Coverstory

സ്വാഗതം

തവിട്ടുപാത - പത്ത്

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ
ഒരു ചുവടുപോലും ഇതരധർമ്മങ്ങളിലേക്കോ ആചാരങ്ങളിലേക്കോ എത്തിനോക്കാത്ത നമ്മളാണ് മതേതരത്വത്തെക്കുറിച്ച് ഹുങ്കു പറയുന്നത്. എത്രയോ പുസ്തകങ്ങൾ വാങ്ങിനിറച്ചിരിക്കുന്ന നിങ്ങളുടെ ഷെൽഫിൽ ഇതരമതത്തിന്റെ ഒരു പുണ്യഗ്രന്ഥം ഇല്ലാതെ പോയതെങ്ങനെ?

അപരിചിത ഇടങ്ങളിലൂടെയുള്ള സഞ്ചാരമായിരിക്കും ഭാവനയെ ദീപ്തമാക്കാനും അങ്ങനെ ജീവിതത്തെ അഗാധമാക്കാനുമുള്ള ഗൃഹപാഠങ്ങളിൽ ഒന്ന്. Send your ships into uncharted seas, എന്ന നീഷേവചനം ഓർക്കുന്നു. യഹൂദർ ബോധപൂർവം ഒഴിവാക്കിയിരുന്ന സമരിയാദേശത്തിന് കുറുകെ നിരന്തരം നടന്നൊരാൾ എന്ന നിലയിലാണ് സുവിശേഷം യേശുവിനെ പരിചയപ്പെടുത്തുന്നത്.

പോരാടാനും തോല്പിക്കാനും മാത്രം മനുഷ്യർ സഞ്ചരിച്ചിരുന്ന ഒരു കുരിശുയുദ്ധകാലത്ത് കേൾക്കാനും പറയാനും വേണ്ടി, ഇലുമിനാത്തോ എന്ന കൂട്ടുകാരനൊപ്പം അവിടേക്ക് കപ്പൽ കയറിയ അസ്സീസിയിലെ ഫ്രാൻസിസിന്റെ ഓർമ്മയ്ക്ക് എണ്ണൂറു വർഷം കഴിഞ്ഞു. അയഞ്ഞ തവിട്ടുവസ്ത്രവും അരയിലെ ചരടും ഒരു സൂഫി എന്ന സാദൃശ്യം കൊടുത്തതുകൊണ്ടാണ് ഇസ്ലാം ഭടന്മാർ അയാളെ തടയാതിരുന്നത്. ഈജിപ്തിലെ സുൽത്താൻ എല്ലാത്തിനോടും സഹജമായ ആദരവു പുലർത്തിയിരുന്ന ജ്ഞാനാന്വേഷിയായിരുന്നു- അൽ മാലിക് അൽ കമിൽ. ചുറ്റിനും ചോരയുടെ ഗന്ധം മണക്കുന്ന ഒരിടത്തിരുന്ന് അവർ പരസ്പരം കേട്ടു. സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഡയലോഗ് എന്നു വിശേഷിപ്പിക്കപ്പെടേണ്ട ഒന്ന്. നാരായണഗുരുവിന്റെ ഭാഷയിൽ ‘തർക്കിക്കാതെയും തോല്പിക്കാതെയു’മുള്ള ദീർഘഭാഷണങ്ങൾ. ഇസ്ലാമിന്റെ ആന്തരികജീവിതം ഫ്രാൻസിസിനെ വിസ്മയിപ്പിച്ചു. അയാൾ പാർത്തിരുന്ന നാട്ടിൽ എന്തൊക്കെ കഥകളിലൂടെ ഏറ്റവും അഭംഗിയിൽ മാത്രം ചിത്രീകരിക്കപ്പെട്ടിരുന്നു അവർ. ഇസ്ലാം യൂറോപ്പിന്റെ അപരിചിതദേശമായിരുന്നു.

ഇസ്ലാമിന്റെ കണിശതയും നിഷ്ഠയും ഫ്രാൻസിസിനെ ആകർഷിച്ചു. അവരുടെ പ്രാർത്ഥനയിലെ ശരീരഭാഷ പോലും വലിയ സമർപ്പണമായി അയാൾക്കനുഭവപ്പെട്ടു. ആറു നേരത്തെ പ്രാർത്ഥനയിൽ ഇഴ മുറിയാതെ പോകുന്ന ഒരു ഈശ്വരാവബോധത്തിന്റെ പൊൻനൂലുണ്ടെന്ന് വെളിപ്പെട്ടുകിട്ടി. തിരികെ വന്ന് തന്റെ സമൂഹത്തിന്റെ യാമപ്രാർത്ഥനകൾ ചിട്ടപ്പെടുത്തുമ്പോൾ ആ കൂടാരക്കാഴ്ച നിശ്ചയമായും പശ്ചാത്തലത്തിലുണ്ടാവും.

