ഇതെഴുതുമ്പോൾ, അഭിജിത്ത് ദീപ്കെ രൂപീകരിച്ച ‘പാറ്റ ജനതാ പാർട്ടി’ (CJP) എന്ന ഓൺലൈൻ കൂട്ടായ്മയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 2.3 കോടി അനുഗാമികളാ ണുള്ളത്. ഇത് വെറുമൊരു കൗതുകമല്ല; വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ ജീർണ്ണതകളോട് ആക്ഷേപഹാസ്യത്തിലൂടെ കലഹിക്കുന്ന യുവതലമുറയുടെ മൂർച്ചയേറിയ രാഷ്ട്രീയ പ്രഖ്യാപനമാണ്.
ഭരണകൂടങ്ങൾ ഏറ്റവുമധികം ഭയക്കുന്നത് ജനങ്ങളുടെ പരിഹാസത്തെയാണെന്ന് അമേരിക്കൻ ചിന്തകയായ റൂത്ത് ബെൻ-ഗിയത്ത് നിരീക്ഷിക്കുന്നുണ്ട്. അധികാരത്തിന് മുന്നിൽ അശക്തരാക്കപ്പെടുന്ന ജനതയ്ക്ക് തങ്ങളുടെ ശബ്ദം വീണ്ടെടുക്കാനുള്ള ആയുധമാണ് ആക്ഷേപഹാസ്യം. ലോകചരിത്രം ഇതിന് സാക്ഷിയാണ്. ഓർവെല്ലിന്റെ ‘അനിമൽ ഫാം’, ജോനാഥൻ സ്വിഫ്റ്റിന്റെ ‘ഗള്ളിവേഴ്‌സ് ട്രാവൽസ്’, ഹെല്ലറുടെ ‘ക്യാച്ച്-22’, സെർവാന്റീസിന്റെ ‘ഡോൺ ക്വിക്‌സോട്ട്’, ഒ.വി. വിജയന്റെ ‘ധർമ്മപുരാണം’ എന്നിവയെല്ലാം ചിരിയിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും അധികാരത്തെ വെല്ലുവിളിച്ചവയാണ്. മലയാളിയുടെ സാമൂഹിക ബോധത്തെ നവീകരിച്ച കുഞ്ചൻ നമ്പ്യാരും സഞ്ജയനും ബഷീറും വി.കെ.എന്നും പ്രയോഗിച്ചതും ഇതേ ചിരിയുടെ മൂർച്ചയാണ്.
“ജനങ്ങളോട് സത്യം പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ, അവരെ ചിരിപ്പിക്കുക; അല്ലെങ്കിൽ അവർ നിങ്ങളെ കൊലപ്പെടുത്തും.” ജോർജ് ബർണാഡ് ഷായുടെതാണ് ഈ വാക്കുകൾ. നേരിട്ട് പറഞ്ഞാൽ അടിച്ചമർത്തപ്പെടാൻ സാധ്യതയുള്ള പൊള്ളുന്ന സത്യങ്ങളെ, യാതൊരു പോറലുമേൽക്കാതെ സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ പ്രതിഷ്ഠിക്കാൻ ഹാസ്യത്തിന് മാത്രമേ കഴിയൂ.
നേരിട്ട് പറഞ്ഞാൽ അടിച്ചമർത്തപ്പെടാൻ സാധ്യതയുള്ള പൊള്ളുന്ന സത്യങ്ങളെ, യാതൊരു പോറലുമേൽക്കാതെ സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ പ്രതിഷ്ഠിക്കാൻ ഹാസ്യത്തിന് മാത്രമേ കഴിയൂ.
ആക്ഷേപഹാസ്യം ജനാധിപത്യത്തെ ശാക്തീകരി ക്കുന്നുണ്ട്. എങ്ങനെയാണെന്നല്ലേ? ഏകാധിപതികൾ ഭയപ്പെടുത്തിയാണ് ജനങ്ങളെ നിശ്ശബ്ദരാക്കുന്നത്. അധികാര പ്രമത്തർ ഉളവാക്കുന്ന ഭയത്തിന്റെ കോട്ടകളെ തകർക്കുന്ന കൂടമാണ് ആക്ഷേപഹാസ്യം. ഭരണാധികാരികൾ പരിഹസിക്കപ്പെടുമ്പോഴാണ് അവർ വിഗ്രഹങ്ങൾ അല്ലെന്നും പിഴവുകൾ സംഭവിക്കാവുന്ന വെറും മനുഷ്യർ മാത്രമാണെന്നും ഉള്ള യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയുന്നത്. അവരുളവാക്കുന്ന ഭയത്തിന്റെ കനലുകൾക്കുമേൽ ഹാസ്യ ത്തിന്റെ ചാരം വിതറുകയാണ്. ഭയത്തെ കെടുത്തുന്നതി നൊപ്പം ആക്ഷേപഹാസ്യം യുക്തിയെ, ബോധത്തെ ഉണർത്തുന്നുമുണ്ട്. കേവലം ചിരിപ്പിക്കുക എന്നതിനപ്പുറം, വ്യവസ്ഥിതിയിലെ അസംബന്ധങ്ങളെ ചോദ്യം ചെയ്യാൻ ഹാസ്യം പ്രേരിപ്പിക്കുന്നു. ശ്രീനിവാസന്റെ പൊളിറ്റിക്കൽ സറ്റയറുകൾ കേരളത്തിന്റെ രാഷ്ട്രീയബോധത്തെ എത്രത്തോളം വിമലീകരിച്ചുവെന്ന് മലയാളിയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭരണകൂടം ജനങ്ങൾക്ക് മുൻപിൽ ഉയർത്തുന്ന വ്യവസ്ഥാപിതമായ എല്ലാത്തരം സെൻസർഷിപ്പുകളെയും അനായാസം ഭേദിക്കാനുള്ള ശക്തിയും ഹാസ്യത്തിൽ ഉണ്ട്. ചോര ചിന്താതെ, നാശനഷ്ടങ്ങൾ ഉളവാക്കാതെ, അക്രമങ്ങളില്ലാതെ നടക്കുന്ന ഏറ്റവും ആരോഗ്യകരമായ സർഗാത്മക പ്രതിരോധമാണിത്.
