Coverstory

സഭാസമൂഹത്തെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠൻ

പോള്‍ തേലക്കാട്ട്‌

നമ്മിൽ നിന്നു കടന്നുപോയ ജോസ് കുറിയേടത്ത് (81) എന്ന കർമ്മലീത്ത സന്യാസ സമൂഹത്തിലെ വൈദികൻ കേരളത്തിലെ സീറോ മലബാർ സഭയെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠ നായിരുന്നു. അദ്ദേഹം കേരള യൂണിവേഴ്സിറ്റിയിൽ നിന്നു പി.എച്ച്.ഡി. ബിരുദത്തിനു സമർപ്പിച്ച പ്രബന്ധം “ഇവിടത്തെ കത്തോലിക്കാ സഭയുടെ അധികാര വീക്ഷണ”ത്തെക്കുറിച്ചായിരുന്നു.

ഈ പഠനം നടത്താൻ അദ്ദേഹം സഭയുടെ അധികാരത്തിലിരുന്ന നേതാക്കളുടെ അഭിപ്രായങ്ങൾ അന്വേഷിക്കുകയും അതു നേടുകയും ചെയ്തിരുന്നു. അവർ അന്ന് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അദ്ദേഹം അതിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ സീറോ മലബാർ സഭയിൽ നിലനിന്നത് ഒരു ക്രൈസ്തവ റിപ്പബ്ലിക്കായിരുന്നു എന്നതാണ് അവർ വെളിവാക്കിയത്. സമ്പത്തിന്റെ അധികാരം മുഴുവൻ അൽമായരുടെ കൈകളിലായിരുന്നു എന്നും അവർ യോഗപ്പായയിൽ ഒന്നിച്ചു കൂടി വളരെ ജനാധിപത്യപരമായിട്ട് നടന്നിരുന്നു എന്നതായിരുന്നു, സഭയുടെ ഭരണം വളരെ ജനകീയമായി നടന്നുപോന്നു എന്നതാണ് അവർ പ്രകടിപ്പിച്ച അഭിപ്രായം. ആഗോളസഭയ്ക്കു വലിയ മാതൃക യായി ഇവിടെ അധികാരം കൈകാര്യം ചെയ്തിരുന്നു പോലും!

അധികാരികളുടെ ഭാഗത്തുനിന്നും ഉള്ളിൽനിന്നും കേട്ട ഈ കാഴ്ചപ്പാടിനെ അങ്ങനെ തന്നെ സ്വീകരിക്കാൻ ജോസ് കുറിയേടത്തച്ചൻ തയ്യാറായില്ല. അദ്ദേഹത്തിന്റേതു വളരെ വിമർശ നപരമായ ഒരു പഠനമായിരുന്നു. ക്രൈസ്തവ റിപ്പബ്ലിക് എന്നതു സുന്ദരമായി പറയപ്പെട്ട ഒരു മിഥ്യയാണ് എന്ന് അദ്ദേഹം വ്യക്ത മാക്കി. പങ്കാളിത്തം എല്ലാവർക്കും ഉണ്ടായിരുന്നു എന്നതു വെറും കെട്ടുകഥയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഹിന്ദു പൊതുസമൂഹത്തിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ചെയ്യാതെ അംഗീകരിച്ചു ജീവിച്ചവരായിരുന്നു നമ്മുടെ പൂർവികർ.

സഭയുടെ അനുദിന വ്യാപാരത്തെയും അതിൽ പ്രകടമാകുന്ന കാഴ്ചപ്പാടു കളെയും അപഗ്രഥിക്കുന്ന സാമൂഹ്യ ശാസ്ത്രവിദഗ്ദ്ധനായിരുന്നു അദ്ദേഹം.