മടങ്ങിപ്പോകുമ്പോൾ സുൽത്താൻ അവർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി. എല്ലാം തന്നെ തങ്ങളുടെ ദരിദ്രജീവിതത്തിന് നിരക്കുന്നില്ലെന്നു പറഞ്ഞ് അവർ നിഷേധിച്ചു; ഒരു ശംഖു മാത്രമെടുത്തു. പ്രാർത്ഥനാവേളകൾക്കുള്ള ക്ഷണമായിട്ട് അതു പിന്നീട് ഫ്രാൻസിസിന്റെ ആശ്രമങ്ങളിൽ മുഴങ്ങി. ലോകത്തെ മാനസാന്തരപ്പെടുത്തുക എന്ന രീതിയിൽ സഞ്ചാരം ആരംഭിച്ചൊരാൾ സ്വയം മാനസാന്തരപ്പെട്ടും ശുദ്ധീകരിക്കപ്പെട്ടും മടങ്ങിയെത്തി.

ഇസ്ലാമിന്റെ പ്രാർത്ഥനയിലെ ശരീരഭാഷ പോലും വലിയ സമർപ്പണമായി അയാൾക്കനുഭവപ്പെട്ടു. ആറു നേരത്തെ പ്രാർത്ഥനയിൽ ഇഴ മുറിയാതെ പോകുന്ന ഒരു ഈശ്വരാവബോധത്തിന്റെ പൊൻനൂലുണ്ടെന്ന് വെളിപ്പെട്ടുകിട്ടി. തിരികെ വന്ന് തന്റെ സമൂഹത്തിന്റെ യാമപ്രാർത്ഥനകൾ ചിട്ടപ്പെടുത്തുമ്പോൾ ആ കൂടാരക്കാഴ്ച നിശ്ചയമായും പശ്ചാത്തലത്തിലുണ്ടാവും.

ഒരു ചുവടുപോലും ഇതരധർമ്മങ്ങളിലേക്കോ ആചാരങ്ങളിലേക്കോ എത്തിനോക്കാത്ത നമ്മളാണ് മതേതരത്വത്തെക്കുറിച്ച് ഹുങ്കു പറഞ്ഞുകൊണ്ടിരിക്കുന്നത്! Nostra Aetate യിൽ “ray of that truth which enlightens all men”എന്ന് ഇതര മതങ്ങളിലേക്ക് ജാലകങ്ങൾ തുറന്നിട്ടു തന്നിട്ടും അകത്ത് നിന്ന് അത്രമേൽ തഴുതിട്ട നമ്മൾ.

ടോണി ഡിമല്ലോയിൽ നിന്നാണ് ആദ്യം ആ കഥ കേട്ടത്. ജപ്പാനിൽ ഒരു ബുദ്ധ ഹാൾ ഉണ്ട്. അമ്പതോളം ബുദ്ധ ബിംബങ്ങളെ ചുവരിൽ പതിപ്പിച്ചിട്ടുണ്ട്. ഓരോ ബുദ്ധനും ബാക്കിയുള്ള 49 പേരുമായി തീരെ ചെറിയ വ്യത്യാസങ്ങളുണ്ട്. പതുക്കെ പതുക്കെ അമ്പത് പേർക്കും അത്രയും പങ്ക് ആരാധകരായി. തങ്ങളുടെ ബുദ്ധനു മാത്രം ധൂപം അർപ്പിച്ച് വൈകാതെ എല്ലാ ബുദ്ധന്മാരും ഒരേ പോലെ കറുത്തു. വിശ്വാസികളുടെ അഹന്തയും ശാഠ്യവും ഓരോ നിമിഷവും വിരൂപമാക്കി കൊണ്ടിരിക്കുന്ന ദൈവസങ്കല്പത്തിന്റെ ഉപമയാണിത്.

മല കയറുന്ന മനുഷ്യരെ പോലെയാണ് നമ്മൾ. യാത്ര ആരംഭിക്കുമ്പോൾ മറ്റാരെയും കാണുന്നില്ല. എന്നാൽ മുകളിലോട്ട് പോകും തോറും ഓരോരോ വശങ്ങളിൽ നിന്ന് അനവധിയായ മനുഷ്യർ നമ്മളോടൊപ്പം കൂട്ട് സഞ്ചാരത്തിലായിരുന്നു എന്ന് മിന്നൽ കാഴ്ച ഉണ്ടാകും. ഫ്രാൻസിസ്സിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അജ്ഞതയും അഹന്തയും സമാസമം ചേർത്ത് അപകടം പിടിച്ച അസഹിഷ്‌ണത എന്ന ഒരു വിഷ പാനീയം രൂപപ്പെടും. അത് കുടിക്കാൻ വിസമ്മതിക്കുന്ന മനുഷ്യർക്ക് വേണ്ടിയുള്ള പ്രതിരോധമാണ് അയാൾ.

