ബ്രദര്‍ ഫിലിപ്‌സ് തൂനാട്ട്
ഞായറാഴ്ച കര്‍ത്താവിന്റെ ദിവസമാണ്. അതായത് മനസ്സില്‍ ലഡ്ഡുപൊട്ടേണ്ട മറ്റൊരു തുടക്കം. മറ്റു ദിവസങ്ങളേക്കാള്‍ കൂടുതല്‍ കര്‍ത്താവിനെക്കുറിച്ചു പറയാനും, കേള്‍ക്കാനും ഒപ്പം ഒരുമിച്ചിരുന്ന് ആ സ്‌നേഹത്തെ ധ്യാനിക്കാനും ശ്രമിക്കേണ്ട പ്രഭാതം, ചില്ലിങ് വിത്ത് ജീസസ് എന്നൊക്കെ പറയാം. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ഇത്തരം കൂട്ടായ്മയുടെയും, അപ്പം മുറിക്കലിന്റെയും, പ്രാര്‍ഥനയുടെയും ചരിത്രത്തെ വായിച്ചിട്ടുണ്ടാകുമല്ലോ. അതിന്നും തുടരുന്നു. നസ്രത്തിന്റെ മണ്‍പാതകളിലൂടെ നടന്ന ആ ദൈവത്തെ നാമും ഇവിടെ വായിക്കുകയാണ്. ഈശോപ്പനെക്കുറിച്ചു കുഞ്ഞുനാളില്‍ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു തന്ന ചില വിശുദ്ധ ജീവിതങ്ങളെ ഇടയിലെവിടെയെങ്കിലും നിങ്ങള്‍ മറന്നോ? മറക്കരുത് കാരണം അവര്‍ ദൈവം കൊളുത്തിയ സത്യദീപങ്ങളായിരുന്നു. പറഞ്ഞുവന്നത് ഈശോയെക്കുറിച്ചു പറഞ്ഞുതന്ന നമ്മുടെ വിശ്വാസ പരിശീലനത്തെക്കുറിച്ചും, നമ്മുടെ കുറുമ്പിനിടയിലും തൊണ്ടപൊട്ടി ഈശോയെ കാട്ടിത്തന്ന പാവം കാറ്റിക്കിസം അധ്യാപകരെക്കുറിച്ചുമാണ്. നമ്മുടെ നെറ്റിയില്‍ വരച്ച വിശ്വാസത്തിന്റെ മുദ്രയായ വിശുദ്ധ കുരിശിനെ മായാതിരിക്കാന്‍ വീണ്ടും വീണ്ടും വരച്ചുതന്ന ചില മനുഷ്യരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ നാള്‍വഴികള്‍ക്ക് ഒന്ന് നന്ദിയര്‍പ്പിച്ചാലോ?
പരിശുദ്ധ കത്തോലിക്കാസഭയില്‍ ആത്മീയ വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന വിശുദ്ധ ചാള്‍സ് ബൊറോമിയയുടെ ഓര്‍മ്മയില്‍ കാറ്റിക്കിസം അധ്യാപകരെ ഓര്‍ക്കേണ്ടതുണ്ട്. കാരണം, നമ്മുടെ കാറ്റിക്കിസം ടീച്ചേഴ്‌സിന്റെ റോള്‍മോഡലാണ് ഈ വിശുദ്ധന്‍.
സമൂഹം മാറിയാലും, സ്‌നേഹത്തിന്റെ സന്ദേശം ഒരിക്കലും പഴകുന്നില്ല, അത് വീര്യമേറുന്ന വീഞ്ഞാണ്. കാറ്റിക്കിസം അധ്യാപകരും അങ്ങനെയാണ്, ലോകം മറക്കുന്ന മൂല്യങ്ങളെ വീണ്ടും തെളിയിക്കുക. നിങ്ങള്‍ ദൈവത്തിന്റെ മൃദുവായ കൈകള്‍ തന്നെയാണ്, വിശ്വാസത്തിന്റെ വിത്തുകള്‍ മനുഷ്യഹൃദയങ്ങളില്‍ വിതയ്ക്കുന്നവര്‍.
1538-ല്‍ മിലാനില്‍ ജനിച്ച അദ്ദേഹം, ദുരിതങ്ങളുടെ കഥ പറഞ്ഞ മഹാമാരിയില്‍ ജീവന്‍ പണയംവച്ച് ജനങ്ങളോടൊപ്പം നിന്ന ഒരു നിസ്വനായിരുന്നു. ഈശോയെ ജീവിതം കൊണ്ട് പറഞ്ഞുകൊടുത്തയാള്‍ പഠിപ്പിക്കുന്നതിലുമപ്പുറം, ജീവിതത്തിലൂടെ വിശ്വാസം ജീവിക്കുക എന്നത് യഥാര്‍ഥ കാറ്റിക്കിസമാണെന്ന് വിളിച്ചു പറഞ്ഞു.
