Editorial

ഭിന്നശേഷിക്കാരോട് ആര്‍ക്കാണു ഭിന്നത?

Sathyadeepam

വത്തിക്കാനിലെ സഭാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനു ഭിന്നശേഷി ഒരു തടസ്സമാകാന്‍ പാടില്ലെന്നു വ്യക്തമാക്കി,

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉത്തരവിട്ടതു കഴിഞ്ഞ മാസമാണ്. ആവശ്യമെങ്കില്‍ താമസസൗകര്യം ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണു ഭിന്നശേഷിക്കാരെ ജോലിക്കാരായി സ്വീകരിക്കേണ്ടതെന്ന് ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ പറയുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവധികള്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയും നേരത്തെ ക്രമീകരിച്ചിരുന്നു.

ഭിന്നശേഷിസംവരണത്തിനു മൂന്നു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എട്ടു വര്‍ഷമായി തീവ്രശ്രമങ്ങളും നടക്കുന്നു ഭിന്നശേഷിക്കാര്‍ക്കായി വിവിധ മാനേജ്‌മെന്റുകള്‍ ഇത്രയധികം സീറ്റുകള്‍ ഒഴിച്ചിട്ടിട്ടും എന്തുകൊണ്ട് അത് നികത്തപ്പെടുന്നില്ല? ആരാണ് അതിനു കുറ്റക്കാര്‍?

കേരളത്തില്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള വിദ്യാകേന്ദ്രങ്ങളും തൊഴില്‍ സ്ഥാപനങ്ങളും അഭയമന്ദിരങ്ങളും ഏറ്റവുമാദ്യം സ്ഥാപിച്ചതും ഏറ്റവുമധികം സ്ഥാപിച്ചതും ക്രൈസ്തവസഭകളല്ലാതെ മറ്റാരുമല്ല. ഭിന്നശേഷിക്കാരെക്കുറിച്ചുള്ള അവബോധം കേരളത്തില്‍ വളര്‍ത്തുന്നതില്‍, അവര്‍ക്കു കരുതലേകേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടു ത്തുന്നതില്‍ നിര്യാതനായ ഫാ. ഫെലിക്‌സ് സി എം ഐ യെ പോലെ വിജയിച്ച മറ്റേതെങ്കിലും സാമൂഹ്യപ്രവര്‍ത്തകനുണ്ടോ?

അദ്ദേഹത്തെ പോലെ പ്രശസ്തരും അല്ലാത്തവരുമായ അസംഖ്യം വൈദികരും സന്യസ്തരും ഈ രംഗത്തു ജീവിതം സമര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നു. സഭയുടെയും സന്യാസസമൂഹങ്ങളുടെയും ധനശേഷിയും ആള്‍ശേഷിയും ഭിന്നശേഷിസഹോദരങ്ങള്‍ക്കായി നിസ്വാര്‍ഥം വ്യയം ചെയ്തുകൊണ്ടിരിക്കുന്നു. ഭിന്നശേഷിക്കാരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതില്‍ സഭയ്ക്കു മാതൃകയാകാന്‍ കേരളത്തില്‍ തത്കാലം ഏതെങ്കിലും രാഷ്ട്രീയഭരണാധികാരികളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇല്ല.

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് 1996 മുതലാണ്. 3 ശതമാനം.

2017 ല്‍ നാലു ശതമാനമായി ഉയര്‍ത്തി. 2022 ഫെബ്രുവരി 25 ന് ഈ വിഷയത്തില്‍ കൃത്യമായ ഹൈക്കോടതി ഉത്തരവ് ഉണ്ടായതു മുതല്‍ റോസ്റ്റര്‍ തയ്യാറാക്കി, സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നല്‍കി, ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളെ ആവശ്യപ്പെട്ടു കാത്തിരിക്കുക യാണു സഭയുടെ എയ്ഡഡ് വിദ്യാലയങ്ങള്‍.

വര്‍ഷം മൂന്നു കഴിയുന്നു. തസ്തികകള്‍ ഇന്നും ഒഴിഞ്ഞുകിടക്കുന്നു. ആരാണ് ഉത്തരവാദി?

നിയമപ്രകാരം ഭിന്നശേഷിക്കാര്‍ക്കായി ഒഴിവുകള്‍ നീക്കിവച്ച എന്‍ എസ് എസ് മാനേജ്‌മെന്റിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സമാനസ്ഥിതി നിലനില്‍ക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് പരിഗണിക്കപ്പെടണം എന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്‌മെന്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പകരം ഒരേ വിഷയത്തില്‍ കോടതി ഓരോരുത്തര്‍ക്കും ഇനിയും വെവ്വേറെ വിധി പറയണം എന്ന് ശഠിക്കുന്നു. ക്രൈസ്തവ മാനേജ്‌മെന്റുകള്‍ വേണമെങ്കില്‍ കോടതിയില്‍ പോയി വേറെ വിധി വാങ്ങിവരട്ടെ എന്നു പ്രസംഗിക്കുന്നു!

