Coverstory

റാഫാല്‍ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ച റവ. എസെക്കിയേല്‍ ബൊള്ളം മനസു തുറക്കുന്നു

Sathyadeepam

റാഫാല്‍ യുദ്ധവിമാനം രാജ്യത്തിന് സമര്‍പ്പിച്ചപ്പോള്‍ നടന്ന ചടങ്ങിലെ ക്രൈസ്തവ പ്രാര്‍ത്ഥന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാല്പത്തിയാറാം സങ്കീര്‍ത്തനം വായിച്ചു നടത്തിയ പ്രാര്‍ത്ഥന അര്‍ത്ഥസമ്പൂര്‍ണവും വളരെ വ്യക്തതയുമുള്ളതുമായിരുന്നു. ഈ ആകര്‍ഷണീയതയാണ് ലേഖകന് പാസ്റ്റര്‍ എസെക്കിയേലിനെ ടെലഫോണില്‍ ബന്ധപ്പെടാന്‍ പ്രചോദനമായത്.
അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങിലെ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ ക്രൈസ്തവരുടെ പ്രതിനിധിയായി പങ്കെടുത്ത പാസ്റ്റര്‍ എസെക്കിയേല്‍ ബൊള്ളം ഭക്തസിംഗിനാല്‍ സ്ഥാപിതമായ ഹെബ്രോന്‍ സഭയുടെ സീനിയര്‍ പാസ്റ്ററാണ്. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം ഹെബ്രോനില്‍ തന്നെയാണ് വേദാഭ്യാസം നടത്തിയത്. 1974 മുതല്‍ സുവിശേഷകനായ ഇദ്ദേഹം 34 വര്‍ഷം പ്രേഷിത പ്രവര്‍ത്തനം നടത്തിയത് പഞ്ചാബിലായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ചണ്ഡിഗഡ് ഹെബ്രോന്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റര്‍ എസെക്കിയേലിന്റെ വാക്കുകള്‍ വളരെ വിനയം നിറഞ്ഞതായിരുന്നു.
അദ്ദേഹത്തിന്റെ സഭയിലെ ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുഖാന്തരമാണ് ഈ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തുനിന്നും 50 കിലോമീറ്റര്‍ ദൂരെയാണ് ചടങ്ങു നടന്ന അംബാല വ്യോമസേന താവളം. പ്രസ്തുത ചടങ്ങിനു ശേഷം പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഫോണിലൂടെയും അല്ലാതെയും സന്തോഷം പങ്കുവെച്ചെന്നും നല്ലൊരനുഭവ മാണെന്നും പറഞ്ഞു.
സുധീരയാണ് പാസ്റ്റര്‍ എസെക്കിയേലിന്റെ ഭാര്യ, രണ്ടു ആണ്‍മക്കള്‍ സാമുവേല്‍, യൂസിയേല്‍ എന്നിവരാണ്. ഇളയ മകന്‍ അബുദാബിയില്‍ ജോലിചെയ്യുന്നു. മൂത്ത മകന്‍ തങ്ങളോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിതാവേ, സുരക്ഷ ഞങ്ങളുടെ കൈവശമുള്ള ആയുധങ്ങളില്‍ അല്ലായെന്നും ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന തന്റെ പ്രാര്‍ത്ഥന വാക്കുകളെ തുടര്‍ന്ന് രാജ്യസുരക്ഷയ്ക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും രാഷ്ട്രനേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ എല്ലാ നിയോഗങ്ങളും ക്രൂശില്‍ മരിച്ച് ഉയര്‍ത്തെഴുന്നേറ്റ രക്ഷകനായ യേശുക്രിസ്തുവിനു സമര്‍പ്പിക്കുന്നുവെന്നും പ്രാര്‍ത്ഥിച്ചു കൊണ്ടാണ് പാസ്റ്റര്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പ്രാര്‍ത്ഥന നടന്നത്.

സന്ദീപ് വിളമ്പുകണ്ടം

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്