ബുദ്ധ വീക്ഷണത്തിന്റെ സംഘബോധം സ്വീകരിച്ചു എങ്കിലും അതിൽ ജാതി മാഹാത്മ്യം ഉൾക്കൊണ്ട് നിലനിന്നതു കുറെ സ്വത്തവകാശികളുടെ മാത്രമുള്ള അധികാര കൈമാറ്റമായിരുന്നു. ജാതിവ്യവസ്ഥയിൽ പുറത്താക്കപ്പെട്ട അവശരെയും ദരിദ്രരെയും പരിഗണിച്ച് അംഗീകരിക്കുന്ന ഒരു സമീപനമായിരുന്നില്ല നിലനിന്നത്. പഴയ ഫ്യൂഡൽ ഭൂഉടമകളുടെ ഒരു ആധിപത്യമായിരുന്നു. യോഗമുണ്ടായിരുന്നു, അതിൽ എല്ലാ വിശ്വാസികളെയും ഉൾച്ചേർത്തിരുന്നില്ല. പുതുക്രിസ്ത്യാനികൾ അവിടെ യോഗത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടവരായി രുന്നു. കുറെ ഭൂഉടമകൾക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട ഭരണ സമ്പ്രദായമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

പഴമയിലേക്കു നോക്കി സ്വന്തം പാരമ്പര്യത്തെ വസ്തുനിഷ്ഠമായി കാണുക മാത്രമല്ല സഭയുടെ അനുദിന വ്യാപാരത്തെയും അതിൽ പ്രകടമാകുന്ന കാഴ്ചപ്പാടുകളെയും അപഗ്രഥിക്കുന്ന സാമൂഹ്യശാസ്ത്ര വിദഗ്ദ്ധനായി അദ്ദേഹം മാറി. കാര്യങ്ങൾ എങ്ങനെയാണ് എന്നു വസ്തുനിഷ്ഠമായി കാണാൻ മാത്രമല്ല അദ്ദേഹം തയ്യാറായത്. കാണുന്നതും കാണാൻ ആഗ്രഹിക്കുന്നതും തമ്മിൽ കൂട്ടിക്കുഴയുന്ന കുഴപ്പത്തിന്റെ ഒരു കാവ്യ-മാനസ്സികാവസ്ഥ അദ്ദേഹത്തിനുണ്ടായി രുന്നു. ദർശനങ്ങളോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രവാചക ധർമ്മം അദ്ദേഹം നിർവഹിച്ചു. കാര്യങ്ങളുടെ സാമൂഹികമായ വായന പുതിയ ദർശനങ്ങൾക്ക് ആതിഥ്യം നല്കി. ഈ സഭയിൽ 1956-നു ശേഷം വന്നുഭവിച്ച ഇരുധ്രുവ വീക്ഷണത്തിന്റെ പ്രതിസന്ധിയും അതിൽ നിന്നു ഉയരേണ്ട അനിവാര്യതയും അദ്ദേഹത്തിനു വ്യക്തമായിരുന്നു.

യൂറോപ്യൻ ജനതയെ വസ്തുനിഷ്ഠത എന്ന മൂല്യം പഠിപ്പിച്ചതു ഹോമറാണ് എന്നാണ് കരുതപ്പെടുന്നത്. അന്ധനായിരുന്നു എന്നു കരുതപ്പെടുന്ന അദ്ദേഹം ഗ്രീക്കുപക്ഷത്തിൽ നിന്നുള്ളവനായിരുന്നു എങ്കിലും യുദ്ധം വെട്ടിയ ഗ്രീക്കുകാരിലും ട്രോയി നഗരവാസികളു മുണ്ടായിരുന്നു. വീരസാഹസികരെ വസ്തുനിഷ്ഠമായി കണ്ട് ആദരിക്കുകയും അവരുടെ മഹത്വം പ്രകീർത്തിക്കുകയും ചെയ്യുന്നു അദ്ദേഹത്തിന്റെ ഇലിയഡ് മഹാകാവ്യത്തിൽ. അതു കഴിഞ്ഞത് ആ കവിയുടെ ആന്തരിക നേത്രത്തിന്റെ മഹത്വത്തിലായിരുന്നു.

