Coverstory

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹ സേവകരാകുമ്പോള്‍

Sathyadeepam

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ സേവനത്തിനുള്ള അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഫാ. ഡേവിസ് ചിറമേല്‍ ട്രസ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് മദര്‍ തെരേസ സേവന അവാര്‍ഡ്. ഇതനുസരിച്ചുള്ള ആദ്യത്തെ അവാര്‍ഡ് ഈ വര്‍ഷം യു പി വിഭാഗത്തില്‍ മിയ രാജേഷ് കട്ടിക്കാരനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഡെറിന്‍ ആന്റണിയും കരസ്ഥമാക്കി. 1,00,000 രൂപ, കല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ ഭവനത്തിലേക്ക് സകുടുംബ യാത്ര തുടങ്ങിയവയാണ് അവാര്‍ഡ്. ഇടുക്കി വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച് എസ് എസ് വിദ്യാര്‍ത്ഥിയാണ് ഡെറിന്‍. മിയ രാജേഷ് എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും.

തനിക്ക് അവാര്‍ഡായി ലഭിച്ച ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ചെലവാക്കാനുള്ള തീരുമാനം അവാര്‍ഡ് സമര്‍പ്പണവേദിയില്‍ മിയ പ്രഖ്യാപിച്ചു. രാജേഷ് അവറാച്ചന്‍ കട്ടിക്കാരന്റെയും റാണി അലക്‌സ് വാച്ചാപറമ്പിലിന്റെയും മകളാണ് മിയ. ഒരു ലക്ഷത്തില്‍ അമ്പതിനായിരം രൂപ സ്‌കൂളിലെ ജീവകാരുണ്യ ഫണ്ടിലേക്കു നല്‍കി. ബാക്കി തുക സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച അഗതിമന്ദിരങ്ങള്‍ക്ക് നല്‍കാനാണ് മിയയുടെ പദ്ധതി.

വിവിധ അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുത്തതെന്നു മിയാ രാജേഷ് പറഞ്ഞു. വളരെയധികം സഹായം അര്‍ഹിക്കുന്ന നിരവധി സഹജീവികള്‍ ഈ സ്ഥാപനങ്ങളില്‍ കഴിയുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യമാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നല്‍കിയത് മിയ വിശദീകരിച്ചു.

തനിക്ക് അവാര്‍ഡായി ലഭിച്ച ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ചെലവാക്കാനുള്ള തീരുമാനം അവാര്‍ഡ് സമര്‍പ്പണവേദിയില്‍ മിയ പ്രഖ്യാപിച്ചു.

പല വിദേശ രാജ്യങ്ങളിലും നിശ്ചിത സമയം സാമൂഹ്യ സേവനത്തിന് കുട്ടികള്‍ മാറ്റിവയ്‌ക്കേണ്ടത് അവരുടെ പാഠ്യ പദ്ധതിയുടെ തന്നെ ഭാഗമാണ്. ഇവിടെയും ഭാവിയില്‍ അങ്ങനെയൊരു സംവിധാനം നടപ്പില്‍ വരുമെന്നാണ് ഫാ. ഡേവിസ് ചിറമേലിന്റെ പ്രതീക്ഷ. അതിന് കളമൊരുക്കലാണ് ഈ അവാര്‍ഡ്. അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് അന്താരാഷ്ട്ര ശൈലിയിലാണ്. ഇതുമായി സഹകരിക്കാന്‍ തീരുമാനിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു ടീച്ചറെ ചുമതലപ്പെടുത്തുന്നു. ടീച്ചറുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ സാമൂഹ്യ സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നു. പൊതിച്ചോര്‍ വിതരണം, അഗതിമന്ദിര സന്ദര്‍ശനം, വിത്തു പേന നിര്‍മ്മാണവും വിതരണവും, പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, പുസ്തക വായനയും കുറിപ്പും തയ്യാറാക്കല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ട്. ഓരോന്നിനും നിശ്ചിത മണിക്കൂര്‍ കുട്ടിയുടെ പേരില്‍ ചേര്‍ക്കുന്നു. ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്യുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനതലത്തിലുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡിനു പുറമേ ഓരോ സ്‌കൂളിലും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്ത സിസ്റ്റര്‍ നിരഞ്ജനയ്ക്ക് ബെസ്റ്റ് കോര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡും ലഭ്യമായി. സിസ്റ്റര്‍ നിരഞ്ജനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ സഹായകരമായതായി അമ്മ റാണി അലക്‌സ് പറഞ്ഞു.

അവാര്‍ഡ് ലഭിച്ചു എന്നതിനേക്കാള്‍ പങ്കെടുക്കുന്ന കുട്ടികളുടെ ജീവിതത്തോടുള്ള സമീപനവും കാഴ്ചപ്പാടും മാറ്റാന്‍ കഴിയുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് റാണി വിലയിരുത്തുന്നു. സാമൂഹ്യ സേവനത്തിലുള്ള ഇടപെടല്‍ കുട്ടികളുടെ സ്വഭാവശൈലിയെ തന്നെ മാറ്റിമറിക്കുന്നുണ്ട്. തന്നെക്കാള്‍ എത്രയോ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ കഴിയുന്ന അനേകം കുട്ടികളും മറ്റു മനുഷ്യരും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് ലഭിക്കുന്നു. അവരെ സഹായിക്കേണ്ടതുണ്ട് എന്ന ബോധ്യം അവരില്‍ ജനിക്കുന്നു. കൂടുതല്‍ മികച്ച മനുഷ്യരായി മാറാന്‍ ഇതു കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നു. മത്സരത്തിന്റെ ഭാഗമായിട്ടല്ലാതെ തന്നെ ഇനിയും സാമൂഹ്യ സേവനം കഴിയുന്ന പോലെ തുടരണം എന്ന ബോധ്യത്തോടെയാണ് ഒരു വര്‍ഷത്തെ ഈ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടികള്‍ വിട പറയുന്നത്.

സേവന മനസ്‌കരായ ഒരു തലമുറയെ വളര്‍ത്തിയെടുക്കാനും അങ്ങനെ സമൂഹത്തെ കൂടുതല്‍ സഹനമുക്തമാക്കാനും കഴിയുമെന്ന പ്രത്യാശയാണ് ഫാ. ചിറമേലിനും അവാര്‍ഡിന്റെ സംഘാടകര്‍ക്കുമുള്ളത്.

  • -സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17