വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17
Published on
ഇറ്റലിയില്‍ വെനീസാണ് വി. ഗ്രിഗറിയുടെ ജന്മദേശം. സമ്പന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഗ്രിഗറി പാദുവായില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ഔദ്യോഗികതലത്തിലാണ് പേപ്പല്‍ പ്രതിനിധി ഫാബിയോ ചിഗിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. ആ അഭിമുഖം നിര്‍ണ്ണായകമായി. പേപ്പല്‍ പ്രതിനിധി ഗ്രിഗറിയെ പൗരോഹിത്യ ജീവിതത്തിലേക്ക് ക്ഷണിച്ചു. 1655 ഡിസംബര്‍ ഗ്രിഗറി വെനീസില്‍വച്ച് പൗരോഹിത്യം സ്വീകരിച്ചു.

ഈ സമയംകൊണ്ട് പേപ്പല്‍ പ്രതിനിധി അലക്‌സാണ്ടര്‍ VII എന്ന പോപ്പായി സ്ഥാനാരോഹണം ചെയ്തുകഴിഞ്ഞിരുന്നു. അധികം വൈകാതെ ഗ്രിഗറി റോമിലേക്കു വിളിക്കപ്പെട്ടു. അവിടെ പോപ്പിന്റെ സഹായിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1658-ല്‍ ബര്‍ഗാമോയുടെ ബിഷപ്പായി നിയമിതനായ ഗ്രിഗറി അവിടെപ്പോയി സ്ഥാനമേറ്റത് വി. ചാള്‍സ് ബൊറോമിയോയുടെ സഭാനിയമങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊണ്ടാണ്. 1660-ല്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം റോമിലേക്ക് തിരിച്ചുവന്നു. എങ്കിലും 1664-ല്‍ പാദുവായുടെ ബിഷപ്പായി നിയമിതനായ ഗ്രിഗറി 1697 ജൂണ്‍ 18-ന് പാദുവായില്‍ ദിവംഗതനായി.

വി. ബൊറോമിയോയുടെ കാലടികളെ പിന്തുടരാനുള്ള ഗ്രിഗറിയുടെ ആഗ്രഹം വെറും ഭാവനയായിരുന്നില്ല. താന്‍ ഭരണം നടത്തിയ രണ്ടു രൂപതകളിലും ഒരു ഇടയനെന്ന നിലയില്‍ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു. ചാര്‍ജ്ജെടുക്കുമ്പോള്‍ രണ്ടു രൂപതയുടെയും സ്ഥിതി പരിതാപകരമായിരുന്നു. ശരിക്കും വിദ്യാഭ്യാസം പോലും നടന്നിരുന്നില്ല. മൊത്തം 300 ഇടവകകള്‍. രണ്ടു ലക്ഷത്തി അമ്പതിനായിരത്തോളം വിശ്വാസികള്‍, ശരിക്കും അതൊരു അജ്ഞതയുടെ താഴ്‌വരയായിരുന്നു. ബിഷപ്പ് ഗ്രിഗറി ആദ്യം തന്നെ ജനങ്ങള്‍ക്ക് വിശ്വാസപരിശീലനം നല്‍കാന്‍ വൈദികരെ ഒരുക്കി. രൂപതയിലെ ഓരോ ഇടവകയും നേരിട്ടു സന്ദര്‍ശിക്കാന്‍ ബിഷപ്പ് പ്രോഗ്രാം തയ്യാറാക്കി. ദുര്‍ഘടം പിടിച്ച സ്ഥലങ്ങള്‍പോലും ഒഴിവാക്കിയില്ല. ഈ ദുരിതയാത്രകള്‍ക്കിടയിലും ഉപവാസവും പ്രായശ്ചിത്തവും പരിഹാരപ്രവൃത്തികളും പ്രാര്‍ത്ഥനകളും മുടങ്ങാതെ തന്റെ വിശ്വാസിസമൂഹത്തിനുവേണ്ടി അദ്ദേഹം അനുഷ്ഠിച്ചിരുന്നു.

