നിലാവിന്റെ വീട് - 11

നിലാവിന്റെ വീട് - 11
Published on

ടോം കെ. ജോസ്

  • അധ്യായം : പതിനൊന്ന്

“ഓൻ ഒടി കീഞ്ഞ താ. ”

ഒരിക്കൽ അമ്പിളി ക്കുട്ടന്റെ രോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ നാട്ടുകാർ പാക്കരേട്ടൻ എന്ന് വിളിക്കുന്ന ഭാസ്‌കരൻ പറഞ്ഞു.

ഒടി.

ആഭിചാര വിദ്യയാണ്. ഒരാൾ നടക്കാൻ സാധ്യതയുള്ളിടത്ത് ആഭിചാരം ചെയ്ത് ബന്ധിച്ചിടുന്നു. അതിനെ കവച്ച് കടന്നുപോയ ആളുടെ ആരോഗ്യം ക്ഷയിക്കും, നിത്യരോഗിയായി മാറും.

“ആരോ എനക്കിട്ട് ബെച്ചതാ. ഓനിട്ട് കൊണ്ടു. ”

അയാൾ വെറുതേ തലയാട്ടി. എന്ത് പറയാൻ വിശ്വാസങ്ങൾ ചിലപ്പോൾ തടവറകളായി മാറും. ആർക്കും സഹായിക്കാനാവില്ല, പുറത്തുകടക്കാൻ. സ്വയം തീരുമാനിക്കണം. ചിലർക്ക് അതിൽതന്നെ വസിക്കാൻ സന്തോഷമാണ്. പുറംതോടുപോലെ ചില വിശ്വാസങ്ങൾ.

“പണ്ട് ഈ നാട് തേച്ചും നമ്മുടേതേനു. വഴി അതിലെയേനു.”

ഭാസ്‌ക്കരേട്ടൻ കാട്ടിലേക്ക് കൈചൂണ്ടി. എന്നിട്ട്. അയാൾ തിരക്കി.

“തോനെ പയേ കതയാന്ന്...”

ആ സാധുവൃദ്ധൻ ഓർമ്മകളിൽ മുഴുകി.

“നാടുവാഴികളായി വന്നവരാണ്. അധികാരത്തിനായി മത്സരമായി. കൊല്ലും കൊലയും ദുർമന്ത്രവാദവും. ഒടുവിൽ തലമുറകൾ തമ്മിൽ കേസായി. പലരും മാനസികരോഗികളായി. പരസ്പരം പോരടിച്ച് തകർന്നു. വക്കീലൻമാർ സമ്പന്നരായി. പലരും ഉള്ളത് ചേട്ടൻമാർക്ക് വിറ്റ് നാട് കാലിയാക്കി. നമ്മളുമാത്രം ഇടെ പെട്ട്. ഇപ്പോ നാട് മൊത്തം ചേട്ടമ്മാറായി. നമ്മളൊറ്റേം.”

“ഭാസ്കരേട്ടനും പൊയ്ക്കൂടാരുന്നോ.”

“അങ്ങനെ പോവാൻ കയ്യോ.. ദൈവത്തറേ വെളക്ക് വെക്കണ്ടേ.”

കുറച്ചകലെ കാടിനോട് ചേർന്ന് വലിയ ഒരു കാഞ്ഞിരമരവും അതിന്റെ പരിസരവുമാണ് മണിയാണികളുടെ ദൈവത്തറ. അവിടെ കൽക്കെട്ടിൽ മഞ്ഞൾ പൊടിപുരണ്ട ചില ശിലകളുണ്ട്. കുടുംബ പരദേവതകൾ. അവിടെ വിളക്ക് തെളിക്കുന്നതും പൂജനടത്തുന്നതുമാണ് നാട്ടുകാർക്ക് കൂടോത്രം.

ഭാസ്‌ക്കരേട്ടൻ പറഞ്ഞതിനെക്കുറിച്ച് കേട്ടതേ വിത്സന് ആവേശമായി.

“അയാള് പലതും പറയും കള്ള വർഗം... കൂടോത്രം വെക്കുന്നത് കണ്ണുകൊണ്ട് കണ്ടവരുണ്ട്. എല്ലാർക്കിട്ടും പണിത് പണിത് ഈ ഗതിയായി.”

