Coverstory

കുളി കഴിഞ്ഞവർ

തവിട്ടുപാത - മൂന്ന്

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ

പെൻഷൻ കാശ് കൊണ്ട് വരുമ്പോൾ കൈ കെട്ടി നിന്ന് അത് വാങ്ങാൻ വിസമ്മതിക്കുന്ന അപ്പൻെ ചിത്രം ഉള്ളിലുണ്ട്. താൻ എന്തു ചെയ്തിട്ടാണ് സർക്കാർ തനിക്കിപ്പഴും കാശു തരുന്നതെന്നായിരുന്നു പ്രശ്‌നം. ഇതിനുള്ള അവകാശം സാറിനുണ്ടെന്ന് ഉറപ്പിക്കേണ്ട കടമ ഇനി പോസ്റ്റുമാനാണ്. അയാളെയും അപ്പൻ പഠിപ്പിച്ചിട്ടുണ്ട്.

വിനയമായി മാറി വിചാരിക്കാവുന്ന രോഗാതുരതയാണിത്. Imposter syndrome അങ്ങനെയെന്തോയാണതിന് പേര്. Successful എന്ന് നമ്മൾ വിചാരിക്കുന്ന പല എഴുത്തുകാരും ഇതിൽ പെട്ട് പോയി. താൻ എഴുതിയതൊക്കെ മരണാനന്തരം കത്തിച്ചു കളയാൻ ചങ്ങാതിയോട് ചട്ടം കെട്ടുന്ന കാഫ്കയെ ഓർക്കൂ. അയാളത് പാലിച്ചില്ലെങ്കിൽ പോലും. ആൺ എന്ന അഹന്തയെ (machismo) ഘോഷിച്ച ഹെമിംഗ് വേ എഴുത്തിന്റെ മാന്ത്രിക വേല താൻ മറന്നു തുടങ്ങിയെന്ന് പറഞ്ഞ് പരവശനാകുന്നു. ഓരോന്നും എഴുതി പൂർത്തിയാക്കുമ്പോളും അഗാധ വിഷാദത്തിന്റെ കയത്തിൽ പതിക്കുന്ന വിർജീന വൂൾഫ്, അവരതിൽ താണുപോവുകയും ചെയ്തു. നിങ്ങളെന്തിനാണ് എന്നെ ഇത്രയും സ്‌നേഹിക്കുന്നതെന്ന് ആരായുന്ന ഒരു പ്രണയിനി മുതൽ , നനഞ്ഞ തുണിയുടെ പേരിൽ ഹോം നേഴ്‌സിനോട് മാപ്പ് ചോദിക്കുന്ന വയോധികൻ വരെ എല്ലാവരിലും അതിന്റെ എത്തി നോട്ടമുണ്ട്.

ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? സുവിശേഷത്തിൽ പീറ്ററില്‍ അതിന്റെ ചായ്‌വ് ശക്തമായിരുന്നു. ‘ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടു പോകണമേ’ എന്ന് യാചിച്ച് തുടങ്ങിയതാണ്. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നാണ്ട് ദൈര്‍ഘ്യമുള്ള അനുയാത്രയ്ക്കുശേഷവും അത്തരം ചായ്‌വുകളിൽനിന്ന് കാര്യമായ മുക്തി ഇനിയും അയാൾക്ക് ഉണ്ടായിട്ടില്ല എന്നു സാരം. ക്ലാസിക് ആയ ഒരുത്തരം കൊണ്ടാണ് അയാളുടെ കെട്ടുപോയ ആത്മവിശ്വാസത്തെ യേശു ഊതിയുണര്‍ത്തുന്നത്: നീ കുളി കഴിഞ്ഞവനാണ്, ഇപ്പോള്‍ പാദങ്ങള്‍ മാത്രം കഴുകിയാല്‍ മതിയാകും അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരര്‍ വച്ചു നീട്ടുന്ന സൗഹൃദത്തിന്റെ അടയാളങ്ങള്‍ അവരുടെ മഹാമനസ്കതയായി മാത്രം കരുതുക, ഉപയോഗശൂന്യരെന്ന് സ്വയം വിശേഷിപ്പിക്കുക തുടങ്ങിയുള്ള Dejected Self-ന്റെ എല്ലാ പ്രതിസന്ധികളും അതിലൂടെ മറ നീക്കി വരികയാണ്.

വിചിത്രമായ ഒരു പ്രാർഥനയെക്കുറിച്ചാണ് ആ രാത്രിയിൽ ഫ്രാൻസിസ് ലിയോയോടു പറഞ്ഞത്. ദൈവസന്നിധിയിൽ താൻ ചില കാര്യങ്ങൾ ഏറ്റുപറയും, പ്രതിവചനമായി ‘നിശ്ചയമായും അതുതന്നെയാണ് നിന്റെ വിധി’ എന്ന് ലിയോ ഉറക്കെ വിളിച്ചുപറയണം. അയാൾ തലയാട്ടി.

ഫ്രാൻസിസ്: “എത്ര അധർമ്മങ്ങളാണു നീ ചെയ്തിട്ടുള്ളത്. നരകമാണ് നിനക്കു കല്പിച്ചിട്ടുള്ള ഇടം.”

ലിയോ പ്രതിവചിച്ചു: “അങ്ങയിലൂടെ ദൈവം പൂർത്തിയാക്കാൻ പോകുന്ന അനന്തമായ സുകൃതങ്ങൾ... പറുദീസയാണ് അങ്ങയുടെ ഓഹരി.”

