മാതൃസ്‌നേഹത്തിന്റെ സ്‌നേഹ ശില്പി

മാതൃസ്‌നേഹത്തിന്റെ സ്‌നേഹ ശില്പി
Published on

“പക്ഷേ, സ്ത്രീയെന്നത് ഒരിക്കലും കേവലം ഉടലായിരുന്നില്ല എനിക്ക്. എവിടെയെല്ലാമോ മാതൃഭാവമാവാം അതിലെല്ലാം കടന്നുവന്ന തെന്ന് ഇപ്പോള്‍ തോന്നുന്നു. അതൊരിക്കലും തന്നെ ആണ്‍നോട്ടമായിരുന്നില്ല. ഒരു കൊച്ചു കുട്ടി തന്റെ കലാസൃഷ്ടിക്കായി വഴിയില്‍ കണ്ടെത്തിയ മോഡലുകളെ അമ്മയിലൂടെ കടത്തിവിടുകയായിരുന്നു ഞാന്‍.” കേരള ത്തിലെ പൊതുവിടങ്ങളില്‍ കാലാതിവര്‍ത്തി യായ ദാരുശില്പങ്ങള്‍ തീര്‍ത്ത കേരളത്തിന്റെ അനുഗ്രഹീത കലാകാരനായ കാനായി കുഞ്ഞിരാമന്റെ ആത്മകഥ “ശിലാലിഖിത’’ ത്തിലെ വാക്കുകളാണിവ. ഏകാധിപതിയും പുരുഷമേധാവിത്വത്തിന്റെ പ്രതീകവുമായിരുന്ന സ്വന്തം അച്ഛനും മനുഷ്യത്വത്തിന്റെയും മാതൃത്വ ത്തിന്റയും സഹനപുത്രിയായ അമ്മയുടെയും വാക്കുകളും പ്രവൃത്തികളും കുഞ്ഞിരാമനിലെ കലയേയും സര്‍ഗവാസനയേയും എങ്ങനെ സ്വാധീനിച്ചുവെന്നും മറയില്ലാതെ പറയുന്ന കാനായി കുഞ്ഞിരാമന്റെ സത്യസന്ധതയും സഹൃദയരോടുള്ള ആത്മാര്‍ത്ഥയും നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. ഓരോ ലക്കവും വായനക്കാരന്റെ മനസ്സിന്റെ തൂശനിലയിലേക്കു വിളമ്പുന്ന അനുഭവമാകുന്ന പാല്‍പായസം രുചിക്കാതിരിക്കാന്‍ കഴിയില്ല.

തന്റെ ശില്പങ്ങളുടെ പ്രാക്‌രൂപങ്ങള്‍ മാറു മറയ്ക്കാതെ നടന്ന സാധാരണ സ്ത്രീകളും സമൂഹത്തിലെ പാവങ്ങളായ അധ്വാന വര്‍ഗവുമാണെന്ന് തുറന്നു പറയുന്ന കാനായി കുഞ്ഞിരാമന്റെ വാക്കുകള്‍ നമ്മുടെ മനസ്സില്‍ നന്മയുടെ സജീവ ശില്പങ്ങള്‍ തീര്‍ക്കുന്നവ യാണ്. വളരെ ചെറുപ്പത്തിലെ വീട്ടിലെ ചുമുരുകളില്‍ വരച്ച കലാരൂപങ്ങള്‍ കണ്ട് അച്ഛന്‍ തെറിവിളിക്കുകയും അടിക്കുകയും ചെയ്തപ്പോള്‍, കാനായി കുഞ്ഞിരാമന്‍ എഴുതുന്നു, “അമ്മ പറഞ്ഞു, അത് ഓന്റെ കലയല്ലേ” എന്നായിരുന്നു.

വളരെ ചെറുപ്പത്തിലെ വീട്ടിലെ ചുമുരുകളില്‍ വരച്ച കലാരൂപങ്ങള്‍ കണ്ട് അച്ഛന്‍ തെറിവിളിച്ചപ്പോൾ അമ്മ പറഞ്ഞത്, “അത് ഓന്റെ കലയല്ലേ” എന്നായിരുന്നു.

