വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

പോര്‍ട്ടോറിക്കോയില്‍ കാഗസ് എന്ന സ്ഥലത്താണ് 1918 നവംബര്‍ 28-ന് വാഴ്ത്തപ്പെട്ട കാര്‍ലോസ് ജനിച്ചത്. ആറാമത്തെ വയസ്സില്‍ കാര്‍ലോസിന്റെ വീടും സകല സമ്പത്തും അഗ്നിക്കിരയായി. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗ വുമില്ലാതെ, കാര്‍ലോസിന്റെ കുടുംബം അമ്മയുടെ വീട്ടില്‍ അഭയം തേടി. വല്യമ്മയുടെ ഭക്തിയും വിശ്വാസവുമാണ് കാര്‍ലോസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വല്യമ്മയുടെ പ്രേരണയാല്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തിയ കാര്‍ലോസിന്റെ വി. കുര്‍ബാനയോടുള്ള ഭക്തിയും സ്‌നേഹവും അവിടെ ആരംഭിക്കുന്നു. അള്‍ത്താരബാലന്റെ റോളില്‍ ദിവ്യബലിയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും അവന്‍ സജീവ സാന്നിദ്ധ്യമായി.

സ്‌കൂള്‍ പഠനകാലത്തുതന്നെ വയറ്റില്‍ മാരകമായ ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഡിഗ്രിപഠനം പോലും മുടങ്ങി. പക്ഷേ, അതൊന്നും വകവയ്ക്കാതെ കാര്‍ലോസ് മുന്നോട്ടുപോയി. എല്ലാ വിഷയ ങ്ങളും ആര്‍ത്തിയോടെ വായിക്കുമായിരുന്നു; കല മുതല്‍ തത്ത്വചിന്തവരെ; ശാസ്ത്രം മുതല്‍ മതം വരെ അദ്ദേഹത്തിന്റെ വായനാലോകം വിശാലമായിരുന്നു. അതിനിടയില്‍ ഓര്‍ഗന്‍ വായിക്കാനും സമയം കണ്ടെത്തി.

ഒരു ഓഫീസ് ക്ലാര്‍ക്കായി ജോലി ചെയ്തുകൊണ്ട് തന്റെ വരുമാനം മുഴുവന്‍ ദൈവാരാധനയെപ്പറ്റി പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് കാര്‍ലോസ് വിനിയോഗിച്ചത്. ആരാധനയെ സംബന്ധിച്ച ലേഖനങ്ങള്‍ തേടിപ്പിടിച്ച് തര്‍ജ്ജമ ചെയ്ത് എഡിറ്റു ചെയ്ത് അദ്ദേഹം പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ "ആരാധനക്രമവും ക്രൈസ്തവസംസ്‌കാരവും" എന്ന കൃതി പുറത്തുവന്നു. 194-ല്‍ "ലിറ്റര്‍ജി സര്‍ക്കിളി"ന് രൂപംകൊടുത്തു. എല്ലാ മനുഷ്യരുടെയിടയിലും ക്രിസ്തുവിനെ പ്രചരിപ്പിക്കുകയായിരുന്നു കാര്‍ലോസിന്റെ ലക്ഷ്യം.

അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ എണ്ണം വര്‍ദ്ധിച്ചു. അവരെല്ലാം കാര്‍ലോസിനെ സ്‌നേഹപൂര്‍വ്വം 'ചാര്‍ലി' എന്നു വിളിച്ചു. അവരോടൊപ്പം കാത്തലിക് യൂണിവേഴ്‌സിറ്റി സെന്ററിലെത്തി മറ്റൊരു ലിറ്റര്‍ജി സര്‍ക്കിളിനു രൂപം കൊടുത്തു. പ്രൊഫസര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആരാധന കൂടുതല്‍ ഫലവത്താകാനായി മാതൃഭാഷയില്‍ത്തന്നെ അവ പ്രസിദ്ധീകരിച്ചുതുടങ്ങി. "ഈസ്റ്റര്‍ വിജില്‍" കാര്‍ലോസിന്റെ സൃഷ്ടിയായിരുന്നു. പോപ്പ് പയസ് XII, 1952-ല്‍ അതിന് ഔദ്യോഗിക അംഗീകാരം നല്‍കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ലിറ്റര്‍ജിയെപ്പറ്റിയുള്ള ഡിക്രിയില്‍ പ്രസിദ്ധീകരിച്ച പല കാര്യങ്ങളും കാര്‍ലോസ് എന്ന "ആരാധനക്രമത്തിന്റെ അപ്പസ്‌തോലന്‍" മുന്‍കൂട്ടി കണ്ടെത്തിയവയായിരുന്നു.

രോഗം അദ്ദേഹത്തിന്റെ ശരീരത്തെ തളര്‍ത്തിക്കൊണ്ടിരുന്നെങ്കിലും സ്പിരിറ്റ് തളര്‍ന്നില്ല. എല്ലാം ഉയിര്‍ത്ത ക്രിസ്തുവില്‍ സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുപോയി. "ഉയിര്‍പ്പിനുവേണ്ടിയാണ് നാം ജീവിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

1963-ല്‍ അദ്ദേഹം കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടു. അതിനുശേഷമുള്ള വേദനയുടെ രാത്രികള്‍ കാര്‍ലോസിന് "വിശ്വാസത്തിന്റെ ഇരുണ്ട രാത്രികള്‍" ആയിരുന്നു. ദൈവം തന്നെ കൈവിട്ടെന്നു തോന്നിയ രാത്രികള്‍! 1963 ജൂലൈ 13-ന് 45-ാമത്തെ വയസ്സില്‍ കാര്‍ലോസ് സര്‍വ്വസ്വവും ഉയിര്‍ക്കപ്പെട്ട ക്രിസ്തുവില്‍ സമര്‍പ്പിച്ചു ഈലോകജീവിതത്തില്‍നിന്നു മോചനം നേടി.

പോപ്പ് ജോണ്‍ പോള്‍ II 2001 ഏപ്രില്‍ 21-ന് കാര്‍ലോസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org