“ഇങ്ങനെ പറയാനല്ലല്ലോ ഞാൻ നിന്നോടാവശ്യപ്പെട്ടത്. ദൈവനാമത്തിൽ ഞാൻ ആവശ്യപ്പെട്ടതു മാത്രം ചെയ്യുക.”

“ഇനി പിഴയ്ക്കില്ല, സത്യം.”

“സ്വർഗത്തിന്റേയും ഭൂമിയുടേയും അധിപാ, അങ്ങേക്കെതിരായിരുന്നു എന്റെ ഓരോ നിമിഷവും. നരകത്തിലേക്ക് അങ്ങെന്നെ ശപിച്ചുതള്ളും.”

“അപ്പാ, അങ്ങയെ ദൈവം അനുഗ്രഹീതരിൽ അനുഗ്രഹീതനായി ഉയർത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.”

“ലിയോ, നിനക്കെന്താണിങ്ങനെ പിഴയ്ക്കുന്നത്? ഞാനാവശ്യപ്പെട്ടതു മാത്രം ചെയ്യുക. ഫ്രാൻസിസേ, അധർമ്മനായ മനുഷ്യാ, നീ വിചാരിക്കുന്നുണ്ടോ നിനക്ക് ദൈവകാരുണ്യത്തിന് അർഹതയുണ്ടെന്ന്? നിന്റെ പാപക്കൂമ്പാരത്തെ കാണുക.”

“അപ്പാ, അങ്ങയുടെ അപരാധങ്ങളേക്കാൾ എത്രയോ മീതെയാണ് അവിടുത്തെ കരുണ. ആ കാരുണ്യം അളവില്ലാത്ത കരുണ അങ്ങയിലേക്ക് ഇനിയും ചൊരിഞ്ഞുകൊണ്ടിരിക്കും.”

“ലിയോ, എന്താണിത്? ഇത്രയും ഗുരുതരമായ അനുസരണക്കേട് നീ കാട്ടുന്നതെന്തേ? നീയെന്താണ് എല്ലാം ഞാനാവശ്യപ്പെടുന്നതിനു വിപരീതമായി പറയുന്നത്?”

“അപ്പാ, ദൈവത്തിനറിയാം ഞാൻ അങ്ങു പറഞ്ഞതുപോലെ തന്നെയാണ് ഓരോ തവണയും പറയാൻ ശ്രമിക്കുന്നത്. എന്നിട്ടും ദൈവം തനിക്കിണങ്ങിയ മട്ടിൽ എന്നെ തിരുത്തുന്നു.”

“ലിയോ, അവസാനമായി ഞാൻ കല്പിക്കുന്നു. നീയെന്റെ ഇഷ്ടത്തെ പൂർത്തിയാക്കുക.”

“ദൈവനാമത്തിൽ ഞാനത് അങ്ങയോടു മുട്ടുകുത്തി സമ്മതിക്കുന്നു; ഇത്തവണ ഉറപ്പാണ്.”

“നീചനായ ഫ്രാൻസിസ്, ദൈവം നിന്നോട് കാരുണ്യം കാണിക്കുമെന്ന് എന്തുറപ്പാണുള്ളത്?”

“അതെ അപ്പാ, ആ കാരുണ്യം സദാ അങ്ങയോടൊപ്പം ഉണ്ടാവും. മോക്ഷത്തിലേക്കങ്ങ് ഉയർത്തപ്പെടും. മറ്റൊന്നും എനിക്ക് പറയാൻ കിട്ടുന്നില്ലപ്പാ. കാരണം, ദൈവം തന്നെയാണ് ഇപ്പോൾ എന്റെ ചുണ്ടിലൂടെ പിറുപിറുക്കുന്നത്...”

അവർ അങ്ങനെ പുലരിയോളം ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

(The Little Flowers of St. Francis of Assisi എന്ന പതിനാലാം നൂറ്റാണ്ടിലെ പുസ്തകത്തിൽ നിന്ന്)

ആത്മനിന്ദയുടെ കയത്തിൽ പെട്ടുപോയ ദിനങ്ങളിൽ വൈക്കോൽത്തുരുമ്പുപോലെ അനുഭവപ്പെട്ട കഥയാണിത്. ചിലപ്പോൾ അങ്ങേക്കും ഗുണപ്പെട്ടേക്കും. ത്രാസിന്റെ ഒരു തട്ടില്‍ ഭൂമിയിലെ മുഴുവന്‍ ആസ്തികരും ഇന്നോളം ദൈവത്തില്‍ നിക്ഷേപിച്ച വിശ്വാസവും, മറ്റേത്തട്ടില്‍ ദൈവം ഒരു ശരാശരി മനുഷ്യനില്‍ അര്‍പ്പിക്കുന്ന വിശ്വാസവും കൂടി തൂക്കി നോക്കുമ്പോള്‍ രണ്ടാമത്തെ തട്ട് ഇപ്പോഴും എപ്പോഴും താണു തന്നെ കിടപ്പുണ്ടാകും.

കാൽവരിക്കുന്നിൽ

കുടുംബ ജീവിതത്തിനു ഇങ്ങനെ വിലയിടാമോ..?

നിലാവിന്റെ വീട് - 11

ഒരു നാസിയുടെ കഥ

മാതൃസ്‌നേഹത്തിന്റെ സ്‌നേഹ ശില്പി