അമ്മയാണ് എന്നെ വഷളാക്കുന്നതെന്ന് പറഞ്ഞ് അച്ഛന്‍ അമ്മയെ ശകാരിച്ചു. അന്ന് അച്ഛന്‍ പറഞ്ഞത് “ചുമര് മുഴുവന്‍ ഓന്‍ കലയാക്കി” എന്നായിരുന്നു. രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അകലമാണ് അമ്മയുടെയും അച്ഛന്റെയും വാക്കുകള്‍. ഒരാള്‍ കലയെ കണ്ടപ്പോള്‍ മറ്റൊരാള്‍ അതിനെ ചുമര്‍വൃത്തികേടാക്കിയ പാടായി കണ്ടു. മലമ്പുഴയിലെ യക്ഷിപോലുള്ള ശില്പങ്ങള്‍ കാനായി കുഞ്ഞിരാമന്‍ കൊത്തിയ പ്പോള്‍ ഉണ്ടായ വിവാദങ്ങളും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അന്തരമായിരുന്നു. അതിന്റെ പേരില്‍ സദാചാരവാദികള്‍ കാനായി കുഞ്ഞിരാമനെ ഇല്ലാതാക്കാന്‍ പോലും ശ്രമിച്ചുവെന്നതാണ് ചരിത്രം.

പക്ഷേ വിമര്‍ശിച്ചവരെല്ലാം ഒരേ യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞു, കാനായിയുടെ ശില്പങ്ങളെല്ലാം സൗന്ദര്യത്തിന്റെയും നിഷ്‌കളങ്കതയുടെയും യാഥാര്‍ത്ഥ്യബോധ ത്തിന്റെയും തിരുശേഷിപ്പുകളായിരുന്നുവെന്ന്. ബാലനായ കുഞ്ഞിരാമന്റെ സര്‍ഗവാസനയെ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന സ്വന്തം അച്ഛന്‍ പോലും ഒരിക്കല്‍ അദ്ദേഹത്തിന്റെ സര്‍ഗശക്തിയെക്കുറിച്ച് അറിയാതെ പരമാര്‍ശി ച്ചത് ഇങ്ങനെയായിരുന്നു, “മറ്റൊരിക്കല്‍ ഞാന്‍ മണ്ണുകൊണ്ട് വെണ്ടക്കയും വഴതനങ്ങയും പോലുള്ള പച്ചക്കറികളുണ്ടാക്കി ചായം തേച്ച് വീട്ടുമുറ്റത്ത് ഉണങ്ങാന്‍ വച്ചു. കുറച്ചുകഴിഞ്ഞു മുറ്റത്തിറങ്ങിയ അച്ഛന്‍ അമ്മയോട് അട്ടഹസി ക്കുന്നത് കേട്ടു, ആരാടീ കാശുകൊടുത്ത് വാങ്ങിയ ഈ പച്ചക്കറിയൊക്കെ മുറ്റത്തിട്ടിരി ക്കുന്നത്? അതുകേട്ടപ്പോള്‍ എനിക്കു ചിരിയാണ് വന്നത്.’’

