Editorial

2025 ല്‍ നിന്ന് 2033 ലേക്ക്

Sathyadeepam

ഏഷ്യയില്‍ നിന്നു യൂറോപ്പിലേക്കുള്ളതെന്നു വിശേഷിപ്പിക്കാവുന്ന ദാര്‍ദനെല്ലസ് പാലമായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ തുര്‍ക്കി-ലെബനോന്‍ സന്ദര്‍ശനത്തിന്റെ ലോഗോ. 'ഒരു കര്‍ത്താവ്, ഒരു വിശ്വാസം, ഒരു മാമ്മോദീസ' എന്ന ബൈബിള്‍ വാക്യം ലോഗോയിലും 'സമാധാനസ്ഥാപകര്‍ അനുഗൃഹീതര്‍' എന്നത് ആപ്തവാക്യവും. മാര്‍പാപ്പയുടെ ആദ്യവിദേശസന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും പ്രതീകവത്കരിക്കുകയാണ് ഈ ചിത്രവും വാക്യങ്ങളും.

നിഖ്യാ സൂനഹദോസിന്റെ ആയിരത്തെഴുനൂറാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ സൂനഹദോസിനു വേദിയായ പട്ടണത്തിലേക്കു പത്രോസിന്റെ പിന്‍ഗാമി എത്തിച്ചേരുക അനുയോജ്യമാണ്, അനിവാര്യവുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ആസൂത്രണം ചെയ്തിരുന്ന ഈ യാത്ര ലിയോ മാര്‍പാപ്പ യാഥാര്‍ഥ്യമാക്കി. അതു ലിയോ മാര്‍പാപ്പായുടെ പ്രഥമ വിദേശപര്യടനവുമായി.

ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസപ്രമാണത്തിനു രൂപം നല്‍കിയ നിഖ്യാ സൂനഹദോസ് പതിനേഴു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, സ്വാഭാവികമായും ചിന്തനീയമാകുന്ന ഒരു വിഷയം ക്രൈസ്തവൈക്യം തന്നെയാണ്. സൂനഹദോസില്‍ ഒരേ സഭയുടെ വിശ്വാസികളെന്ന നിലയില്‍ പങ്കെടുത്തവരുടെ പിന്‍തലമുറകള്‍ ഇന്നു പല സഭകളിലായി നില്‍ക്കുന്നു. സഭകള്‍ക്കിടയിലെയും സഭകള്‍ക്കുള്ളിലെയും ഭിന്നിപ്പുകള്‍ ക്രൈസ്തവദൗത്യത്തെ ബലഹീനമാക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഭിന്നിപ്പുകളെല്ലാം അവസാനിപ്പിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണമായ ക്രൈസ്തവൈക്യം സാധ്യമാണോ? പ്രായോഗികപ്രതിബന്ധങ്ങള്‍ ഏറെയുണ്ടെന്നാലും ഐക്യത്തിനുള്ള അന്വേഷണവും ഐക്യത്തിലേക്കുള്ള പ്രയാണവും അവിരാമം തുടരണമെന്ന സന്ദേശം തുര്‍ക്കിയില്‍ ലിയോ പാപ്പാ നല്‍കി. അനേകം സഭകളുടെ പ്രതിനിധികള്‍ അതിനെ സാന്നിധ്യം കൊണ്ടും വാക്കുകള്‍ കൊണ്ടും പിന്തുണച്ചു.

ഭിന്നതകള്‍ കുത്തിപ്പൊക്കുകയല്ല, സമാനതകള്‍ തേടിക്കണ്ടെത്തുകയാണ് ഐക്യമാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. യോജിക്കുന്ന മേഖലകള്‍ക്കായുള്ള ഈ അന്വേഷണം സഭകള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും നടക്കണം.

ഭൂതകാലസംഭവങ്ങളെക്കുറിച്ചോര്‍ക്കുവാനോ ചരിത്രം വിശകലനം ചെയ്യാനോ മാത്രമായിട്ടല്ല തങ്ങള്‍ നിഖ്യായില്‍ ഒത്തുകൂടിയിരിക്കുന്നതെന്ന് ആഘോഷത്തിന്റെ ആതിഥേയനായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ തന്റെ സ്വാഗതസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. നിഖ്യായിലെ പിതാക്കന്മാര്‍ പ്രകടിപ്പിച്ച അതേ വിശ്വാസത്തിനു ഇന്നു സാക്ഷ്യം വഹിക്കുക എന്നതാണു പ്രധാനം. പിന്തിരിഞ്ഞു നോക്കുന്നത് പിന്നോട്ടു പോകാനല്ല, പാഠങ്ങളുള്‍ക്കൊണ്ടു മുന്നോട്ടു നീങ്ങാനാണ്. ആഗോള ക്രൈസ്തവികതയുടെ ഉള്‍ക്കാമ്പായ നിഖ്യാ വിശ്വാസപ്രമാണത്തിന്റെ തീക്ഷ്ണത ഉള്ളില്‍ ജ്വലിക്കുമ്പോള്‍ ക്രൈസ്തവസാഹോദര്യം ഫലമണിയും.

