
ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി. സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തിലെ പൗരോഹിത്യ വിശുദ്ധിയുടെ അനേകം മാതൃകകളില്‍ നിന്ന് പ്രചോദനം സ്വീകരിക്കാന്‍ നവവൈദികരെ പാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിന്റെ സ്‌നേഹം ലോകവുമായി പങ്കുവയ്ക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.
ജൂണ്‍ 27 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വൈദികര്‍ സംബന്ധിച്ചു. വൈദികരുടെ ജൂബിലി ആഘോഷത്തിന്റെ ഒരു പ്രധാന പരിപാടിയായിരുന്നു ഈ തിരുപ്പട്ടം.
ദക്ഷിണ കൊറിയ, മെക്‌സിക്കോ, നൈജീരിയ, ഇന്ത്യ, വിയറ്റ്‌നാം, ഉക്രൈയ്ന്‍, ഉഗാണ്ട, എത്യോപ്യ, റുമാനിയ എന്നിങ്ങനെ 20 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വൈദികരാണ് മാര്‍പാപ്പയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.
രക്തസാക്ഷികളും അക്ഷീണരായ അപ്പസ്‌തോലന്മാരും മിഷനറിമാരും ഉപവിപ്രവര്‍ത്തകരും എല്ലാമായി കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അനേകം പുരോഹിതര്‍ സാക്ഷ്യം നല്‍കി യിട്ടുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ഈ സമ്പത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കാനും അവരുടെ ജീവിതകഥകളില്‍ നിന്ന് പഠിക്കാനും നന്മകളെ അനുകരിക്കാനും കൂടെക്കൂടെ അവരുടെ മാധ്യസ്ഥം അപേക്ഷിക്കാനും നവവൈദികര്‍ തയ്യാറാകണം.
ഉപരിപ്ലവമായ ലൗകിക വിജയങ്ങളാല്‍ പ്രലോഭിപ്പിക്കപ്പെടരുത്. സംശയാസ്പദവും ഹ്രസ്വവുമായ വിജയവും പ്രസിധിയുമാണ് ഇന്നത്തെ ലോകം മുന്നോട്ടു വയ്ക്കുന്ന മാതൃകകള്‍. അവ നിങ്ങളെ സ്വാധീനിക്കരുത്.
പ്രകടനപരതകള്‍ ഇല്ലാതെ പലപ്പോഴും രഹസ്യമായി തങ്ങളുടെ വിശ്വാസവും അര്‍പ്പണബോധവും കൊണ്ട് കര്‍ത്താവിനെയും സഹോദരങ്ങളേയും സേവിച്ച ദൃഢമായ ജീവിതമാതൃകകളിലേക്ക് നോക്കുക - മാര്‍പാപ്പ വിശദീകരിച്ചു.