“അപ്പോൾ നമ്മുടെ ഒപ്പീസ് അവര് കണ്ടാലോ. വെള്ളം തളിക്കലും പുകയ്ക്കലും.”

“അച്ചൻ തന്നെ ഇങ്ങനെ പറ. എന്റെ അച്ചാ നമ്മളു ചെയ്യുന്ന പോലെ ആണോ ഇത്. ഒറ്റയ്ക്ക് പാത്തും പതുങ്ങിം...”

“എന്റെ വിത്സാ. നമുക്ക് സുപരിചിതമായതിനെ പ്പോലും നമുക്ക് സംശയമാ. അപ്പോൾ തീർത്തും അപരിചിതമായതിന്റെ കാര്യം പറയണോ. ആളുകൾ തോന്നും പോലെ കഥകളുണ്ടാക്കും.”

“എനിക്കേതായാലും അറിഞ്ഞിടത്തോളം മതിഎന്തായാലും കൊള്ളാം.”

“മരുമോൻ വട്ട് കേറി നാടുവിട്ടു. ആ കൊച്ചിന്റെ ഗതി ഇങ്ങനെയായി. അതിന്റെ ഇരിപ്പ് കണ്ടാൽ സഹിക്ക്യോ. മണിയാണിത്തമ്പുരാനെ കണ്ടതാ പോലും.”

“അതാരാ പുതിയ കഥാപാത്രം. ഈ കാട്ടില് തമ്പുരാനോ.”

“ആന്നേ. ഈ നാട് ഇന്ന് കാണുന്നപോലെ അല്ലാരുന്നു. ഇവിടെ മൊത്തം പണിയൻമാരായിരുന്നു. പണിയർക്ക് മൂപ്പനുണ്ടേലും നാടിന്റെ അധികാരം തമ്പുരാനായിരുന്നു. മണിയാണിത്തമ്പുരാന് ഇവൻമാര് ആ പണിയൻമാരെ ഓസി കൊറേക്കാലം കഴിഞ്ഞു. അന്നൊണ്ടല്ലോ ഇവിടം മൊത്തം കാടല്ലേ. നിറയെ അവരാരുന്നു.”

“എന്നിട്ട്...”

“അതൊണ്ടല്ലോ. തമ്പുരാൻമാർ പൊതുവേ നല്ലവരാരുന്നു. പക്ഷേ അവസാനത്തെ തമ്പുരാനിത്തിരി മൊടയായിരുന്നു. നല്ല വെള്ളോമായിരുന്നു. പണിയൻമാര് കാട്ടിലെ കിഴങ്ങും വേരുകളുമിട്ട് വാറ്റും. തമ്പുരാൻ അടിച്ച് പൂക്കുറ്റിയുമാകും. ഒരു ദിവസം സാധനമെത്തിക്കാൻ വൈകിയേന് തമ്പുരാൻ മൂപ്പനിട്ടൊന്നു പൊട്ടിച്ചു. അടി മർമ്മത്താ കൊണ്ടേ. ഒറ്റയടിക്ക് മൂപ്പൻ ക്ലോസായി. പണിയൻമാരല്ലേ വല്ല ബോധോം ഉണ്ടോ. പോരാത്തേന് ഉള്ളുനിറയെ വെള്ളോം. എല്ലൊം കൂടി തമ്പുരാനെ എടുത്തിട്ട് ചാമ്പി. ഒടുവിൽ കത്തിച്ചു. തമ്പുരാനുണ്ടോ വിടുന്നു. ആശാൻ പ്രേതമായി അഴിഞ്ഞാട്ടം തുടങ്ങി. രാത്രി ഈ വഴിക്ക് വന്നാൽ വഴിതെറ്റിക്കും. ദിക്ക് പിശകി വട്ടം കറങ്ങി നേരം വെളുപ്പിക്കും. എന്നിട്ടേ തമ്പുരാൻ വിടൂ. ആരും തമ്പുരാനെപ്പേടിച്ച് അതിലേ നടക്കാതായി. പണിയറിൽ കുറേപ്പേർക്ക് വട്ടായി. മാറാരോഗം പിടിച്ചു. പേടിച്ച് പണിയർ നാടുവിട്ടു. പിന്നെ അവരെല്ലാം ഇവിടം വിട്ടുപോയി. മൊത്തം കാട് കേറി. കാട്ടിലിപ്പോലും കാടുപിടിച്ച അമ്പലമുണ്ട്. അടുത്ത് ഇടിഞ്ഞു വീണ മാളികേം പാതാളക്കിണറും. പണ്ട് വഴി അതിലേ ആരുന്നു.”