നമ്മുടെ പ്രിയപ്പെട്ട അധ്യാപകരും വിശുദ്ധ ചാള്‍സിന്റെ ആത്മീയ പാരമ്പര്യം തുടരുന്നവരാണ്. നമ്മുടെ മനസ്സില്‍ ക്രിസ്തുവിന്റെ സ്‌നേഹം വളര്‍ത്തുന്ന ഇവരാണ് സഭയുടെ സത്യദീപങ്ങള്‍. വെറും പാഠങ്ങള്‍ മാത്രം പഠിപ്പിക്കുന്നവര്‍ അല്ല; മറിച്ചു ദൈവത്തിന്റെ വചനത്തെ അനുഭവമായി മാറ്റുന്ന സാക്ഷികള്‍ തന്നെയാണ്. അവരുടെ ഓരോ വാക്കിലും ഓരോ ചിരിയിലും ഓരോ പ്രാര്‍ഥനയിലും ക്രിസ്തുവിന്റെ പ്രകാശം ഇന്നും നാം കാണാറുണ്ട്. മംഗലപ്പുഴ സെമിനാരിയില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയിലും ഇരിഞ്ഞാലക്കുട, കോതമംഗലം രൂപതകളിലും സണ്‍ഡേ മിനിസ്ട്രിക്കു പോകുന്ന ഞങ്ങള്‍ കുഞ്ഞച്ചന്മാര്‍ അനേകം സണ്‍ഡേ സ്റ്റാറുകളെ കാണാറുണ്ട്. ഈ വര്‍ത്തമാനങ്ങളിലും അവര്‍ സ്‌നേഹപൂര്‍വം നെറ്റിയില്‍ വിശുദ്ധ കുരിശ് വരയ്ക്കുന്നു, മിശിഹായെ ജീവിതംകൊണ്ട് പ്രസംഗിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, സാഹോദര്യ കൂട്ടായ്മകള്‍ക്കും കുട്ടികള്‍ക്കൊപ്പം അവരുണ്ട്. ഒപ്പം നടക്കുന്ന സുവിശേഷങ്ങള്‍. കോവിഡിനുശേഷം ഒരുപാടു മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വന്നിട്ടുണ്ടാകാം. ഇവിടെ സാധ്യതകളുള്ള പുതിയ വഴികളിലൂടെ കാറ്റിക്കിസം സഞ്ചരിക്കുന്നുണ്ടെങ്കില്‍ അതിനു ഇവരുടെ ത്യാഗമുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങള്‍, വേഗതയേറിയ ജീവിതം, മൂല്യങ്ങളുടെ ചലനം ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ കരുണയും നീതിയും കുട്ടികളിലേക്കെത്തിക്കാന്‍ ഇവര്‍ നടത്തുന്ന പരിശ്രമം വലുതാണ്. ഇന്ന് പുസ്തകങ്ങളിലല്ല വിശ്വാസം പഠിപ്പിക്കേണ്ടത്; അത് ജീവിതത്തിലൂടെ തെളിയിക്കേണ്ടതാണ് എന്ന് അറിഞ്ഞവര്‍ അവരുടെ ജീവിതം തന്നെയാണ് കുട്ടികള്‍ക്കുള്ള ആദ്യ കാറ്റിക്കിസം പുസ്തകം എന്ന് പ്രഘോഷിക്കാന്‍ മറ്റൊരു ജീവകാരുണ്യമായി ദിവ്യകാരുണ്യത്തെ പ്രണയിക്കുന്നു.
സമൂഹം മാറിയാലും, സ്‌നേഹത്തിന്റെ സന്ദേശം ഒരിക്കലും പഴകുന്നില്ല, അത് വീര്യമേറുന്ന വീഞ്ഞാണ്. കാറ്റിക്കിസം അധ്യാപകരും അങ്ങനെയാണ്, ലോകം മറക്കുന്ന മൂല്യങ്ങളെ വീണ്ടും തെളിയിക്കുക. നിങ്ങള്‍ ദൈവത്തിന്റെ മൃദുവായ കൈകള്‍ തന്നെയാണ്, വിശ്വാസത്തിന്റെ വിത്തുകള്‍ മനുഷ്യഹൃദയങ്ങളില്‍ വിതയ്ക്കുന്നവര്‍.
ഈ ദിനം സഭയും സമൂഹവും നിങ്ങളോട് ഹൃദയത്തില്‍നിന്നും നന്ദി അര്‍പ്പിക്കുന്നു. നിങ്ങളുടെ സേവനം വെറും ദൗത്യമല്ല, അത് ദൈവസ്‌നേഹത്തിന്റെ ഉത്സവമാണ്. വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ മധ്യസ്ഥതയിലൂടെ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ജീവിതം അനവധി ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ പ്രകാശം പകരുന്ന സത്യദീപങ്ങളാകട്ടെ.