എന്നാൽ, ഇത്തരം ഇൻസ്റ്റന്റ് വിപ്ലവങ്ങൾക്ക് അപകടകര മായ ഒരു മറുപുറം കൂടിയുണ്ട്. സമൂഹമാധ്യമ തരംഗങ്ങളുടെ മാത്രം പിൻബലത്തിൽ ഉയർന്നുവരുന്ന ഇത്തരം കൂട്ടായ്മകൾ പെട്ടെന്ന് ആളിക്കത്തുകയും അതേ വേഗത്തിൽ കെട്ടടങ്ങു കയും ചെയ്യാം. ഇറ്റലിയിലെ ഫൈവ് സ്റ്റാർ മൂവ്മെന്റും ഉക്രെയ്നിലെ സെലെൻസ്കിയുടെ ഉദയവും ആക്ഷേപഹാസ്യ ത്തിൽ നിന്ന് ഉടലെടുത്തതാണെങ്കിലും, കേവലമായ അരാഷ്ട്രീ യവാദവും (Apolitical nature) വൈകാരിക പ്രതികരണങ്ങളും മാത്രം മൂലധനമാക്കി ഒരു വലിയ ജനാധിപത്യ വ്യവസ്ഥയെ ദീർഘകാലം നയിക്കുക അസാധ്യമാണ്.
കൃത്യമായ രാഷ്ട്രീയ ദർശനമില്ലാത്ത പ്രസ്ഥാനങ്ങൾ വളരെ വേഗം അധികാര പ്രലോഭനങ്ങളിൽ വീഴുകയോ, ഭരണകൂട ത്തിന്റെ വേട്ടയാടലുകളിൽ തകർന്നുപോവുകയോ ചെയ്യാം. ആം ആദ്മി പാർട്ടി ഉദാഹരണമാണ്. മാത്രമല്ല, ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ഉപകരണങ്ങളായി ഇത്തരം പാർട്ടികളെ ഭരണവർഗം തന്നെ ഉപയോഗിക്കുന്ന ‘ഇലക്ഷൻ എഞ്ചിനീയറിംഗ്’ തന്ത്രങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയല്ല.
വ്യവസ്ഥിതിയോടുള്ള രോഷം മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രകടിപ്പിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ, അതൊരു ബദൽ രാഷ്ട്രീയമായി മാറണമെങ്കിൽ ആഴത്തിലുള്ള സാമൂഹിക അവബോധവും സുചിന്തിതമായ നയരൂപീകരണ ശേഷിയും അനിവാര്യമാണ്. ആശയപരമായ വ്യക്തതയില്ലാത്ത ഇത്തരം ക്ഷണിക മുന്നേറ്റങ്ങൾ പരാജയ പ്പെട്ടാൽ അത് യുവജനങ്ങളിൽ ജനാധിപത്യത്തോടുള്ള കടുത്ത നൈരാശ്യത്തിനും വ്യവസ്ഥിതിയിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റത്തിനും കാരണമായേക്കാം.
സി.ജെ.പി (CJP) പോലുള്ളവ അധികാര പ്രമത്തതയ്ക്കെതിരെ ശക്തമായ തിരുത്തൽ ശക്തിയാണ്. എങ്കിലും, സുസ്ഥിരവും അർഥപൂർണ്ണവുമായ ഒരു സാമൂഹിക മാറ്റത്തിന് ‘ജെൻ-സി’യുടെ ഈ ഓൺലൈൻ കളക്ടീവ് വിപ്ലവങ്ങൾ എത്രമാത്രം പര്യാപ്തമാകും എന്നത് കാലം തെളിയിക്കേണ്ടതുണ്ട്.