അയാൾ ചിരിച്ചു.

“അച്ചന് വിശ്വാസമായില്ല അല്ലേ.”

“ഇതൊക്കെ. ഈ കഥളൊക്കെ മനുഷ്യ നിർമ്മിതിയാ. വിൽസാ. ജന്മി-കുടിയാൻ ബന്ധം കൈവിട്ടുപോകാതിരി ക്കാൻ സവർണ്ണനുണ്ടാക്കിയ കഥകൾ. അംഗബലം കുടിയാൻമാർക്കല്ലേ. അവരെ ന്യൂനപക്ഷമായ ജന്മിമാർ എങ്ങനെ നിലയ്ക്ക് നിർത്തും. ജന്മിയിൽ ദൈവാംശമുണ്ട്. ജന്മിയെ കൊല്ലാൻ പാടില്ലാ. ഇനി കൊന്നാലോ. അപ്പോൾ കൊല്ലപ്പെടുന്ന ജന്മിമാരെല്ലാം പ്രേതമായി മാറും എന്ന് കുടിയാൻമാരെ വിശ്വസിപ്പിച്ചാലേ ജന്മിക്ക് രക്ഷയുള്ളൂ. ഭൂരിപക്ഷവും ഇത്തരം കഥകൾ വിശ്വസിച്ച് മര്യാദക്കാരായി നിൽക്കും. എങ്കിലും എന്നെങ്കിലും ആരെങ്കിലും ഇതിനെയൊക്കെ ചോദ്യം ചെയ്യും. ഇവിടെയും സംഭവിച്ചത് ഇതു തന്നെ. ഗോത്ര സംസ്ക്കാരം എന്നും ഇങ്ങനെയായിരുന്നു.”

“ഈ അച്ചന്റെ ഒരു കാര്യം. എന്തിനും ഇങ്ങനെ കുറേ ഉത്തരമുണ്ട്. അച്ചനേപ്പോലെ പലരും പറഞ്ഞിട്ടുണ്ട്. പോയി നോക്കിയവർ അനുഭവിച്ചിട്ടും ഉണ്ട്. വഴി തെറ്റി നേരം വെളുക്കുവോളം നടന്നോരുണ്ട്. അങ്ങനെയാ ഈ നാട്ടിലോട്ട് പുതിയ വഴിയുണ്ടായെ...” വിൽസൺ വാശിയോടെ പറഞ്ഞു.

“വിൽസൺ പോയിട്ടുണ്ടോ?”

“അത് വേണോ...”

“അല്ല... തമ്പുരാന് പുതിയ വഴിയിലേക്കും വരാമല്ലോ.”

“അങ്ങനെയെങ്ങാൻ വരുവോ...” വിൽസന് ആധിയായി.

“എന്റെ വിൽസാ. വരാനായിരുന്നെങ്കിൽ പണ്ടേ വരില്ലായിരുന്നോ. പിന്നെ നാടുവിട്ട പണിയർ എങ്ങനെ തിരികെയെത്തി.”

“അത് പിന്നെ എല്ലാരും പോയില്ലാരിക്കും. ഇങ്ങനെ ചോദിച്ചാൽ ഞാനെന്നാ പറയാനാ...” വിൽസൻ കൈമലർത്തി.

“അച്ചൻ വേണേ അപ്പച്ചൻ മാഷോട് ചോദീര്. പുള്ളിക്കാണേ അറിയാൻ മേലാത്തതൊന്നുമില്ല.”

“ആരോട് ചോദിച്ചാലും ഇനി വിൽസനോടില്ല.”

“ആയിക്കോട്ടെ. പിന്നെയേ...” വിൽസൺ എന്തോ പറയാനാഞ്ഞു.