ക്രൈസ്തവ വിദ്യാലയങ്ങള്‍ അനര്‍ഹമായത് എന്തോ കരസ്ഥമാക്കുന്നു എന്ന ധ്വനി വരുന്ന പ്രസ്താവനകള്‍ വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്ത് നിന്നും ആവര്‍ത്തിച്ചുണ്ടാകുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇതിനെ ഒരു സാമൂഹികപ്രശ്‌നമോ മാനുഷികപ്രശ്‌നമോ ആയി കണ്ട് അഭിമുഖീകരിക്കാന്‍ തയ്യാറാകുകയാണ്, ക്രൈസ്തവസഭയുടെ മേല്‍ അധിക്ഷേപം ചൊരിയുകയല്ല വിദ്യാഭ്യാസമന്ത്രി ചെയ്യേണ്ടത്. എന്തിനുമേതിനും പഴയ വിമോചനസമരത്തെ കൂട്ടിക്കെട്ടി സംസാരിക്കുന്നത് മന്ത്രിയുടെ ആശയപാപ്പരത്വവും മാനസികസങ്കുചിതത്വവും മുന്‍വിധിയുമാണു പ്രകടമാക്കുന്നത്. ക്രൈസ്തവസഭയോടു പ്രകടമായ വിവേചനം കാണിക്കുന്നു എന്നു വരുന്നത് ഒരു ജനാധിപത്യ, മതേതര ഭരണകൂടത്തിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഭൂഷണമല്ല. വിമോചനസമരത്തെ ചാരി, സഭയെ ഭള്ളു പറയുന്നതു വിപ്ലവപ്രവര്‍ത്തനവും അല്ല.

പതിനാറായിരത്തോളം അധ്യാപകരെ, അവരെ ആശ്രയിക്കുന്ന എഴുപതിനായിരത്തോളം വ്യക്തികളെ, കുടുംബപ്രശ്‌നങ്ങളിലേക്ക്, പട്ടിണിയിലേക്ക്, മാനസികാ സ്വാസ്ഥ്യങ്ങളിലേക്ക്, ഒരുപക്ഷേ ആത്മഹത്യയിലേക്ക് തന്നെ തള്ളി വിടുന്ന വസ്തുതകള്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്നുണ്ട്. (അതുകൊണ്ടുതന്നെ രാഷ്ട്രീയമോ സാമുദായികമോ അല്ല കാര്യങ്ങള്‍.) അധ്യാപകര്‍ സ്വന്തം ചെലവില്‍ സ്‌കൂളില്‍ വരുന്നു, പഠിപ്പിക്കുന്നു, സര്‍ക്കാരിന്റെ പ്രധാന പരിഗണനയിലുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാഗമാകുന്നു. അതിന്റെ ഗുണഗണങ്ങള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നു. കൂലിയില്ലാതെ ഇതങ്ങനെ തുടരട്ടെ എന്ന് കരുതുന്നതില്‍ എന്ത് നീതിയാണ് ഉള്ളത്? ഇത്തരം ശൈലികള്‍ എയ്ഡഡ് മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കും.

ഭിന്നശേഷിസംവരണത്തിനു മൂന്നു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എട്ടു വര്‍ഷമായി തീവ്രശ്രമങ്ങളും നടക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി വിവിധ മാനേജ്‌മെന്റുകള്‍ ഇത്രയധികം സീറ്റുകള്‍ ഒഴിച്ചിട്ടിട്ടും എന്തുകൊണ്ട് അത് നികത്തപ്പെടുന്നില്ല? ആരാണ് അതിനു കുറ്റക്കാര്‍? സര്‍ക്കാര്‍ അതിന് ആഗ്രഹിക്കുന്നില്ല എന്ന് വരുമോ? സര്‍ക്കാര്‍ അനാസ്ഥയില്‍ തങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെതിരെ കേരളത്തിലെ ഭിന്നശേഷിപ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി കാര്യമായി രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കണം. (മൂവായിരത്തോളം ഒഴിവുകളില്‍ അഞ്ഞൂറോളം അപേക്ഷകള്‍ വന്നു എന്ന ഒരു അനൗദ്യോഗിക കണക്കുണ്ട്.) ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നേടാന്‍ ഉതകുന്ന രീതിയില്‍, അവരെ യോഗ്യത പരീക്ഷകളിലേക്ക് നയിക്കാന്‍ തക്കവിധം നമ്മുടെ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ /സാമൂഹിക സംവിധാനങ്ങള്‍ ഉണര്‍ന്നിട്ടില്ല എന്നു കരുതേണ്ടിവരുമോ?

സഭയ്ക്കും ഇക്കാര്യത്തില്‍ വീണ്ടുവിചാരപ്പെടാന്‍ ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കു സഭ നല്‍കുന്ന സേവനങ്ങളുടെ നിലവിലെ പരിധികളും പരിമിതികളും പരിശോധിക്കപ്പെടണം. ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൂടുതലായി നല്‍കാനും അധ്യാപനമുള്‍പ്പെടെയുള്ള ഉദ്യോഗങ്ങള്‍ക്ക് അര്‍ഹതയുള്ളവരായി അവരെ പരിവര്‍ത്തിപ്പിക്കാനും സഭയും വര്‍ധിതമായ ഉത്സാഹത്തോടെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

സുകുമാരി

വാര്‍ത്ത

'കാലം പറക്ക്ണ്'

ഒറ്റ

പകലില്‍ മറഞ്ഞിരുന്നൊരാള്‍