സഭൈക്യവും ലോകസമാധാനവുമാണ് തുര്‍ക്കിയിലെയും ലെബനോനിലെയും വിവിധ വേദികളിലെ ലിയോ മാര്‍പാപ്പയുടെ വാക്കുകളുടെ രത്‌നച്ചുരുക്കം. കത്തോലിക്കാസഭയ്ക്കുള്ളിലെ ഐക്യവും പാപ്പ സൂചിപ്പിക്കാതിരുന്നില്ല. ആരാധനാക്രമപാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലൂടെ കത്തോലിക്കാസഭ ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു പാപ്പാ വ്യക്തമാക്കി. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതുകൊണ്ടാണ് സഭ കാതോലികമെന്ന വിശേഷണത്തിനര്‍ഹമാകുന്നത്. അതു സഭയുടെ സഹജസ്വഭാവമാണ്.

ക്രൈസ്തസഭകള്‍ തമ്മിലുള്ള ഐക്യവും അക്രൈസ്തവമതങ്ങളുമായുള്ള സമാഗമങ്ങളും സുപ്രധാനമാണെന്ന സന്ദേശം മധ്യപൗരസ്ത്യമണ്ണില്‍ കാലുകുത്തി നില്‍ക്കുമ്പോള്‍ പാപ്പ നല്‍കുന്നതു സ്വാഭാവികമാണ്. യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മൗലികവാദത്തിനും മതം കാരണമാകുന്ന വൈരുധ്യത്തിനു കാലം സാക്ഷിയാകുന്നു. ഇത്തരം മതദുരുപയോഗങ്ങളെ ദൃഢചിത്തരായി നാം തിരസ്‌കരിക്കണം. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്‌കാരങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉണ്ടാകേണ്ടത് പരസ്പരസമാഗമത്തിന്റെ പാലങ്ങളാണ്, അകറ്റി നിറുത്തുന്ന മതിലുകളല്ല. മതിലുകള്‍ പൊളിച്ചെടുക്കുന്ന ശിലകള്‍ കൊണ്ട് പാലങ്ങള്‍ പണിയുന്ന മനുഷ്യരും മതനേതാക്കളും മാനവരാശിയുടെ ഭാവിയെ പ്രത്യാശാഭരിതമാക്കും.

ഭിന്നതകള്‍ കുത്തിപ്പൊക്കുകയല്ല, സമാനതകള്‍ തേടിക്കണ്ടെത്തുകയാണ് ഐക്യമാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. യോജിക്കുന്ന മേഖലകള്‍ക്കായുള്ള ഈ അന്വേഷണം സഭകള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും നടക്കണം. ഒന്നായി മാറുന്നതിലേക്കല്ലെങ്കില്‍, ഒരുമയില്‍ ആയിരിക്കുന്നതിലേക്ക് അതു നയിക്കും. ഒരുമയോടെ നാം നേരിടേണ്ട പ്രതിബന്ധങ്ങളും നേടേണ്ട ലക്ഷ്യങ്ങളും നിരവധിയാണ്. സൃഷ്ടിജാലത്തിന്റെ പരിചരണം മുതല്‍ യുദ്ധങ്ങളുടെ പരിഹാരം വരെയുള്ള കാര്യങ്ങള്‍ ലോകത്തിനു മുമ്പിലുണ്ട്. ഇപ്പോള്‍ ഉക്രെയ്‌നിലും ഗാസയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റിടങ്ങളിലുമായി നടക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും പേരു കൊണ്ടല്ലെങ്കിലും ഫലം കൊണ്ട് മൂന്നാം ലോകമഹായുദ്ധമായി മാറിയിരിക്കുകയാണെന്നു മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.

2025-ല്‍ കത്തോലിക്കാസഭ പ്രഖ്യാപിച്ച ജൂബിലിയാഘോഷങ്ങള്‍ നടന്നു വരികയാണ്. ഇതേ വര്‍ഷം തന്നെ നിഖ്യാ സൂനഹദോസിന്റെ പതിനേഴാം ശതാബ്ദിയും ആഘോഷിക്കാനായി. ഇനി, 2033-ല്‍ രക്ഷാകരകര്‍മ്മത്തിന്റെ ദ്വിസഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുകയാണു ക്രൈസ്തവലോകം. ഇതേ കുറിച്ചുള്ള സഭൈക്യസംഭാഷണങ്ങള്‍ നടക്കുന്നതായി പാപ്പാ തുര്‍ക്കിയില്‍ സൂചിപ്പിക്കുകയുണ്ടായി. 2033-ല്‍, ക്രൈസ്തവരായിരിക്കുന്നവരെല്ലാം സഭാഭേദമെന്യേ ജറുസലേമില്‍, കഴിയുമെങ്കില്‍ ഒത്തുചേരണമെന്ന ആലോചനയും നടന്നു വരുന്നുണ്ട്. 2033-ല്‍ വിശുദ്ധനാട്ടിലേക്ക് സമാധാനത്തോടെയും ഐക്യബോധത്തോടെയും പരസ്പരസ്‌നേഹത്തോടെയും തീര്‍ഥാടകരായെത്താനുള്ള പരിശ്രമങ്ങള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ ഹൃദയപരമാര്‍ഥതയോടെ നടത്തട്ടെ.

വചനമനസ്‌കാരം: No.198

സഭാചരിത്രം വിജ്ഞാനപ്രദമാണ്

കെട്ടഴിക്കല്‍ എന്ന വസന്ത ബാധിച്ചവര്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [17]

മതബോധന മത്സരം