സൗഹാർദമുള്ള നനുത്തഭാഷയിൽ ആ ചരിത്രബിന്ദുവിനെ അടയാളപ്പെടുത്തുന്ന ഒരു പഠന ഗ്രന്ഥം ഇതിനകം ഇവിടെ വന്നിട്ടുണ്ട് : അസീസ്സിയിലെ ഫ്രാൻസിസും ഈജിപ്തിലെ സുൽത്താനും. തൂവാലയിൽ പൂക്കൾ നെയ്യുന്നത് പോലെയാണ് കപ്പൂച്ചിൻ സഹോദരനായ പ്രിയപ്പെട്ട ഫെർഡിനാൻഡ് മാർട്ടിൻ ഇത്‌ ചെയ്തിരിക്കുന്നത്. മൗലികമായ അനവധി നിരീക്ഷണങ്ങളാൽ സമ്പന്നമാണീ പുസ്തകം. വായനയുടെ ആനന്ദം മാത്രമല്ല അത് നിങ്ങൾക്ക് വേണ്ടി കരുതി വെയ്ക്കുന്നത്. മനുഷ്യർ വല്ലാതെ ചിതറിപ്പോയ ഒരു കാലത്തിൽ ശാന്തിയുടെ ചില തുരുത്തുകൾ ഇനിയും സാദ്ധ്യമാണെന്ന ധൈര്യം കൂടി ഇതിൽ അടക്കം ചെയ്തിട്ടുണ്ട്.

പഴയ നിയമത്തിൽ മോശയും അപൂർവ കൃപ ലഭിച്ച കുറച്ചുപേരും കൂടി പാളയത്തിനകത്തിരുന്ന് പ്രവചിക്കുകയാണ്. അതേസമയം പാളയത്തിന് പുറത്തിരിക്കുന്ന ഏതാനും പേരും പ്രവചിച്ചു തുടങ്ങി. ജോഷ്വാ അസഹിഷ്ണുതകൊണ്ട് ജ്വലിക്കുകയാണ്. അയാൾ മോശയോട് പറഞ്ഞു. പാളയത്തിന് പുറത്തുള്ളവരോട് നിശബ്ദരാകുവാൻ പറയുക. മോശ അയാളെ സ്നേഹപൂർവ്വം ശാസിക്കുകയാണ്. പാളയത്തിന് പുറത്തുള്ളവരും പ്രവചിക്കണമെന്ന് ദൈവം മനസ്സാവുന്നെങ്കിൽ എതിർക്കാൻ നമ്മളാരാണ്...? സ്വന്തം പാളയത്തിന് പുറത്ത് നിൽക്കുന്നവരെ ആദരപ്പൂർവം കാണാൻ മനസ്സിനെ പഠിപ്പിക്കുക. സ്വന്തം പാളയത്തിനുവേണ്ടി മാത്രം ശഠിക്കുകയും, അതിനെ ആനുപാതികമല്ലാതെ മഹത്വപ്പെടുത്തുകയും ചെയ്യുന്നവർ തടവറയുടെ വലിപ്പത്തെക്കുറിച്ച് വീമ്പിളക്കുന്ന തടവ് പുള്ളികളുടേതിനേക്കാൾ മോശപ്പെട്ട ഫലിതമാണ്. കാറ്റ് അതിഷ്ടമുള്ളിടത്തേക്ക് വീശികൊണ്ടിരിക്കും. മനുഷ്യരുയർത്തുന്ന മതിലുകൾക്കവയെ തടയാനോ, നിയന്ത്രിക്കാനോ, തങ്ങളിലേക്ക് പരിമിതപ്പെടുത്താനോ ആവില്ല.

നാമെത്തിയിരിക്കുന്ന ഓരോരോ പ്രതിസന്ധികളിൽ അയാളെങ്ങനെയൊക്കെ കാലിക പ്രസക്തമാകുന്നു എന്നതിന്റെ നല്ലൊരു സാക്ഷ്യമായി ഈ പുസ്തകം മലയാളിയുടെ വീണ്ടു വിചാരങ്ങളിൽ ഉണ്ടായിരിക്കും. ഒരു ചുവടുപോലും ഇതരധർമ്മങ്ങളിലേക്കോ ആചാരങ്ങളിലേക്കോ എത്തിനോക്കാത്ത നമ്മളാണ് മതേതരത്വത്തേക്കുറിച്ച് ഹുങ്കു പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്രയോ പുസ്തകങ്ങൾ വാങ്ങിനിറച്ചിരിക്കുന്ന നിങ്ങളുടെ ഷെൽഫിൽ ഇതരമതത്തിന്റെ ഒരു പുണ്യഗ്രന്ഥം ഇല്ലാതെ പോയതെങ്ങനെ?

പഴയ പലഹാരക്കൈമാറ്റ ക്കഥകൾ കൊണ്ട് ഈ വണ്ടി അധികകാലം ഓടില്ല.

🐛 ശലഭങ്ങൾക്ക് പഴയ ഓർമ്മകൾ കാണുമോ?🦋✨

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 85]

നിലാവിന്റെ വീട് - 18

കുരിശ് അവശേഷിക്കുന്നു, ക്രിസ്തു എവിടെ?

ഉത്തരീയ സ്മരണകൾ