ലണ്ടനിലെ ലോകപ്രശസ്തമായ സ്ലേഡ് സ്‌കൂള്‍ ഓഫ് ഫൈൻ ആർട്സില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പു കിട്ടിയതും യൂറോപ്യന്‍ കലകളെയും സംസ്‌കാരത്തെയും അടുത്തറി യാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചുമെല്ലാം കാനായി വിവരിക്കുമ്പോള്‍ ദേശീയതയ്ക്കും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമൊന്നും ഒരു കലാകാരന്റെ മനസ്സിന് അതിര്‍വരുമ്പുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയില്ലെന്ന സത്യം വായനക്കാരുടെ നാവില്‍ മധുരിക്കും. അവിടെയും സ്ത്രീത്വവും മാതൃത്വവും കാനായി കുഞ്ഞിരാമനെന്ന പച്ചയായ മനുഷ്യനെയും അദ്ദേഹത്തിലെ കലാകാരനെയും സംരക്ഷി ക്കുന്നതും ഏറെ കൗതുകകരമാണ്. യൂറോപ്പിന്റെ അയഞ്ഞ സദാചാര സംസ്‌കാരമോ മദ്യസംസ്‌കാരമോ ഒന്നും കാനായി കുഞ്ഞിരാമനെ സ്വാധീനിക്കുന്നില്ല. പക്ഷേ മനുഷ്യത്വം എവിടെ മറനീക്കി ആര്‍ദ്രത യായി മാറുന്നുവോ അതിന്റെ വലയത്തിലാകു ന്നതിന്റെ ലഹരിയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത്.

ലണ്ടനില്‍ നിന്നും മാറി സാധാരണ ഒരു ഗ്രാമത്തില്‍ താമസിക്കേണ്ടി വന്നപ്പോള്‍ കാനായി കുഞ്ഞിരാമനെ തന്റെ ഭവനത്തില്‍ സ്വീകരിച്ചത് മിസ് വീലറാണ്. ആ സ്ത്രീയെ അമ്മച്ചിയെന്നാണ് തന്റെ ആത്മകഥയിലുട നീളം കുഞ്ഞിരാമന്‍ വിശേഷിപ്പിക്കുന്നത്. “എന്റെ കാര്യത്തില്‍ അമ്മയേക്കാള്‍ ശ്രദ്ധയായി രുന്നു അവര്‍ക്ക്. എനിക്കെന്തെങ്കിലും അസുഖ മൊക്കെ വന്നാല്‍ പിടിച്ചപിടിക്ക് സ്വന്തം കാറില്‍ എന്നെ ഡോക്ടറുടെ അടുത്തൊക്കെ കൊണ്ടുപോകും. ആ വീട്ടില്‍ ഞാനൊരു പരദേശിയായിരുന്നില്ല, അവരുടെ മകനായി രുന്നു.’’ അമ്മച്ചിയോടൊപ്പം പലപ്പോഴും ക്രിസ്ത്യന്‍ പള്ളികളില്‍ പോയിരുന്നതും പള്ളികള്‍ക്കകത്തുള്ള ചിത്രങ്ങളുടെ ചാരുതയും ബൈബിള്‍ പശ്ചാത്തലങ്ങളും മറ്റും ആസ്വദിച്ചിരുന്നതും പറയുമ്പോള്‍ കലയുടെ ആത്മീയതയേയും ആഴത്തെയും കുറിച്ച് നാം ബോധവന്മാരാകും.

  • ഫുള്‍സ്റ്റോപ്പ്: അമ്മ സ്‌നേഹിച്ച മകനും അമ്മയെ സ്‌നേഹിച്ച മകനും എന്നും സ്ത്രീത്വത്തെ മാനിക്കുന്നവനായിരിക്കും. കാനായി കുഞ്ഞിരാമന്‍ അമ്മയോടുള്ള ശുദ്ധമായ സ്‌നേഹമാണ് മലമ്പുഴയിലെ യക്ഷിയെന്ന മലമകളെയും ശംഖുമുഖത്തെ സമുദ്രകന്യകയെയും കോട്ടയത്തെ അക്ഷര ശില്പത്തെയും മാതൃത്വത്തിന്റെ നഗ്നമായ വിശുദ്ധിയില്‍ കൊത്തിയെടുത്തത്. മലയാളിയുടെ കപട സദാചാരത്തിനെതിരെ നില്‍ക്കുന്ന ചാട്ടുളിയാണ് മലമ്പുഴയിലെ യക്ഷി എന്നതാണ് സത്യം.

logo
Sathyadeepam Online
www.sathyadeepam.org