“ഇനി അച്ചനെന്നേലും തമ്പുരാനെ കാണുവാണേൽ രക്ഷപ്പെടാൻ ഒരു വഴിയുണ്ട് കേട്ടോ. രഹസ്യാ. വിൽസൺ സ്വരം താഴ്ത്തി. അതേ അങ്ങിനെ വരുമ്പോ ഒന്നു മുള്ളിയാ മതി തമ്പുരാന്റെ പിടി വിടും.”

“ശരി. അങ്ങനെ തന്നെ ചെയ്തോളാം.” അയാൾ ചിരിച്ചു.

രാത്രി...

അത്താഴം കഴിഞ്ഞ് മുറ്റത്തുകൂടി അലസമായി നടന്നപ്പോഴാണ് ആ കാഴ്ച. അനേകായിരം മിന്നാമിനുങ്ങുകൾ കുറച്ചകലെയുള്ള മരുതുമരത്തിന് മുകളിൽ ഒരു മേഘം പോലെ പെയ്തിറങ്ങുന്നു. മരത്തെ പൊതിഞ്ഞുപടർന്ന വെള്ളിലക്കൊടിയുടെ വെണ്മയും. മഞ്ഞയും നീലയും കലർന്ന ഒരഭൗമവെളിച്ചം കൂരിരുട്ടിൽ മിന്നിത്തിളങ്ങുന്നു. ഇടയ്ക്ക് ഇരുട്ടിന്റെ ഇടവേളകൾ. പല രൂപങ്ങളിൽ അവ കൂട്ടമായി മരത്തെ പൊതിയുന്നു. അയാൾ അതിൽ ലയിച്ചു നിന്നു. പെട്ടെന്ന് മിന്നാമിന്നികൾ ഭീമാകാരമായ ഒരു മനുഷ്യരൂപം പൂണ്ടു. തീ പിടിച്ച ഒരു മനുഷ്യൻ.

സർവാംഗം അഗ്‌നിവിഴുങ്ങി മണിയാണിത്തമ്പുരാൻ. മാംസപേശികൾ തീയിൽ വെന്തുരുകി നിലംപതിക്കുന്നു. ആകാശം തൊടുന്ന ഒരഗ്‌നിത്തൂണുപോലെ അയാൾ നില്‌ക്കുന്നു. അഗ്‌നിനാളങ്ങൾ മത്സരിച്ച് മുകളിലേക്കുയരുന്നു. കരിയുന്ന പച്ചമാംസത്തിന്റെ ഗന്ധം. ദയനീയമായ നിലവിളിയെ അഗ്‌നിനാളങ്ങൾ വിഴുങ്ങുന്നു. തമ്പുരാൻ അയാൾക്ക് നേരെ കൈനീട്ടുന്നു. അതേ. സഹായം യാചിക്കുകയാണ്. താനെന്താണ് ചെയ്യുന്നത്. എപ്പോഴാണ് തന്റെ കയ്യിൽ ഹന്നാൻവെള്ളക്കുപ്പി വന്നത് അയാൾ തെല്ലും മടിക്കാതെ. കരുണയോടെ. ജലം തളിച്ചു ഉരുകിത്തുടങ്ങിയ മാംസപേശികൾ ഒന്നാകാൻ തുടങ്ങി. ഇപ്പോൾ നിലവിളിയില്ല. എല്ലാം ശാന്തം. ഇപ്പോൾ അതൊരു സാധാരണ മനുഷ്യന്റെ രൂപമാണ് അയാൾ സൂക്ഷിച്ച് നോക്കി. ആരുടെ മുഖമാണ് തെളിയുന്നത്. ഭാസ്കരേട്ടന്റെ... അമ്പിളിക്കുട്ടന്റെ...

അവരോട് തന്നെ ചോദിക്കാം. മിന്നാമിനുങ്ങുകളോട്.

അയാൾ ചിന്തയിൽ നിന്നുണർന്നു. മിന്നാമിന്നികൾ വിദൂരതയിലെ മറ്റൊരുമരത്തിലേക്ക് കൂട് വിട്ട് കൂട് മാറിയിരുന്നു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org