗണിച്ചും കടന്നുപോവുകയാണു മുഖ്യാധാരാ സാഹിത്യകാരന്മാരും ചരിത്രകാരന്മാരും ചെയ്തത്. എന്നല്ല, അത്തരം രചനകളെ 'പാതിരിമലയാളം' എന്ന വിളിപ്പേരിട്ട് ആക്ഷേപിക്കാനും അവര്‍ മടിച്ചില്ല. ഈ ധാര്‍ഷ്ട്യത്തിന് ഉചിതമായ മറുപടി കൊടുക്കാന്‍ അരനൂറ്റാണ്ടുമുമ്പു തുനിഞ്ഞിറങ്ങിയ സാഹിത്യഗവേഷകനാണ് യശശ്ശരീരനായ ഡോ. സാമുവല്‍ ചന്ദനപ്പിള്ളി. 1975 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'മിഷണറി മലയാള ഗദ്യമാതൃകകള്‍' ക്രൈസ്തവ മിഷണറിമാരുടെ സാഹിത്യത്തറവാട്ടവകാശം തിരിച്ചുപിടിക്കാനുള്ള ആദ്യകാല സംരംഭമായിരുന്നു.
കരിയാറ്റി മെത്രാപ്പോലീത്ത, ക്ലെമന്റ് പിയാനിയൂസ്, പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍, റവ. ജോര്‍ജ് മാത്തന്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയ വൈദിക ശ്രേഷ്ഠര്‍ മലയാള സാഹിത്യത്തിനു സമ്മാനിച്ച ആദ്യകാല രചനകളുടെ പ്രസക്തിയും പ്രാധാന്യവും ഉദാഹരണസഹിതം വാദിച്ചു സമര്‍ഥിക്കാനാണ് പ്രൊഫ. സാമുല്‍ ചന്ദനപ്പിള്ളി ഈ സമാഹാരം വഴി ശ്രമിക്കുന്നത്. പില്‍ക്കാലത്തു മിഷണറി സാഹിത്യത്തെപ്പറ്റി ധാരാളം ഗവേഷണ പഠനങ്ങള്‍ നടന്നു. അതിനൊക്കെ വഴിമരുന്നിട്ടതു ചന്ദനപ്പിള്ളിയുടെ ഈ ഗ്രന്ഥമാണ്.
മിഷണറി സാഹിത്യവും നവോത്ഥാനചരിത്രവും ഇനിയുമേറെ പഠനവിഷയമാകേണ്ടതുണ്ട്. എങ്കിലേ നെല്ലും പതിരും തിരിച്ചറിയാനാകൂ. വരാനിരിക്കുന്ന അത്തരം അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴികാട്ടാന്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിശിഷ്ട രചനകള്‍ക്കു കഴിയും എന്നാണെന്റെ പ്രതീക്ഷ.