വിദ്യാസമ്പന്നരും സമര്‍ത്ഥരുമായ വൈദികരുടെ സഹായമാണ് ഏറ്റവും അനിവാര്യമെന്നു മനസ്സിലാക്കിയ ബിഷപ്പ് ഗ്രിഗറി നല്ല വൈദികരെ വാര്‍ത്തെടുക്കാന്‍ ഒരു സെമിനാരി തന്നെ ആരംഭിച്ചു. പക്ഷേ, വെറും 30 പേരാണ് ദൈവവിളി സ്വീകരിച്ചത്. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതിനാല്‍ ആ സ്ഥാപനം വാന്‍സോയിലെ ഒരു പഴയ ആശ്രമത്തിലേക്കു മാറ്റി. അതോടെ വൈദികാര്‍ത്ഥികളുടെ എണ്ണം നൂറായി. അവരെയെല്ലാം ഇടവകകള്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം തന്നെ തിരഞ്ഞെടുത്തവരായിരുന്നു. അവരുടെ ഫോര്‍മേഷനില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി. ലത്തീനും ഗ്രീക്കും നിര്‍ബന്ധ വിഷയങ്ങളാക്കി. കാരണം ക്ലാസിക് കൃതികള്‍ പഠിക്കാന്‍ ഈ രണ്ടു ഭാഷകളും ആവശ്യമായിരുന്നു. അടുത്തത് റെട്ടറിക് ആയിരുന്നു. നന്നായി പ്രസംഗിക്കാന്‍, ആകര്‍ഷമായി ബൈബിള്‍ പ്രഭാഷണം നടത്താന്‍ അത് ആവശ്യമാണെന്ന് ബിഷപ്പ് മനസ്സിലാക്കി.

അരസ്റ്റോട്ടിലിന്റെ കൃതികള്‍ ഗ്രീക്കില്‍ത്തന്നെ പഠിപ്പിച്ചു. ശാസ്ത്ര വിഷയങ്ങളും ധാര്‍മ്മിക കാര്യങ്ങളും പ്രസംഗകലയുമൊക്കെ അദ്ദേഹം തന്നെ പഠിപ്പിച്ചു. യൂണിവേഴ്‌സിറ്റിയെതന്നെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സ്‌കൂളുകളുടെ എണ്ണം ഇരട്ടിയായി. അദ്ധ്യാപകരുടെ എണ്ണം അഞ്ചിരട്ടിയും.

ആധുനികസഭ വി. ഗ്രിഗറിയെ മാതൃകയാക്കേണ്ടതുണ്ട്. ആചാരങ്ങളില്‍ കുടുങ്ങിയ ആത്മാവു നഷ്ടപ്പെട്ട ആധുനികസഭയെ രക്ഷപ്പെടുത്താന്‍ വിശുദ്ധിയും വിജ്ഞാനവും ഊര്‍ജ്ജസ്വലതയുമുള്ള മിഷണറിമാരെ സഭയ്ക്കാവശ്യമുണ്ട്.

വിശ്വാസപ്രചരണത്തെ സംബന്ധിച്ച് മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു വ്യക്തിയായിരുന്നു വി. ഗ്രിഗറി. അജ്ഞതയാണ് ലോകത്തിലെ ഏറ്റവും വലിയ തിന്മ എന്നദ്ദേഹം മനസ്സിലാക്കി. ലോകത്തിലെ തിന്മകളെല്ലാം അതിന്റെ സന്തതികളാണ്. സത്യം മാത്രമേ നിന്നെ സ്വതന്ത്രനാക്കുകയുള്ളൂ എന്നു ക്രിസ്തു പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്. അജ്ഞത നീങ്ങിയാലേ സത്യം വെളിപ്പെടൂ. സത്യം പ്രകാശമാണ്; ജീവനാണ്, സ്‌നേഹമാണ്, സ്വാതന്ത്ര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org