ഈ സഭയുടെ ചരിത്രത്തിലെ ആരാധനക്രമ വിവാദത്തിൽ നിഷ്പക്ഷനായിരുന്നെങ്കിലും കൃത്യമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു ഫാ. കുറിയേടത്ത്. കോളജ് അധ്യാപകൻ, സന്യാസ സമൂഹത്തിന്റെ അധികാരി, സഭാസമൂഹത്തിന്റെ ഭാവിയിലേക്കു നോക്കി വായിക്കുന്നവൻ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് സഭയെ ബാധിച്ച ഒരു വസന്തയുടെ പിടിയിൽനിന്ന് അതിനെ വിടുവിക്കാൻ കഴിയാതെ പോയി എന്ന ദുഃഖവും പ്രകടിപ്പിച്ചിട്ടുണ്ട്. പാരമ്പര്യത്തെ പഴമയുടെ ചാരമായി കണ്ട് അതു പൂശി നടക്കാൻ തയ്യാറാകാതെ പഴമയുടെ ചാരത്തിൽ ഒളിഞ്ഞുകിടക്കുന്ന അഗ്നിയെ ഉജ്വലിപ്പിച്ച് സമൂഹത്തെ നയിക്കാൻ ആഗ്രഹിച്ചവനായിരുന്നു.

ഇന്ന് അദ്ദേഹം മറയുമ്പോൾ സഭ എത്തി നിൽക്കുന്നത് അധികാരത്തെ ക്കുറിച്ച് അദ്ദേഹം നൽകിയ സാത്വിക കാഴ്ചപ്പാടിലാണോ? പണ്ട് സ്പിനോസ ചോദിച്ചത് വളരെ ദുഃഖത്തോടെ ഈ സഭയിൽ ഉന്നയിക്കേണ്ട കാലമാണ് മുമ്പിൽ. സ്വന്തം രക്ഷയ്ക്ക് എന്ന പോലെ ആളുകൾ എന്തുകൊണ്ട് അടിമത്ത ത്തിനുവേണ്ടി യുദ്ധം വെട്ടുന്നു? മനുഷ്യർക്ക് അപ്പമല്ല നികുതികളാണ് കൂട്ടേണ്ടത് എന്നു മുറവിളി കൂടുന്നു! സീറോ മലബാർ സഭ ഒരു സഭയാകാതെ വർദ്ധിച്ച തോതിൽ സമുദായമാകാൻ വ്യഗ്രതയിലായി മാറുന്നത് എന്തുകൊണ്ട് ? സ്വയം ഫാസിസ്റ്റുകളായി മാറി ഗുഹയിലേക്കു പിൻതിരിയുന്നത് എന്തുകൊണ്ട്? ഭാരതസമൂഹം ഫാസിസത്തിലേക്കു കൂപ്പുകുത്തുമ്പോൾ അവിടെ പ്രബുദ്ധതയുടെ ഒരു സഭയാകാൻ സന്നദ്ധമല്ലാതായത് എന്തുകൊണ്ട്, മൗലികവാദത്തിലേക്ക് എന്തുകൊണ്ട് ഒളിച്ചോടുന്നു? വായനയുടെയും പഠനത്തിന്റെയും ഗവേഷണ ത്തിന്റെയും പ്രവാചികമായ ഒരു പൗരോഹിത്യത്തിന്റെ തനിമ സന്യാസ പൗരോഹിത്യത്തിനുണ്ടെന്ന് ഉറച്ചുവിശ്വസിച്ച വ്യക്തിയായിരുന്നു ഫാ. ജോസ് കുറിയേടത്ത്. അദ്ദേഹം നമ്മിൽ നിന്നു മറയുന്നത് മൂലം ഉണ്ടാകുന്നത് ഒരു അസാന്നിധ്യമാണ്. ഈ അസാന്നിധ്യത്തിലേക്കു സന്യാസവൈദികർ ഉണരുമോ?

  • (മോൺ. ആന്റണി നരികുളത്തിന്റെ സഹായത്തോടെയാണ്‌ ഈ കുറിപ്പ് തയ്യാറാക്കിയത്.)

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു